Skip to main content

കൊട്ടാരങ്ങളും തമ്പുകളും

സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗത്തില്‍ സുഖവാസത്തിനുള്ള മാളികകളും കൂടാരങ്ങളുമുണ്ട്. സര്‍വ സൗകര്യങ്ങളും സമ്മേളിച്ച മണിമേട കാണുമ്പോള്‍ ഏതൊരാളും കൊതിച്ചുപോകുന്നു. ''താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗപ്പൂന്തോപ്പിന് വിശിഷ്ടമായ പാര്‍പ്പിടങ്ങള്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട് എന്ന് അല്ലാഹു പറയുന്നു.

''സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു) (9:72).

അത്യുന്നത സൗധങ്ങളില്‍ ഇവര്‍ നിര്‍ഭയരായി വസിക്കുന്നു (34:37) മേല്‍ക്കുമേല്‍ തട്ടുകളുള്ള മണിമേടകള്‍ക്ക് താഴെ സുന്ദരമായ നദികള്‍ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കും. അല്ലാഹു പറയുന്നു: 'തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളുള്ള മണിമേടകളുള്ളത്. (39:20) ഈ മണിമേടകളെക്കുറിച്ച് നബി(സ) വിശദീകരിച്ചിട്ടുണ്ട്.

''സ്വര്‍ഗത്തില്‍, ഉള്ളില്‍നിന്ന് പുറം ഭാഗവും പുറത്ത് നിന്ന് ഉള്‍ഭാഗവും കാണുന്ന ചില മണിമേടകളുണ്ട്. ഇത് ഭക്ഷിപ്പിച്ചവര്‍ക്കും സൗമ്യമായി പെരുമാറിയവര്‍ക്കും നിരന്തരം വ്രതമനുഷ്ഠിച്ചവര്‍ക്കും ജനങ്ങള്‍ നിദ്രയിലായിരിക്കെ എഴുന്നേറ്റ് നമസ്‌കരിച്ചവര്‍ക്കുമായി അല്ലാഹു സജ്ജീകരിച്ചതാണ് (അഹ്മദ്, തുര്‍മുദി).

നബി(സ) പറഞ്ഞു. ''സ്വര്‍ഗവാസികള്‍ ശ്രേഷ്ഠത കാരണം ചിലര്‍ മറ്റു ചിലരുടെ മേലെയായിരിക്കും വസിക്കുന്നത്. ചക്രവാളത്തില്‍ കിഴക്കോ പടിഞ്ഞാറോ കത്തിജ്വലിക്കുന്ന നക്ഷത്രത്തെ കാണുന്നത് പോലെ താഴെയുള്ളവര്‍ മേലെയുള്ളവരെ കാണുന്നതായിരിക്കും.'' സ്വഹാബികള്‍ ചോദിച്ചു. ''അത് പ്രവാചകന്മാര്‍ക്ക് മാത്രമുള്ളതാണോ? മറ്റാര്‍ക്കും പ്രാപ്യമല്ലേ? തിരുനബി പറഞ്ഞു. അതെ, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ, അല്ലാഹുവില്‍  വിശ്വസിക്കുകയും പ്രവാചകന്മാരെ ആഗ്രഹിക്കുകയും ചെയ്തവര്‍ക്കും അത് പ്രാപിക്കാം (ബുഖാരി, മുസ്‌ലിം).

ചക്രവാളത്തില്‍ നക്ഷത്രങ്ങളെ കാണുന്നത് പോലെയാണ് സ്വര്‍ഗവാസികള്‍ അവിടെ മാളികകള്‍ കാണുകയെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. (ബുഖാരി, മുസ്‌ലിം). 

മണിമാളികകള്‍ക്ക് പുറമെ കൊച്ചു കൂടാരങ്ങളും ഉണ്ടായിരിക്കും അവിടെ. ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഓരോ തോപ്പിലും ഓരോ കൂടാരം വീതമാണ് ഉണ്ടായിരിക്കുക. അവിടെ സുന്ദരികളായ തരുണികളോടൊത്ത് ശയിക്കാനുള്ള അവസരവും ലഭിക്കുന്നു. അല്ലാഹു പറയുന്നു ''കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍'' (55:72). അറുപത് മൈല്‍ നീളവും അറുപത് മൈല്‍ വീതിയുമുള്ള ഉള്ളു പൊള്ളയായ ഒരൊറ്റ മുത്താണ് ഒരുകൂടാരം. നബി(സ) ഇപ്രകാരം പറഞ്ഞു.

''വിശ്വാസികള്‍ക്ക് സ്വര്‍ഗത്തില്‍ ഒറ്റ മുത്തിന്റെ ഉള്ളു പൊള്ളയായ കൂടാരങ്ങളുണ്ട്. അതിന്റെ നീളം അറുപത് മൈലാണ്. വിശ്വാസികള്‍ക്ക് ഇതില്‍ ഇണകളുണ്ട്. അവരുടെ തട്ടുകളിലെല്ലാം അദ്ദേഹം സമീപിക്കുന്നു. പക്ഷേ അവര്‍ പരസ്പരം കാണുകയില്ല (മുസ്‌ലിം).

സ്വര്‍ഗത്തില്‍ കൂടുതല്‍ വീടുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങളില്‍ ചിലത് റസൂല്‍(സ) പറഞ്ഞു. ''അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ആരെങ്കിലും പള്ളി നിര്‍മിച്ചാല്‍ അതുപോലെ അല്ലാഹു അവന് സ്വര്‍ഗത്തിലും നിര്‍മിച്ചു കൊടുക്കുന്നു'' (ബുഖാരി).

''രാവും പകലുമായി ആരെങ്കിലും പന്ത്രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചാല്‍ അവന്ന് അല്ലാഹു സ്വര്‍ഗത്തില്‍ ഒരുവീട് പണിയുന്നതാണ്'' (മുസ്‌ലിം).
 

Feedback