Skip to main content

കട്ടിലുകളും പരവതാനികളും

സ്വര്‍ഗവാസികളുടെ ഹിതമനുസരിച്ച് കൊട്ടാരങ്ങളിലും കുടീരങ്ങളിലും ആരാമങ്ങളിലും മറ്റും ഉല്ലസിക്കാനും സല്ലപിക്കാനും പാകത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ അറിയിക്കുന്നുണ്ട്. അവയില്‍ ഭാര്യമാരോടും ഹൂറുകളോടും സുഹൃത്തുക്കളോടുമൊന്നിച്ച് അഭിമുഖമായി ഇരുന്ന് സല്ലപിക്കാനും കാഴ്ചകള്‍ കാണാനും സൗകര്യപ്പെടുന്നു.

''അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും അണിയായി വെക്കപ്പെട്ട തലയിണകളും വിരിച്ചു വെക്കപ്പെട്ട പരവതാനികളുമുണ്ട്'' (88:13-16).

അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു'' (55:54).

''പച്ചനിറമുള്ള തലയിണകളിലും അഴകുള്ള പരവതാനികളിലും ചാരിക്കിടക്കുന്നവരായിരിക്കും അവര്‍. (55:76).

''സ്വര്‍ണനൂലു കൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും അവര്‍. അവയില്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും'' (56:15,16).

അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. (36:56). വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും. (52:20).

സ്വര്‍ഗവാസികള്‍ അവര്‍ക്ക് പ്രിയപ്പെട്ട ജോലികളില്‍ വ്യാപൃതരായിരിക്കുമെങ്കിലും അവര്‍ക്ക് ക്ഷീണമോ മടുപ്പോ ബാധിക്കുകയില്ല. അവര്‍ക്കവിടെ ഉല്ലസിക്കാനും ആനന്ദിക്കാനുമുള്ള അവസരങ്ങള്‍ അലംകൃതമായ സോഫകളില്‍ ചാരിയിരുന്നുകൊണ്ട് അവര്‍ ഉപയോഗപ്പെടുത്തും.
 

Feedback