Skip to main content

ഇന്ത്യയിലെ ആദ്യത്തെ നാഷനല്‍ ഹൈവേ (NH-1)

ന്യുഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലെ പാകിസ്താന്‍ ബോര്‍ഡറിലെ അഠാരിയിലേക്കുള്ള പാതയാണ് ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ ഹൈവേ (എന്‍.എച്ച് 1). ഷേര്‍ഷാ സൂരി മാര്‍ഗ് എന്നും ഈ പാതയ്ക്ക് പേരുണ്ട്. സൂരി രാജവംശത്തിന്റെ സ്ഥാപകനായ ഷേര്‍ഷാ സൂരി ആധുനിക ലോകത്തെ അഞ്ച് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മിച്ചിരുന്നു. അതിന്റെ ഒരു ഭാഗമാണ് നിലവിലെ എന്‍.എച്ച് 1. അതിനാലാണ് ഈ പേര് ലഭിച്ചിരിക്കുന്നത്.

NH 1

ഷേര്‍ ഷാസൂരി, ഗംഗാ സമതലത്തിലൂടെ കടന്നുപോകുന്ന രീതിയിലാണ് പാത നിര്‍മിച്ചത്. 'സഡകെ ആസം' എന്നറിയപ്പെട്ടിരുന്ന ആ പാതയുടെ നീളം 2500 കിലോമീറ്ററില്‍ (1600 മൈല്‍) അധികമായിരുന്നു. ചിറ്റഗോങ്ങില്‍ നിന്നു തുടങ്ങി മധ്യ ബംഗ്ലാദേശിലെ നാരായംഗഞ്ച് ജില്ലയിലെ സോനാര്‍ഗാവ്, ഹൗറ, ബര്‍ധമാന്‍, പനഗര്‍, ദുര്‍ഗാപൂര്‍, അസന്‍സോള്‍, ധന്‍ബാദ്, ഔറംഗബാദ്, ഡെഹ്‌രി-ഓണ്‍-സോണ്‍, സസാരാം, മൊഹാനിയ, മുഗള്‍സരായ് എന്നിവിടങ്ങളിലൂടെ ഇന്ത്യയിലെത്തുന്നു. 

വാരണാസി, അലഹബാദ്, കാണ്‍പൂര്‍, കലിയാന്‍പൂര്‍, കനൗജ്, ഈറ്റാ, അലിഗഡ്, ഗാസിയാബാദ്, ഡല്‍ഹി, പാനിപ്പത്ത്, കര്‍ണാല്‍, അംബാല, ലുധിയാന, ജലന്ധര്‍, അമൃത്സര്‍ നഗരങ്ങളെയും ഈ പാത ബന്ധിപ്പിക്കുന്നു. ഇന്ത്യയ്ക്കുള്ളില്‍, റോഡിന്റെ പ്രധാന ഭാഗം, ഹൗറ മുതല്‍ കാണ്‍പൂര്‍ വരെ നീളുന്ന ദേശീയ പാതയാണ് NH-2. കാണ്‍പൂര്‍ മുതല്‍ ഡല്‍ഹി വരെ നാഷണല്‍ ഹൈവേ 91 എന്നറിയപ്പെടുന്നു. ഡല്‍ഹിക്കും വാഗയ്ക്കും ഇടയില്‍ പാകിസ്താന്റെ അതിര്‍ത്തിയിലുള്ള ദേശീയ പാത NH-1 എന്നുമറിയപ്പെടുന്നു. ചിറ്റഗോങ്ങില്‍ നിന്ന് തുടങ്ങി  പാകിസ്താന്‍ അതിര്‍ത്തിയിലുടെ ഗ്രാന്‍ഡ് ട്രങ്ക് റോഡ് NH-5 ന്റെ ഭാഗമാണ്. ലാഹോര്‍, ഗുജ്‌റന്‍വാല, ഗുജറാത്ത്, ഝലം, റാവല്‍പിണ്ടി, അറ്റോക്ക് ഡിസ്ട്രിക്റ്റ്, നൗഷേര, പെഷവാര്‍, ലാന്‍ഡി കോട്ടാല്‍ എന്നിവിടങ്ങളിലൂടെ വടക്ക് ഭാഗത്തേക്കും പിന്നീട് ഖൈബര്‍ ചുരത്തിലൂടെ അഫ്ഗാനിസ്താനില്‍ പ്രവേശിച്ച് ജലാലാബാദ്, സുറോബി വഴി പടിഞ്ഞാറോട്ട് പോയി കാബൂളില്‍ അവസാനിക്കുന്നു. അഫ്ഗാന്റെ ഗ്രാന്‍ഡ് ട്രങ്ക് റോഡിന്റെ ഒരു വലിയ ഭാഗം ഇന്ന് ജലാലാബാദ്-കാബൂള്‍ റോഡിന്റെ ഭാഗമാണ്.

ഷേര്‍ ഷാസൂരിയുടെ വിശാലമായ സാമ്രാജ്യത്തില്‍ വിദൂര പ്രവിശ്യകളിലേക്കുള്ള ഭരണപരമായ ലിങ്കായിരുന്നു ഈ പാത. നൂറ്റാണ്ടുകളായി, കാബൂളിലേക്കും മുള്‍ട്ടാനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിപ്പിച്ചു കൊണ്ട് വിവിധ ഭരണാധികാരികള്‍ ഈ പാതയുടെ വിസ്തൃതി കൂട്ടി. പിന്നീട് ബ്രിട്ടീഷുകാര്‍ ഇതിനെ 'ഗ്രാന്‍ഡ് ട്രങ്ക് റോഡ്' എന്ന് പുനര്‍നാമകരണം ചെയ്തു. സുവര്‍ണ ചതുര്‍ഭുജ പദ്ധതിയുടെ ഭാഗമായി നിരവധി നഗരങ്ങളെ വിവിധ ദേശീയ പാതകളുമായി ബന്ധിപ്പിക്കുകയും ചെയ്തു.

സൂരി രാജവംശത്തിന്റെ സ്ഥാപകനാണ് ഷേര്‍ ഷാസൂരി. ബീഹാറിലെ തന്റെ അമ്മാവന്റെ കീഴിലെ ഒരു ചെറിയ പ്രദേശത്തിന്റെ കാര്യസ്ഥനായി ആരംഭിച്ച ഷേര്‍ഷാ മുഗളന്‍മാരെ വെല്ലുവിളിക്കുകയും മുഗള്‍ചക്രവര്‍ത്തി ഹൂമയൂണിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഷേര്‍ഷാ ദില്ലി പടിച്ചടക്കി തന്റെ സാമ്രാജ്യം സ്ഥാപിച്ചു. 1540 മുതല്‍ 1555 വരെയായിരുന്നു ഷേര്‍ഷായുടെ ഭരണകാലം. ദില്ലിയിലെ 'പുരാനാ ഖില' പണി പൂര്‍ത്തിയാക്കിയത് ഷേര്‍ഷാ സൂരിയാണ്. ആധുനിക പാട്‌ന നഗരത്തിന്റെ ശില്പിയാണ്. കുതിരപ്പുറത്തുള്ള തപാല്‍ സമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കിയതും ഇന്ത്യന്‍ രൂപയുടെ മുന്‍ഗാമിയായ റുപ്പിയ എന്ന വെള്ളി നാണയവും മൊഹര്‍ എന്ന സ്വര്‍ണനാണയവും പുറത്തിറക്കി. 

1545 മെയ് 22 ന് മരണപ്പെട്ടു. മകന്‍ ഇസ്‌ലാം ഷാ പിന്‍ഗാമിയായി.
 

Feedback