Skip to main content

റസൂല്‍

റസൂല്‍ എന്ന പദത്തിനര്‍ത്ഥം അയക്കപ്പെട്ടയാള്‍, നിയുക്തന്‍, ദൂതന്‍ എന്നെല്ലാമാണ്. സബഇലെ രാജ്ഞിയുടെ വാക്കുകള്‍ ഉദ്ധരിക്കവെ സുലൈമാന്‍ നബി(അ)യുടെ അടുത്തേക്ക് ദൂതന്മാരെ അയച്ച കാര്യം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. 

''ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോകുകയാണ്'' (27:35).

ഏതെങ്കിലും ഒരു സമൂഹത്തിന് ദൈവിക സന്ദേശങ്ങള്‍ നല്കാനായി അല്ലാഹു തെരഞ്ഞെടുത്ത് നിയോഗിച്ച നബിയെയാണ് റസൂല്‍ എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. റസൂലുമാര്‍ അല്ലാഹു നിയോഗിച്ച പ്രത്യേക ദൂതന്മാരാണ്. അല്ലാഹു പ്രത്യേകമായി തിരഞ്ഞെടുക്കുകയും നിയോഗിക്കുകയും ചെയ്തവര്‍ എന്ന നിലക്ക് റസൂലുമാര്‍ക്ക് (അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക്) ആദരണീയ സ്ഥാനവും പദവിയുമുണ്ട്. ദൈവികസന്ദേശങ്ങളുടെ പ്രബോധനവും പ്രചാരണവും നിര്‍വ്വഹിക്കാന്‍ റസൂലുമാര്‍ (ദൂതന്മാര്‍) ഒരു പരമ്പരപോലെ അയക്കപ്പെടുകയായിരുന്നു. അല്ലാഹു പറയുന്നു. ''പിന്നെ നാം നമ്മുടെ ദൂതന്മാരെ തുടരെതുടരെ അയച്ചുകൊണ്ടിരുന്നു'' (23:44).

ദൂതന്മാരുടെ ശൃംഖലയാണ് വ്യത്യസ്തകാലങ്ങളില്‍, ഭിന്ന ദേശങ്ങളില്‍ ദൈവികസന്ദേശം പ്രബോധനം ചെയ്തത്. പ്രവാചകന്മാരുടെ നിയോഗം തുടരെത്തുടരെ സംഭവിച്ചപ്പോഴാണ് ദൗത്യനിര്‍വ്വഹണം ഭിന്നകാലഘട്ടങ്ങളില്‍ സാധ്യമായത്. തുടരെത്തുടരെ വരുന്നത് എന്നര്‍ത്ഥത്തില്‍ 'റസല്‍' എന്ന വാക്ക് പ്രയോഗിക്കാറുണ്ട്. ജാഅതില്‍ ഇബ്‌ലു റസലാ (ഒട്ടകങ്ങള്‍ ഓരോന്നോരോന്നായിവന്നു) എന്ന ഒരു പ്രയോഗം അറബിയിലുണ്ട്. 

സ്വര്‍ഗത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നവരും (ബശീര്‍) നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരുമായിട്ടാണ് (നദീര്‍) ഈ ദൂതന്മാരെ നിയോഗിച്ചത്. സന്തോഷവാര്‍ത്തയും (തബ്ശീര്‍) താക്കീതും (ഇന്‍ദാറും) ആണ് പ്രബോധന ദൗത്യത്തിന്റെ കാതല്‍.  മുഹമ്മദ് നബി(സ)യെ ലോകര്‍ക്കാകമാനം പ്രവാചകനായി നിയോഗിച്ചതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു.

''നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനും ആക്കികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്'' (34:28).

നബി, റസൂല്‍ എന്നീ പദങ്ങളുടെ നേര്‍ക്കുനേരെയുള്ള ആശയമല്ല പ്രവാചകന്‍ എന്നത്. പ്രവാചകന്‍ എന്ന മലയാള പദത്തിന്റെ ആശയം വിസ്തരിച്ചു പറയുന്നവന്‍, ദീര്‍ഘദര്‍ശി എന്നെല്ലാമാണ്. ഭാവി പ്രവചനം നടത്തുന്നയാള്‍ എന്നും പറയാം. അല്ലാഹുവില്‍ നിന്ന് ലഭ്യമായ അറിവനുസരിച്ച് വരാനിരിക്കുന്ന ലോകത്തെപ്പറ്റി (പരലോകം) വിവരമറിയിക്കുവാന്‍ നിയുക്തനായവന്‍ എന്ന അര്‍ഥത്തിലായിരിക്കാം ആ പ്രയോഗത്തിന് പ്രചാരം വന്നുഭവിച്ചത്. അല്ലാതെ ഭാവികാര്യങ്ങള്‍ പ്രവചിക്കുന്നയാള്‍ എന്നര്‍ഥത്തിലല്ല റസൂലിന് പ്രവാചകന്‍ എന്ന് മൊഴിമാറ്റം നടത്തുന്നത്.

ചരിത്രകാരന്മാരും മതപണ്ഡിതന്മാരുമായ ഇബ്‌നുഖല്‍ദൂന്‍, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ മുതലായവരൊക്കെ സൂഫിസത്തിന്റെ പദനിഷ്പത്തിയുമായി ബന്ധപ്പെട്ട് ഈ ഒടുവില്‍ പറഞ്ഞ അഭിപ്രായത്തെയാണ് ശരിവെക്കുന്നത്.
 

Feedback