Skip to main content

താജുല്‍ മസാജിദ്

ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍ പള്ളികളുടെ കിരീടം. ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണിത്. വാസ്തുകലയിലെ വിസ്മയമായ ഈ മസ്ജിദ് നീണ്ട 87 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

Tajul Masajid, Boppal

1844ല്‍ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷ സഫറിന്റെ കാലത്താണ് ഈ പള്ളി നിര്‍മാണം ആരംഭിക്കുന്നത്. ഭോപ്പാല്‍ നാട്ടുരാജ്യത്തിലെ നവാബ് ഷാജഹാന്‍ ബീഗമാണ് ഈ പള്ളി നിര്‍മിക്കുന്നത്. 1818 മുതല്‍ 1926 വരെ, 100 വര്‍ഷത്തിലേറെയായി ഭോപ്പാല്‍ ഭരിച്ചത് രാജവംശത്തിലെ സ്ത്രീകളായിരുന്നു. അവരെ നവാബ് ബീഗം എന്ന് വിളിച്ചിരുന്നു. നവാബ് ഖുദ്‌സിയ ബീഗമായിരുന്നു ആദ്യത്തേത്. 

നവാബ് ബീഗത്തിന്റെ ജീവിതകാലത്ത് അവര്‍ക്ക് പള്ളിയുടെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അവരുടെ മകള്‍ സുല്‍ത്താന്‍ ജഹാന്‍ നവാബും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 1857ല്‍ ഒന്നാം സ്വാതന്ത്ര്യ സമരം ആരഭിച്ചതോടെ പള്ളിയുടെ നിര്‍മാണം നിലച്ചു. പിന്നീട് ഒരു നൂറ്റാണ്ടിനു ശേഷം 1971ല്‍ അല്ലാമാ മുഹമ്മദ് ഇംറാന്‍ ഖാന്‍ നദ്‌വി അസ്ഹരി, മൗലാനാ സയ്യിദ് ഹാഷ്മത്ത് അലി സാഹിബ് എന്നിവരുടെ പ്രയത്‌നഫലമായി പുനര്‍നിര്‍മാണം ആരംഭിച്ചു. 1985ല്‍ ഇതിന്റെ പണി പൂര്‍ത്തിയായി. ഇതിന്റെ പ്രധാന കവാടം നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയത് കുവൈത്ത് അമീര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മരണപ്പെട്ട ഭാര്യയുടെ ഓര്‍മയ്ക്കായാണ് സംഭാവന നല്കിയത്. 

മുഗള്‍വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ഇതിന്റെ നിര്‍മാണം. മാര്‍ബിള്‍ താഴികക്കുടങ്ങളുള്ള 18 നിലകളുള്ള രണ്ട് അഷ്ടഭുജാകൃതിയിലുള്ള മിനാരങ്ങള്‍, ആകര്‍ഷകമായ തൂണുകളുള്ള ഒരു പ്രധാന ഇടനാഴി, ഡല്‍ഹിയിലെ ജുമാ മസ്ജിദ്, ലാഹോറിലെ ബാദ്ഷാഹി മസ്ജിദ് എന്നിവയ്ക്ക് സമാനമായ മാര്‍ബിള്‍ നിലം എന്നിവയാണ് പള്ളിയുടെ മുകളില്‍. ഇതിന് നടുവില്‍ വലിയ വുദു ടാങ്കുള്ള നടുമുറ്റമുണ്ട്. ഹാളിലെ കൂറ്റന്‍ തൂണുകള്‍ക്ക് 27 മേല്‍തട്ട് കമാനങ്ങളുണ്ട്. 1,75,000 പേര്‍ക്ക് അകത്തും പുറത്തും മുറ്റത്തുമായി പ്രാര്‍ഥന നടത്തുവാനുള്ള വിശാലതയുണ്ട് ഈ മസ്ജിദിന്.

താജുല്‍ മസാജിദ് ഈ മസ്ജിദ് സമുച്ചയത്തിന്റെ ഭാഗമാണ് ദാറുല്‍ ഉലൂം. താജുല്‍ മസാജിദ് പൂര്‍ത്തിയാകാത്ത അവസ്ഥയിലായിരിക്കെ, 1950ലാണ് ഈ ഉന്നത മതപഠന സ്ഥലം ഉദ്ഘാടനം ചെയ്തത്.

Tajul Masajid, Boppal

പ്രധാന മസ്ജിദിന് പുറത്തായി, എന്നാല്‍ മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ഒരു ലൈബ്രറിയും ചെറിയ മ്യൂസിയവുമുണ്ട്. ഇവിടെ മദ്രസ തുടങ്ങുന്നതില്‍ പ്രധാന പങ്കുവഹിച്ച സുലൈമാന്‍ നദ്‌വിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 28 വിഷയങ്ങളിലായി ഏകദേശം 20,000 പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്.

25,000 പേരെ ഉള്‍ക്കൊള്ളുന്ന ന്യൂഡല്‍ഹിയിലെ ജുമാ മസ്ജിദ്, 1694ല്‍ നിര്‍മിച്ച 10,000 പേരെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഹൈദരാബാദിലെ മക്കാ മസ്ജിദ്, 33,000 പേരെ ഉള്‍കൊള്ളുന്ന ശ്രീനഗറിലെ ജാമിഅ മസ്ജിദ്, 1784ല്‍ നിര്‍മിച്ച ലഖ്‌നോവിലെ ബറാ ഇമംബറ, 1838ല്‍ നിര്‍മിച്ച ലഖ്‌നോവിലെ ചോട്ടാ ഇമംബറ, ബിലാഇലെ ജമാ മസ്ജിദ്, ആഗ്രയിലെ നഗിന മസ്ജിദ്, ആഗ്രയിലെ ജമാ മസ്ജിദ് തുടങ്ങിയവയും ഇന്ത്യയിലെ പഴക്കമുള്ള വലിയ മസ്ജിദുകളാണ്. 
 

Feedback