Skip to main content

ദാനം, ഇഷ്ടദാനം

മാനവികതയുടെ ഏറ്റവും ഉദാത്തമൂല്യമാണ് സാമൂഹികത. സാമൂഹികതയുടെ അടിത്തറയാണ് ഇടപാടുകള്‍. ഇടപാടുകളില്‍ ഏറ്റവും മഹത്തായതാണ് തന്റെ കൈവശമുള്ളതും അപരന് ഉപകരിക്കുന്നതുമായ എന്തും യാതൊരു ഭൗതിക പ്രതിഫലേഛയുമില്ലാതെ വിട്ടുകൊടുക്കുക എന്നത്. ഇതാണ് ദാനത്തിന്റെ വിവക്ഷ. ഇത് സ്ഥൂലവും സൂക്ഷ്മവുമായ വസ്തുക്കളോ പ്രവര്‍ത്തനങ്ങളോ പെരുമാറ്റമോ സ്വഭാവമോ എന്തുമാകാം.  ഉപദേശവും പുഞ്ചിരിയും അഭിവാദ്യവും പാര്‍ശ്വവത്കൃതനെ പരിഗണിക്കുന്നതും രോഗിയെ സന്ദര്‍ശിക്കുന്നതും  തൊഴിലാളിയെ സഹായിക്കുന്നതും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും ജന്തുസ്‌നേഹവും എല്ലാം ദാനമാണ്. ഈ പ്രകൃതിയിലെ മറ്റെല്ലാ ജീവജാലങ്ങളുടെയും നന്മലക്ഷ്യമാക്കി പ്രതിഫലേഛയില്ലാതെ ഒരു മനുഷ്യന്‍ നടത്തുന്ന ഇടപാടുകളെല്ലാം വിശാലാര്‍ഥത്തില്‍ ദാനമാണ്.   പരസ്പരമുള്ള ഈ വിനിമയങ്ങളാണ് മനുഷ്യനെ സാമൂഹികജീവിയാക്കി നിര്‍ത്തുന്നതും അവന്റെ സാമൂഹികജീവിതം ലളിതമാക്കുന്നതും.

ഇസ്‌ലാമിക ദര്‍ശനം ദാനങ്ങളെ നിര്‍ബന്ധം, ഐഛികം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. സകാത്ത്, അത്യാവശ്യ സാഹചര്യങ്ങളിലെ ചെലവുകള്‍, നേര്‍ച്ചകള്‍ എന്നിവ നിര്‍ബന്ധമാണ്. ഇവയ്ക്ക് നിശ്ചിത ഇനങ്ങളും പരിധികളും അവസരങ്ങളും അളവുകളുമുണ്ട്. എന്നാല്‍ ഐഛികമായ ദാനം ഏറെ വിശാലവും ദാതാവിന്റെ ദൈവഭക്തിയുടെയും നന്ദിയുടെയും തോതനുസരിച്ച് വികസിക്കുന്നതുമാണ്. ഇതിന് മഹത്തായ പുണ്യമാണ് ഇസ്‌ലാം വാഗ്ദാനം ചെയ്തിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെയും മുഹമ്മദ് നബി(സ്വ)യുടെയും ധാരാളം വചനങ്ങളിലൂടെ ഇതിന്റെ പ്രാധാന്യവും പുണ്യവും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

ഭൂമിയില്‍ മനുഷ്യരടക്കം സര്‍വജീവജാലങ്ങളും ജീവിതവിഭവങ്ങളുടെ ലഭ്യതയില്‍ തുല്യരായിട്ടല്ല വിന്യസിക്കപ്പെട്ടതെന്നതിനാല്‍ വിവേചനശേഷിയുള്ള മനുഷ്യര്‍ ഇവര്‍ക്കിടയിലെ ദുര്‍ബലരെ കണ്ടെത്തി സഹായിക്കേണ്ടതുണ്ടെന്നതിനാലാണ് ഇസ്‌ലാം ദാനത്തിന് ഇത്രത്തോളം പ്രാധാന്യം നല്കുന്നത്. വിഭവങ്ങള്‍ വാരിപ്പുണരാനുള്ള മനുഷ്യന്റെ മനസ്സിനെ, പങ്കുവയ്ക്കാനുള്ള വിശാലതയിലേക്ക് പരിവര്‍ത്തിപ്പിക്കുക എളുപ്പമല്ല. ഏതെങ്കിലും സര്‍ക്കാര്‍ നിയമങ്ങള്‍കൊണ്ടോ ശിക്ഷാമുറകള്‍കൊണ്ടോ ഇത് നടക്കുമായിരുന്നെങ്കില്‍ ആധുനിക രാഷ്ട്രങ്ങളില്‍ ഒരു ദരിദ്രന്‍ പോലും അവശേഷിക്കുമായിരുന്നില്ല. കര്‍ശന നിയമങ്ങളിലൂടെ ഉള്ളവനെ ഇല്ലാത്തവനു നേരെ ദയയുള്ളവനാക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല പാവപ്പെട്ടവന്നു ന്യായമായി കിട്ടേണ്ടത് പിടിച്ചെടുക്കാന്‍ പോലും സാധിക്കാതെ നിയമപീഠം ധനികരുടെ കുതന്ത്രങ്ങള്‍ക്കു മുമ്പില്‍ പരാജയപ്പെടുകയാണ്. അതുകൊണ്ടു തന്നെയാണ് പ്രപഞ്ച സ്രഷ്ടാവ് മഹത്തായ പുണ്യം വാഗ്ദാനം ചെയ്ത് ഇതിലേക്ക് മനുഷ്യരെ പ്രലോഭിപ്പിക്കുന്നത്. 

''അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്ക പ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍''(64:16). എന്തെല്ലാം ന്യൂനതകളുണ്ടെങ്കിലും ഒരു സമൂഹമെന്ന നിലക്ക് ലോകാടിസ്ഥാനത്തില്‍ സഹജീവികള്‍ക്ക് നേരെ കൈനീട്ടിപ്പിടിച്ച ഒരു ജനത കഴിഞ്ഞ ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളോളം ഉയര്‍ന്നിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്.  

ദാനം കൊടുക്കാനുള്ള ഉദ്‌ബോധനങ്ങള്‍ ആവേശമായ മുഹമ്മദ് നബി(സ്വ)യുടെ അനുചരന്മാര്‍ ചോദിച്ചു ഞങ്ങള്‍ എന്താണ് കൊടുക്കുക. ''എന്തൊന്നാണവര്‍ ചെലവ് ചെയ്യേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്) മിച്ചമുള്ളത്. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു''(2:219). ദാനധര്‍മത്തിന് ഇത്രത്തോളം വിശാലത നല്കിയ മതദര്‍ശനവും തത്വശാസ്ത്രവും ഇല്ല. 'മനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ക്ക്, 'വിഭവവര്‍ധനയിലല്ല, മാനസിക തൃപ്തിയിലാണ് സമൃദ്ധിയെന്ന' പ്രവാചക വചനത്തിനു മുമ്പില്‍ ശതമാനകണക്കുകള്‍ വേണ്ട. അത്യാവശ്യത്തിന്റെ പരിധി നിര്‍ണയങ്ങള്‍ വേണ്ട. ദരിദ്രമായിരുന്ന ആ സമൂഹം ആവുന്നത്ര കൊടുത്തുകൊണ്ടിരുന്നു. കൊടുക്കാനായി അധ്വാനിച്ചവരും കൊടുക്കാനില്ലാത്തതില്‍ കരഞ്ഞവരുമായ സമൂഹമായിരുന്നു റസൂലിന്റെ സഹചാരികള്‍. പണം വളര്‍ത്താനുള്ള ലളിതമാര്‍ഗമാണ് പലിശ എന്ന ചൂഷണമാര്‍ഗത്തെ ഇസ്‌ലാം എത്ര മനോഹരമായാണ് പ്രതിരോധിച്ചത്. ''അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല''(2:276). ''ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍''(30:39).

ദാനത്തിന്റെ പ്രതിഫലം സന്ദര്‍ഭവും സാഹചര്യവും ആവശ്യപ്പെടുന്നതുനുസരിച്ചും അത് നിര്‍വഹിക്കുന്നവന്റെ മാനസികാവസ്ഥക്കൊത്തുമാണ് നിശ്ചയിക്കപ്പെടുന്നത്. വിവിധ സന്ദര്‍ഭങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ കര്‍മമേതാണ് എന്ന ചോദ്യത്തിനും ഏറ്റവും ഉത്തമമായ ദാനമേതാണ് എന്ന ചോദ്യത്തിനുമെല്ലാം റസൂല്‍(സ്വ) വ്യത്യസ്തങ്ങളായ ഉത്തരങ്ങള്‍ നല്കിയതില്‍ നിന്ന് ഇതാണ് മനസ്സിലാക്കേണ്ടത്. സംഖ്യയുടെ ഭൗതികമൂല്യമല്ല അല്ലാഹു നോക്കുന്നത്; മനുഷ്യരുടെ മനസ്സാണ്.

ദാനം ഇസ്‌ലാമികമായി അനുവദനീയമായ സമ്പാദ്യമാര്‍ഗവും ദരിദ്രന്റെ അവകാശവുമാണ്.പക്ഷേ, പ്രവാചകന്റെ തലമുറ അത് ചൂഷണം ചെയ്തില്ല. ദാനം സ്വീകരിക്കാതിരിക്കാനും തങ്ങളുടെ ദാരിദ്ര്യം മറ്റുള്ളവര്‍ അറിയാതിരിക്കാനുമായിരുന്നു അവര്‍ ശ്രമിച്ചത്. ''ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്കു വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലതു പോലെ അറിയുന്നവനാണ്''(2:273). അതുകൊണ്ടാണ് അര്‍ഹരെ കണ്ടെത്തി നല്കുന്ന ദാനത്തിന് റസൂല്‍(സ്വ) ഇരട്ടി പുണ്യം വാഗ്ദാനംചെയ്തത്.

പേരുപോലെ തന്നെ ഒരു വ്യക്തി തന്റെ ഇഛയ്ക്കനുസരിച്ച് തനിക്കിഷ്ടപ്പെട്ട വ്യക്തിക്ക് തന്റെ ധനം ദാനമായി നല്കുന്നതാണ് ഇഷ്ടദാനം. ഹദിയ്യ, ഹിബ എന്ന വാക്കുകളാണ് ഇതിന് ഉപയോഗിക്കുന്നത്. സമ്മാനം, ദാനം, വസ്വിയ്യത്, വഖ്ഫ് തുടങ്ങിയവയെല്ലാം സന്ദര്‍ഭാനുസരണം ഇഷ്ടദാനം എന്ന വകുപ്പില്‍ വരും. സാധാരണ നിലയില്‍ സമ്മാനം എന്ന അര്‍ഥത്തിലാണ് ഇത് ഉപയോഗിക്കുന്നത്. പ്രയോജനകരമായ ഏതു കാര്യവും ഉപകരാപ്രദമായ മാര്‍ഗത്തില്‍ നല്കാവുന്നതാണ്. നിഷിദ്ധമായ വസ്തുക്കളോ നിഷിദ്ധമായ കാര്യങ്ങള്‍ക്കോ ഇഷ്ടദാനമായി നല്കാന്‍ പാടില്ല. മക്കള്‍ക്കും മറ്റും ഇങ്ങനെ ദാനം ചെയ്യുമ്പോള്‍ നീതി പാലിക്കേണ്ടതുണ്ട്. സമ്മാനം എന്ന രൂപത്തിാലയതിനാല്‍ ഇത് സമ്പന്നര്‍ക്കും നല്കാവുന്നതാണ്. ജീവിച്ചിരിക്കുന്ന കാലത്താണ് ഇത് നിര്‍വഹിക്കുന്നത് എന്നതിനാല്‍ തന്റെ മുഴുവന്‍ സ്വത്തും ഇങ്ങനെ നല്കാമെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാലും സ്വന്തം അനന്തരാവകാശികളെയും മറ്റും ദാരിദ്ര്യത്തില്‍ വിടുന്നതിലേറെ നല്ലത് അവരെ ഐശ്വര്യവാന്മാരാക്കുന്നതാണ് എന്ന നബി(സ്വ)യുടെ വചനം ഇവിടെയും ബാധകമാണ്.

Feedback