മറ്റേതു മനുഷ്യരേക്കാളും ശ്രേഷ്ഠ പദവിയിലുള്ളവരാണ് പ്രവാചകന്‍മാര്‍. ത്യാഗ നിര്‍ഭരവും ക്ലേശ പൂരിതവുമായ ദൗത്യമാണ് പ്രവാചകത്വം. അതിന് പ്രാപ്തരും യോഗ്യരുമായവരെ അല്ലാഹു തെരഞ്ഞെടുക്കുന്നു. അല്ലാഹു പറയുന്നു: ആ ദൂതന്മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരേക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു (നേരില്‍) സംസാരിച്ചിട്ടുള്ളവര്‍ അവരിലുണ്ട്. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്കുയര്‍ത്തിയിട്ടുണ്ട്.
പ്രവാചകന്മാരില്‍ ഏറ്റവും ശ്രേഷ്ഠര്‍ ദൃഢമനസ്‌കര്‍ (ഉലൂല്‍അസ്മ്) എന്നറിയപ്പെടുന്ന അഞ്ചു പ്രവാചകന്മാരാകുന്നു. മുഹമ്മദ് നബി(സ), നൂഹ്(അ), ഇബ്‌റാഹീം(അ), മൂസ(അ), ഈസാ(അ) എന്നിവരാണ് ആ അഞ്ചുപേര്‍. അല്ലാഹു പറയുന്നു: ''ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക'' (46:35).
ഈ അഞ്ച് പ്രവാചകന്മാരുടെ പേരുകള്‍ പല സ്ഥലങ്ങളിലായി ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്:
മര്‍യമിന്റെ മകന്‍ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിനു നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട് (2:253).
നൂഹിനോടു കല്പിച്ചതും, നിനക്കു നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്പിച്ചതുമായ കാര്യം, നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം അവന്‍ നിങ്ങള്‍ക്ക് മത നിയമമായി നിശ്ചയിച്ചിരിക്കുന്നു (42:13).
ഒരു ജനതയിലേക്ക് നിയോഗിക്കപ്പെട്ട ആദ്യത്തെ പ്രവാചകന്‍ എന്ന പദവി നൂഹ്‌നബിക്കാണുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമേറെ പ്രതിപാദിക്കപ്പെട്ട പ്രവാചകന്റെ ചരിത്രം മൂസനബി(അ)യുടെതാണ്. അല്ലാഹുവിനോട് നേരിട്ട് സംസാരിച്ച പ്രവാചകന്‍ എന്ന ശ്രേഷ്ഠതകൂടി മൂസാനബി(അ)ക്കുണ്ട്. അത് കൂടാതെ തൗറാത്ത് നല്‍കികൊണ്ട് അല്ലാഹു മൂസാ നബിയെ(അ) ശ്രേഷ്ഠനാക്കി. തൗറാത്തിനെ ശരിവെക്കുന്ന ഗ്രന്ഥമായ ഇന്‍ജീല്‍ അവതരിപ്പിച്ച് ഈസാനബിക്ക് അല്ലാഹു ശ്രേഷ്ഠത നല്‍കി. ഇബ്‌റാഹീം നബി(അ)യെ ജനങ്ങളുടെ നേതാവാക്കിയും അല്ലാഹുവിന്റെ കൂട്ടുകാരനാക്കിയുമാണ് ശ്രേഷ്ഠപദവി നല്‍കിയത്.
മുഹമ്മദ് നബി(സ)യെ ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും ദൂതനായി നിയോഗിച്ചതിലൂടെ അല്ലാഹു അദ്ദേഹത്തിന് ശ്രേഷ്ഠമായ പദവി നല്‍കിയിരിക്കുന്നു. അന്ത്യനാള്‍ വരെയുള്ള മാനവകുലത്തിന് ആകമാനം മാര്‍ഗദര്‍ശകമായിട്ടുള്ള വിശുദ്ധ വേദഗ്രന്ഥം നബിക്ക് അവതരിപ്പിച്ചുകൊടുത്തു എന്നത് അദ്ദേഹത്തിനുള്ള ശ്രേഷ്ഠതക്ക് തെളിവാണ്.
അസ്മ് എന്ന അറബി പദത്തിനര്‍ത്ഥം ശക്തി, സ്ഥിരത, നിശ്ചയദാര്‍ഢ്യം എന്നൊക്കെയാണ്. ഉലുല്‍അസ്മ് എന്ന പദവിക്കര്‍ഹരായ അഞ്ചു പ്രവാചകന്മാരുടെ പ്രബോധനവും ജീവിതവും പരിശോധിച്ചാല്‍ ക്ഷമയുടെയും ആദര്‍ശസ്ഥിരതയുടെയും മനോധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തില്‍ മികച്ച മാതൃകകളായിരുന്നു അവരൊക്കെയും എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉലുല്‍അസ്മ് ക്ഷമിച്ചതുപോലെ ക്ഷമിക്കുക എന്ന് അല്ലാഹു ഉപദേശിക്കുന്നതിന്റെ അര്‍ത്ഥവും അതുതന്നെയാണ്.
ദൈവദൂതന്‍മാരില്‍ ചിലര്‍ക്ക് പ്രത്യേക പദവികള്‍ നല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞതോടൊപ്പം 'ദൈവദൂതര്‍ക്കിടയില്‍ ഞങ്ങള്‍ യാതൊരു വിവേചനവും കാണിക്കുകയില്ല (2:285) എന്ന് പറയാന്‍ വിശ്വാസികളോട് നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു.