സ്വര്‍ഗത്തിന്റെ സവിശേഷതയായി ഖുര്‍ആന്‍ അനേകം സൂക്തങ്ങളിലായി എടുത്തു പറയുന്നത് താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഉദ്യാനങ്ങള്‍ എന്നുള്ളതാണ്. ''വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്തയറിയിക്കുക (2:25) വിശുദ്ധ ഖുര്‍ആനില്‍ നാലു തരം നദികളെ പ്രത്യേകം വിവരിച്ചിരിക്കുന്നു.
1) മണ്ണിന്റെയോ ചെളികളുടെയോ മറ്റ് വല്ലതിന്റെയുമോ കലര്‍പ്പ് ബാധിച്ചിട്ടില്ലാത്ത, രുചിഭേദമോ നിറമാറ്റമോ ഗുണവ്യത്യാസമോ സംഭവിക്കാത്തവ (47:15). കുതിച്ചൊഴുകുന്ന രണ്ട് ശക്തായ ജല പ്രവാവങ്ങളുമുണ്ട് (55:66)
2) രുചിഭേദമോ സ്വഭാവ മാറ്റമോ വന്നിട്ടില്ലാത്ത സാക്ഷാല്‍ പാലിന്റെ അരുവികള്‍. നബി(സ) പറഞ്ഞു. മൃഗങ്ങളുടെ അകിടുകളില്‍ നിന്നും പിഴിഞ്ഞെടുക്കപ്പെട്ടതല്ല, അത്. അല്ലാഹു പറയുന്നു ''സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ചവരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും (47:15).
3) കുടിക്കുന്നവര്‍ക്ക് ആനന്ദം നല്‍കുന്ന വീഞ്ഞിന്റെ ആറുകള്‍ (47:15). അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല (37:47). നബി (സ) അരുളി. പഴങ്ങള്‍ പിഴി ഞ്ഞെടുത്ത് അതിന്റെ സത്ത് മദ്യമായി ഉപയോഗിക്കുന്നതല്ല അത്.
4) സ്വഛവും ശുദ്ധവുമായ തേനിന്റെ പുഴകള്‍. നബി(സ) പറഞ്ഞു. ''അത് തേനീച്ചകളില്‍ നിന്ന് പിഴി ഞ്ഞെടുക്കുന്നതല്ല, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്''.
ഈ നാല് നദികള്‍ക്ക് പുറമെ സമുദ്രങ്ങളുണ്ട്. ഈ സമുദ്രങ്ങളില്‍ നിന്നാണ് അരുവികള്‍ പൊട്ടിയൊഴുകുന്നത്. ''തീര്‍ച്ചയായും സ്വര്‍ഗത്തില്‍ തേനിന്റെയും മരുന്നിന്റെയും പാലിന്റെയും വെള്ളത്തിന്റെയും സമുദ്രങ്ങളുണ്ട്. പിന്നീട് അതില്‍ നിന്ന് അരുവികള്‍ പൊട്ടിയൊഴുകുന്നു. (തിര്‍മിദി)
ഇവയ്ക്കു പുറമെ പരലോകത്ത് നബി(സ)ക്ക് നല്‍കുന്ന പ്രത്യേക അനുഗ്രഹമാണ് കൗഥര്‍ നദി. നബി (സ) ഇതിനെക്കുറിച്ച് പറഞ്ഞുതരുന്നു. ''ഞാന്‍ സ്വര്‍ഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ഞാനൊരു നദീതീരത്തെത്തി. അതിന്റെ തീരങ്ങളില്‍ ഉള്ളുപൊള്ളയായ വലിയ മുത്തുകളുടെ ഖുബ്ബകളുണ്ട്. ഞാന്‍ ചോദിച്ചു: ഇതെന്താണ് ജിബ്‌രില്‍? അദ്ദേഹം പറഞ്ഞു: ഇതാണ് താങ്കള്‍ക്ക് അല്ലാഹു നല്കിയിട്ടുള്ള കൗഥര്‍. അതിന്റെ മണ്ണ് സുഗന്ധപൂരിതമായ കസ്തൂരിയാണ് (ബുഖാരി). ''തീര്‍ച്ചയായും നിനക്ക് നാം ധാരാളമായ നേട്ടം നല്‍കിയിരിക്കുന്നു. (108:1) എന്ന അധ്യായം അവതരിച്ചപ്പോള്‍ അവിടുന്ന് ചോദിച്ചു. നിങ്ങള്‍ക്കറിയുമോ ഏതാണ് അല്‍കൗഥര്‍ എന്ന്? അവര്‍ പറഞ്ഞു. അല്ലാഹുവും തിരുദൂതരുമാണ് കൂടുതല്‍ അറിവുള്ളവര്‍. അവിടുന്ന് പറഞ്ഞു: അത് അല്ലാഹു എനിക്ക് വാഗ്ദാനം ചെയ്ത അരുവിയാണ്. അതിന്മേല്‍ ഒരുപാട് നന്മയുണ്ട്് (മുസ്‌ലിം). അതിലെ വെള്ളം പാലിനേക്കാള്‍ ശുഭ്രവും തേനിനേക്കാള്‍ മധുരമുള്ളതുമാണെന്ന് അവിടുന്ന് പറയുകയുണ്ടായി (അഹ്മദ്)
അരുവികളെ സംബന്ധിച്ച് പരാമര്‍ശിക്കുന്ന സൂക്തങ്ങളില്‍ ആരാമങ്ങളെക്കുറിച്ചും അല്ലാഹു പറയുന്നു. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവര്‍ക്കുള്ള അനുഗ്രഹങ്ങള്‍ എണ്ണിയിടത്ത് അല്ലാഹു പറഞ്ഞു ''തന്റെരക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. (55:46).
''പല തരം സുഖൈശ്വര്യങ്ങളുള്ള രണ്ട് (സ്വര്‍ഗത്തോപ്പുകള്‍). അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്(55:48). അവയ്ക്കു പുറമെ വേറെയും രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. കടും പച്ചയണിഞ്ഞ രണ്ട് തോപ്പുകള്‍, അവരണ്ടിലും കുതിച്ചൊഴുകന്ന രണ്ട് അരുവികളുണ്ട് (55:62, 64,66).