Skip to main content

 ശഹീദ്

'ശഹിദ' എന്ന ക്രിയാപദത്തില്‍ നിന്നാണ് ശഹീദ് എന്ന അറബി നാമം ഉണ്ടായത്. പങ്കെടുത്തു, നേര്‍ക്കുനേരെ ഹാജരായി, സാക്ഷ്യം വഹിച്ചു, ദൃക്‌സാക്ഷിയായി എന്നൊക്കെയാണ് ശഹിദയുടെ ആശയം. അപ്പോള്‍ ശഹീദ് എന്ന പദത്തിന്റെ അര്‍ഥം പങ്കെടുത്തവന്‍, ഹാജരായവന്‍, സാക്ഷ്യം വഹിച്ചവന്‍ എന്നെല്ലാമാണ്. 

ഇസ്‌ലാമിലെ രക്തസാക്ഷി

ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള സായുധ പോരാട്ടത്തില്‍ പങ്കെടുത്ത മുസ്‌ലിം കൊല്ലപ്പെട്ടാല്‍ ശഹീദ് എന്ന് പറയുന്നു. ഇതാണ് ഇസ്‌ലാമിക സാങ്കേതിക പ്രയോഗം. ഇതില്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. ഈ പദത്തിന്റെ ബഹുവചന രൂപമാണ് 'ശുഹദാഅ്'. രക്തസാക്ഷി എന്നാണ് ശഹീദിന് സാങ്കേതികമായി പ്രയോഗിക്കുന്നത്.

നബി(സ്വ) പറയുന്നു: 'ദൈവിക വചനം ഉയര്‍ന്നു നില്ക്കാന്‍ വേണ്ടി ആരാണോ പേരാടുന്നത് അവന്‍ ദൈവമാര്‍ഗത്തില്‍ തന്നെയാണ് പോരാടു
ന്നത്'. രക്തസാക്ഷികള്‍ക്ക് അല്ലാഹു സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നു.

shaheed

ശുഹദാഇനെ ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ മൂന്നായി തരം തിരിക്കുന്നു (ഇസ്‌ലാമിക കര്‍മശാസ്ത്ര വിജ്ഞാന കോശം, ഭാഗം 26, പേജ്: 273)

1.    ഈ ലോകത്തും പരലോകത്തും ശഹീദായി ഗണിക്കപ്പെടുന്നവന്‍

ദൈവിക വചനത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള യുദ്ധത്തില്‍ ജീവിത്യാഗം നടത്തിയ യഥാര്‍ഥ സത്യവിശ്വാസി. പരലോകത്തെ പ്രതിഫലം മാത്രം കാംക്ഷിച്ച് യുദ്ധക്കളത്തില്‍ ഒരിക്കിലും പിന്തിരിയാതെ മുന്നേറി, അടരാടി കൊല്ലപ്പെട്ടവന്‍. ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നബിയുടെ അടുത്തേക്ക് ഒരു അനുചരന്‍ വന്ന് ഇങ്ങനെ പറഞ്ഞു: 'ഒരാള്‍ യുദ്ധത്തില്‍ ലഭിച്ചേക്കാവുന്ന യുദ്ധമുതലിനു വേണ്ടി പേരാടുന്നു. മറ്റൊരാള്‍ പ്രശസ്തിക്കു വേണ്ടി പോരാടുന്നു. ഇനിയുമൊരാള്‍ തന്റെ പദവി എത്രയുണ്ടെന്ന് ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും പോരാടുന്നു. ഇവരില്‍ ആരാണ് ദൈവീക മാര്‍ഗത്തില്‍ പോരാടുന്നവന്‍? നബി(സ്വ) മറുപടി പറഞ്ഞു: 'ദൈവിക വചനം ഉയര്‍ന്നു നില്ക്കാന്‍ വേണ്ടി ആരാണോ അടരാടുന്നത് അവന്‍ ദൈവിക മാര്‍ഗത്തില്‍ തന്നെയാണ് പോരാടുന്നത്.' 

ഇങ്ങനെ കൊല്ലപ്പെടുന്നവരെ കുളിപ്പിക്കേണ്ടതില്ല. അവര്‍ കൊല്ലപ്പെടുമ്പോള്‍ ധരിച്ച വസ്ത്രത്തില്‍ തന്നെ മറമാടണം. മറ്റുള്ളവര്‍ക്കു വേണ്ടി നമസ്‌കരിക്കുന്നതു പോലെ ഇവര്‍ക്കു വേണ്ടി മയ്യിത്ത് നമസ്‌കാരം നടത്തേണ്ടതില്ല. 

2.    ഈ ലോകത്ത് മാത്രം ശഹീദ് ആയി അറിയപ്പെടുന്നവന്‍

മുസ്‌ലിംകളുടെ ശത്രുക്കളുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടവന്‍ തന്നെയാണ് ഇയാളും. പക്ഷെ, അവന്‍ എങ്കെങ്കിലും പാപം ചെയ്തു. ഉദാഹരണമായി യുദ്ധത്തില്‍ ലഭിച്ച മുതലില്‍ നിന്ന് അവന്‍ മോഷ്ടിച്ചു. അല്ലെങ്കില്‍ ലോകമാന്യത്തിനു വേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടു. ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ വായിക്കാം: ' ഒരാളെക്കുറിച്ച് പറയപ്പെട്ടു. അയാളുടെ രക്തസാക്ഷിത്വം അയാള്‍ക്ക് മംഗളാമാവട്ടെ. ഇതു കേട്ട് റസൂല്‍ പറഞ്ഞു: ബൈഖര്‍ യുദ്ധത്തില്‍ അയാള്‍ക്ക് കിട്ടിയ ഒരു വസ്ത്രം യുദ്ധമുതല്‍ ഓഹരി വെച്ച് അയാള്‍ക്ക് കിട്ടിയതല്ല. അതുകൊണ്ട് അത് അഗ്‌നിയായി അയാളുടെ മേല്‍ കത്തിക്കൊണ്ടിരിക്കും. എന്നാല്‍ ഇയാള്‍ പ്രത്യക്ഷത്തില്‍ ശഹീദായത് കൊണ്ട് അയാളെയും കുളിപ്പിക്കേണ്ടതില്ല. അയാള്‍ക്കും മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കേണ്ടതില്ല. പരലോകത്ത് ഇയാള്‍ക്ക് രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുകയില്ലെന്നര്‍ഥം.

3.    പരലോകത്തെ മാത്രം ശഹീദ്: 

മുസ്‌ലിംകളുടെ ശത്രുക്കളുമായുള്ള യുദ്ധത്തിലല്ലാതെ കഠിന വേദനകളും പ്രയാസങ്ങളും അനുഭവിച്ച് മരിക്കുന്ന സത്യവിശ്വാസി. അല്ലെങ്കില്‍ അക്കാരണമായി അക്രമിക്കപ്പെട്ട് കൊല്ലപ്പെടുന്ന സത്യവിശ്വാസി. പകര്‍ച്ചവ്യാധികള്‍ മൂലം മരിക്കുന്നവര്‍, മുങ്ങിമരിച്ചവന്‍, അന്യനാട്ടില്‍ ജീവിതമാര്‍ഗം അന്വേഷിച്ച് പോയി കഷ്ടപ്പെട്ട് മരിച്ചവര്‍, പ്രസവവേദനയില്‍ മരിച്ചവള്‍ (അവിഹിത ഗര്‍ഭം ധരിച്ചവളാണെങ്കില്‍ ഇതില്‍പ്പെടുകയില്ല), കെട്ടിടം തകര്‍ന്നു മരിച്ചവര്‍ (മോഷണം നടത്താന്‍ വേണ്ടിയോ മറ്റോ കെട്ടിടത്തിനുള്ളില്‍ കയറി തകര്‍ന്നു വീണ് മരിച്ചവര്‍ ഇതില്‍പ്പെടുകയില്ല), തുടങ്ങിയവരും രക്തസാക്ഷികളാണ്.

ഒരിക്കല്‍ റസൂല്‍ ചോദിച്ചു: നിങ്ങളില്‍ രക്തസാക്ഷികളായി നിങ്ങള്‍ കണക്കാക്കുന്നത് ആരെയാണ്? അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാരോ അവരാണ് ശഹീദ്. റസൂല്‍ വീണ്ടും പറഞ്ഞു: അങ്ങിനെയെങ്കില്‍ എന്റെ സമുദായത്തിലെ ശുഹദാക്കള്‍ വളരെ കുറച്ചു പേരല്ലേ ഉണ്ടാവുകയുള്ളൂ. അവര്‍ ചോദിച്ചു: എങ്കില്‍ അവര്‍ ആരൊക്കെയാണ്? റസൂല്‍ പറഞ്ഞു: ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവന്‍ ശഹീദാണ്. ദൈവമാര്‍ഗത്തില്‍ മരിച്ചവനും ശഹീദാണ്. മഹാമാരി ബാധിച്ചബാധിച്ച് മരിച്ചവനും ശഹീദാണ്. വയര്‍ വീര്‍ത്ത് മരിച്ചവനും ശഹീദാണ് (മുസ്‌ലിം).  

തന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനു വേണ്ടി കൊല്ലപ്പെട്ടവനും ശഹീദാണ്. തന്റെ സമ്പത്തിന്റെ സംരക്ഷണത്തിനു വേണ്ടി കൊല്ലപ്പെട്ടവനും ശഹീദാണ്. തന്റെ മതത്തിന്റെ സംരക്ഷണത്തിനു വേണ്ടി പോരാടി മരിച്ചവനും ശഹീദാണ്. തന്റെ ജീവന് വേണ്ടി പോരാടി മരിച്ചവനും ശഹീദാണ് (അഹ്‌മദ്). തന്റെ വാഹനത്തില്‍ നിന്ന് വീണ് മരിച്ചവനും (ത്വബ്‌റാനി).

ഇവര്‍ക്കെല്ലാം പരലോകത്ത് രക്തസാക്ഷികളുടെ പ്രതിഫലം ലഭിക്കും. എന്നാല്‍ ഈ ലോകത്ത് ഇവരെ മറ്റുള്ളവര്‍ മരിച്ചത് പോലെ മാത്രമേ കണക്കാക്കുകയുള്ളൂ. കുളിപ്പിക്കല്‍, കഫന്‍ ചെയ്യല്‍, മയ്യിത്ത് നമസ്‌കാരം എന്നിവയൊക്കെ ഇവര്‍ക്കും ബാധകമാണ്. 

ശഹീദിന്റെ സ്ഥാനവും പരലോകത്തെ പ്രതിഫലവും

ശഹീദിന് ഇസ്‌ലാമില്‍ അത്യുന്നതമായ സ്ഥാനമാണുള്ളത്. നബി(സ്വ) പറയുന്നു: 'അല്ലാഹു അവന്റെ മാര്‍ഗത്തില്‍ പുറപ്പെട്ടവന് പെട്ടെന്ന് പ്രതിഫലം നല്കുന്നതാണ്. എന്നിലുള്ള വിശ്വാസവും എന്റെ ദൂതന്‍മാരിലുള്ള വിശ്വാസവുമല്ലാതെ അവനെ അതിന് പുറപ്പെടാന്‍ പ്രേരിപ്പിച്ചിട്ടില്ല. ഒന്നുകില്‍ അവന്‍ നേടിയ പ്രതിഫലമോ അല്ലെങ്കില്‍ യുദ്ധമുതലോ ആയി അവനെ ഞാന്‍ തിരിച്ചു കൊണ്ടുവരും. അതുമല്ലെങ്കില്‍ അവനെ ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. എന്റെ സമുദായത്തിന് പ്രയാസകരമാവുകയില്ലായിരുന്നുവെങ്കില്‍ ഒരൊറ്റ യുദ്ധസൈന്യത്തില്‍ നിന്നും ഞാന്‍ പിന്‍മാറി ഇരിക്കുകയില്ലായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടാനും വീണ്ടും ജീവിക്കാനും വീണ്ടും കൊല്ലപ്പെടാനും     വീണ്ടും ജീവിക്കാനും ഞാന്‍ ആഗ്രഹിച്ചുപോയി' (ബുഖാരി, മുസ്‌ലിം).

രക്തസാക്ഷിത്വത്തിന്റെ (ശഹാദത്ത്) മഹത്വത്തെപ്പറ്റി റസൂല്‍ ഇങ്ങനെ പറഞ്ഞതായി കാണാം. സ്വര്‍ഗത്തില്‍ പ്രവേശിച്ച ഒരാളും അവന് ഭൂമിയിലുള്ളത് മുഴുവന്‍ കിട്ടിയാലും ഭൂമിയിലേക്ക് തിരിച്ചു വരാന്‍ ഇഷ്ടപ്പെടുകയില്ല; രക്തസാക്ഷി ഒഴികെ. അവന് ലഭിച്ച ആദരവ് കണ്ടത് കൊണ്ട് ഈ ലോകത്തേക്ക് തിരിച്ചു വരാനും പത്ത് തവണ ശഹീദാവാനും അവന്‍ കൊതിച്ചു പോകും (ബുഖാരി, മുസ്‌ലിം)

ശഹീദ് ഖുര്‍ആനില്‍

ശഹീദ് എന്ന വാക്ക് ഖുര്‍ആനില്‍ 35 തവണ വന്നിട്ടുണ്ട്. 'ദൈവിക മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ നിങ്ങള്‍ മരിച്ചവര്‍ എന്ന് പറയരുത്. എന്നാല്‍ അവര്‍ ജീവിച്ചിരിക്കുന്നവരാണ്. എങ്കിലും നിങ്ങളത് ഗ്രഹിക്കുന്നില്ല' (2:154). 
'ദൈവിക മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവന്‍ മരിച്ചവനാണെന്ന് നീ ഒരിക്കലും കരുതേണ്ട. എന്നാല്‍ അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്കപ്പെട്ടു കൊണ്ടിരിക്കുന്നു' (3:169). 

അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന്  അവര്‍ക്ക് നല്കിയതില്‍ അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് രക്തസാക്ഷികള്‍ സന്തോഷമടയുന്നു (3: 170).


 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446