Skip to main content

പവിത്രമാക്കപ്പെട്ട റജബ് മാസം

 ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത് (ഖുര്‍ആന്‍ 9:36).

പവിത്രമാക്കപ്പെട്ട നാലു മാസങ്ങള്‍ ഏതാണെന്ന് പ്രവാചകന്‍ വിശദീകരിച്ചു. അബൂബക്ര്‍(റ) പറയുന്നു. ''ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാസങ്ങളാണ്. അവയില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവയാണ്. നാലാമത്തേത് ജുമാദക്കും ശഅബാനിനും ഇടയിലുള്ള റജബുമാണ്''.

പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ഏറെ പ്രതിഫലമുണ്ട്. അതോടൊപ്പം തിന്മകള്‍ക്ക് വലിയ ശിക്ഷയുമുണ്ട്. ഇതാണ് സൂറത്തു തൗബയില്‍ 'നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കരുത് എന്ന് അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യമായി പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത്. ഇബ്നു അബ്ബാസ്(റ) പറയുന്നു: 'എല്ലാ മാസങ്ങളിലും അപ്രകാരം തന്നെ. എന്നാല്‍ ആ നാല് മാസങ്ങളെ പ്രത്യേകമായി എടുത്തു പറയുകവഴി അവയെ പവിത്രമാക്കുകയും അവയുടെ പവിത്രതയെ അങ്ങേയറ്റം മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ആ മാസങ്ങളില്‍ പാപം ചെയ്യുന്നത്  കൂടുതല്‍ ഗൗരവതരവും  അനുഷ്ഠിക്കപ്പെടുന്ന സല്‍ക്കര്‍മങ്ങള്‍ കൂടുതല്‍ പ്രതിഫലാര്‍ഹവും ശ്രേഷ്ഠകരവുമാണ്'' (ഇബ്നുകസീര്‍, സൂറ: അത്തൗബ 36).

അല്ലാഹു പവിത്രമാക്കിയതിനെ ആ പവിത്രതയോടെ തന്നെ സ്വീകരിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമായ മാസം, തിന്മകള്‍ കഠിനമായി വിലക്കപ്പെട്ടതും നന്മകള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കപ്പെട്ടതുമായ മാസങ്ങളിലൊന്ന് എന്നതൊഴിച്ചാല്‍ പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചാരങ്ങളോ റജബ് മാസത്തില്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല.
 
റജബ് ഇരുപത്തി ഏഴിനാണ് ഇസ്റാഉം മിഅ്റാജും ഉണ്ടായത് എന്ന് സങ്കല്പിച്ചുകൊണ്ട് ആ ദിവസം 'മിഅ്റാജ് നോമ്പ്' എന്ന പേരില്‍ ചിലര്‍ നോമ്പനുഷ്ഠിക്കാറുണ്ട്. എന്നാല്‍ റസൂലിന്റെ ജീവിതത്തിലെ ഈ മഹത്തായ സംഭവം എന്നാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല. 

'ഈ സംഭവം ഏതുമാസത്തിലെന്നോ ഏതു ദിവസമെന്നോ തിട്ടപ്പെടുത്താവുന്ന പ്രാമാണിക രേഖകള്‍ ഒന്നുമില്ല' (സാദുല്‍മആദ്). റജബിന്റെ മഹത്വം പറയുന്ന എല്ലാ റിപ്പോര്‍ട്ടുകളും വ്യാജമാണ് എന്ന് ഇമാം ഇബ്നുതൈമിയ പറയുന്നു   (മജ്മൂഉല്‍ ഫാതവാ 25/290). 

റജബ് മാസത്തിന്റെ മഹത്വമോ അതിലെ ഏതെങ്കിലും ദിവസത്തിലെ നോമ്പോ നമസ്‌കാരമോ പ്രത്യേകമായി പുണ്യകരമാക്കുന്നതോ ആയ ഒരു റിപ്പോര്‍ട്ടും അവലംബനീയമായി വന്നിട്ടില്ല എന്ന് ഹാഫിദ് ഇബ്നു ഹജര്‍ വ്യക്തമാക്കുന്നു (തബയീനുല്‍ അജബി ബിമാ വറദ ഫീ ശഹ്രി റജബ്, പേ: 11). 

റജബ് മാസത്തില്‍ മിഅ്റാജ് ആഘോഷത്തിനോ അതിന്റെ പേരില്‍ നോമ്പനുഷ്ഠിക്കുന്നതിനോ യാതൊരു അടിസ്ഥാനവുമില്ല. മറ്റു മാസങ്ങളിലുള്ളതിനെക്കാള്‍ പുണ്യകരമായ ഒരു നോമ്പും റജബില്‍ ഇല്ല. റജബ് 27 ന്റെ വ്രതത്തിനോ ആരാധനകള്‍ക്കോ യാതൊരു അടിസ്ഥാനവുമില്ല (മജ്മൂഉല്‍ഫതാവാ, ഇബ്നു ഉസൈമീന്‍ 20/440).

റജബ് മാസവുമായി ബന്ധപ്പെട്ട സ്വലാതുര്‍റഗാഇബ് അടക്കമുള്ള മറ്റു കര്‍മങ്ങള്‍ക്കും പ്രമാണത്തിന്റെ പിന്‍ബലമില്ല (ഇമാം നവവീ, അല്‍ മജ്മൂഅ് 3:538).
 
പ്രവാചകന്‍ പറഞ്ഞു: നമ്മുടെ ഈ മതത്തില്‍പ്പെടാത്തതായ ഒന്നിനെ ആരെങ്കിലും പുതുതായി നിര്‍മിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ് (ബുഖാരി, മുസ്‌ലിം).
 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446