ദൈവികസന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനായി അല്ലാഹു തെരഞ്ഞെടുത്തയക്കുന്ന ദൂതന്മാരാണ് പ്രവാചകന്മാര്‍. ഈ ദൂതന്മാരെ, നബിമാര്‍ എന്നു വിളിക്കുന്നു.
നബി എന്ന പദം നിഷ്പന്നമായത് വാര്‍ത്ത എന്നര്‍ത്ഥമുള്ള നബഅ് എന്ന പദത്തില്‍ നിന്നാണ് (ലിസാനുല്‍അറബ് 3:561)
അല്ലാഹു പറയുന്നു: എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്? ആ മഹത്തായ വൃത്താന്തത്തെപ്പറ്റി ആണത്. (78:1,2). അല്ലാഹുവിങ്കല്‍ നിന്ന് വൃത്താന്തങ്ങള്‍ അറിയിക്കപ്പെട്ട ആള്‍ നബി അഥവാ ദൂതന്‍ എന്ന് വിളിക്കപ്പെടുന്നു. അല്ലാഹുവില്‍ നിന്നുള്ള വാര്‍ത്തകള്‍ നബിക്ക് വഹ്‌യ് (ദിവ്യബോധനം) ആയി നല്‍കും. അല്ലാഹു പറയുന്നു: അവര്‍ (നബിയുടെ ഭാര്യ) അവിടുത്തോട് ചോദിച്ചു 'താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചുതന്നത്? നബി(സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത് (66:3) 'നബഅ്' (വൃത്താന്തം) എന്നതിന്റെ ക്രിയാരൂപമായ 'നബ്ബഅ' വിവരമറിയിക്കുക എന്ന അര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്. ''(നബിയേ) ഇതാ: ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്മാരെ വിവരമറിയിക്കുക''(15:49).
ഇബ്‌റാഹീമിന്റെ അടുത്തുവന്ന അതിഥികളെപ്പറ്റി നീ അവരെ വിവരമറിയിക്കുക (15:51).
നുബൂവ്വത്ത് എന്ന പദം നബ്‌വത്ത് എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണെന്ന് ഭാഷാ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. സാധാരണയില്‍നിന്ന് ഉന്നതമായത്, ഭൂമിയില്‍ നിന്നുയര്‍ന്ന സ്ഥലം എന്നീ അര്‍ത്ഥങ്ങള്‍ക്കെല്ലാം 'നബ്‌വത്ത്' എന്ന് പ്രയോഗിക്കും. പ്രവാചകത്വം (നുബൂവ്വത്ത്) എന്ന ഉയര്‍ന്ന പദവി വഹിക്കുന്നതുവഴി നബിമാര്‍ സാധാരണ മനുഷ്യരേക്കാള്‍ ശ്രേഷ്ഠരാണ്.