Skip to main content

പ്രവാചകന്മാരുടെ എണ്ണം

നിയുക്തരായ പ്രവാചകന്മാരുടെ എണ്ണത്തെക്കുറിച്ച് ഖണ്ഡിതമായി വിശുദ്ധ ഖുര്‍ആനിലോ ഹദീസിലോ പ്രാമാണിക ഗ്രന്ഥങ്ങളിലോ പ്രസ്താവിച്ചിട്ടില്ല. ഖുര്‍ആനിലും ഹദീസിലും കുറെ പ്രവാചകന്മാരെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. ഏതാനും പേരുടെ ചരിത്രവും നമുക്ക് ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നു

''നിനക്ക് മുമ്പ് നാം വിവരിച്ചുതന്നിട്ടുള്ള ദൂതന്മാരെയും നിനക്ക് നാം വിവരിച്ചു തന്നിട്ടില്ലാത്ത ദൂതന്മാരെയും നാം നിയോഗിച്ചിട്ടുണ്ട് (4:164). 


നിനക്ക് മുമ്പ് നാം പലദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചു തന്നിട്ടില്ല (40:78).

അബൂദര്‍റ്(റ) നബി(സ)യോട് മുര്‍സലുകള്‍ (ദൂതന്മാര്‍) എത്ര എന്ന് ചോദിച്ചപ്പോള്‍ നബി(സ) എണ്ണം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ടെങ്കിലും അവ പ്രബലമല്ല. നൂഹ് നബി(അ)യുടെ ജനത, ആദ്, സമൂദ് വിഭാഗങ്ങള്‍ അവര്‍ക്ക് ശേഷമുണ്ടായിരുന്നവര്‍ തുടങ്ങിയവരുടെ വൃത്താന്തം നിങ്ങള്‍ക്കും വന്നെത്തിയില്ലേ എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന ആയത്തില്‍ (ഇബ്‌റാഹീം:9)  അവര്‍ക്കുശേഷമുണ്ടായിരുന്നവര്‍ എന്ന് പറഞ്ഞതിനുശേഷം അല്ലാഹുവല്ലാതെ (മറ്റാരും) അവരെക്കുറിച്ച് കൃത്യമായി അറിയുകയില്ല എന്നു പറയുന്നത് കാണാം. മനുഷ്യകുലത്തിലെ ഇന്നോളമുള്ള ജനതതികളെക്കുറിച്ചു സൂക്ഷ്മജ്ഞാനം (അവയുടെയും അവര്‍ക്ക് വന്ന പ്രവാചകരുടെയും എണ്ണം, അവരുടെ കാലം തുടങ്ങിയകാര്യങ്ങള്‍) അല്ലാഹുവിനെ  ഉള്ളൂ എന്ന് ഈ വചനം വ്യക്തമാക്കുന്നു.

എല്ലാ സമുഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ട്. അല്ലാഹു പറയുന്നു. ''ഒരു താക്കീതുകാരന്‍ കഴിഞ്ഞു പോകാത്ത ഒരു സമുദായവുമില്ല '' (35:24).

ഏതൊരു സമൂഹത്തിനും അല്ലാഹു ശിക്ഷയുടെ നടപടിക്രമം സ്വീകരിക്കുന്നത് അവരിലേക്ക് രക്ഷാശിക്ഷകളുടെ മാര്‍ഗം വെളിപ്പെടുത്തിക്കൊടുക്കുന്ന പ്രവാചകന്മാരുടെ നിയോഗങ്ങള്‍ക്ക്‌ശേഷമാണ്. പ്രവാചകന്മാരുടെ ഉദ്‌ബോധനത്താല്‍ രക്ഷയുടെ മാര്‍ഗം സ്വീകരിക്കാന്‍ അവസരമുണ്ടായിട്ടും അതിനെ തൃണവല്‍ഗണിച്ച് തിന്മയുടെ വഴി തിരഞ്ഞെടുത്ത അഹങ്കാരികള്‍ക്കാണ് ശിക്ഷ അനുഭവിക്കേണ്ടിവരിക എന്ന് അല്ലാഹു പഠിപ്പിക്കുന്നു. ഒരു ദൂതനെ അയക്കുന്നതുവരെ നാം ആരെയും ശിക്ഷിക്കുന്നതല്ല (17:15)
 

Feedback