Skip to main content

ധനവിനിയോഗം

ആകാശഭൂമികളിലും അവക്കിടയിലുള്ളതുമായ എല്ലാ വസ്തുക്കളുടെയും വിഭവങ്ങളുടെയും ഉടമസ്ഥാവകാശം അല്ലാഹുവിനാണെന്നും എന്നാല്‍ അവന്റെ നിയന്ത്രണത്തിന് വിധേയമായി മനുഷ്യന് അത് സമ്പാദിക്കാമെന്നതുമാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം. അവകാശികളായ വ്യക്തികളോടും സമൂഹത്തോടും സര്‍ക്കാറിനോടുമെല്ലാമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുക എന്ന വ്യവസ്ഥയ്ക്കുവിധേയമായി അവന്‍ നേടിയെടുത്തതിന്റെ ഉടമസ്ഥാവകാശം അവനു തന്നെ പൂര്‍ണമായി ഇസ്‌ലാം ഏല്പിച്ചുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഇങ്ങനെയെല്ലാം നിയമവിധേയമായതാണ് തന്റെ സ്ഥാവരജംഗമ സ്വത്തുക്കളെങ്കിലും അത് ഏതു വിധേനയയും ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കു നല്കുന്നില്ല. തന്റെ വരുമാനത്തിന്റെ സ്രോതസ്സ് മാത്രമല്ല ചെലവിന്റെ വഴികളും അല്ലാഹുവിന്റെ കണക്കെടുപ്പില്‍ പ്രധാനമാണ്. ഒരോ  നാണയവും എവിടെ നിന്നു ലഭിച്ചുവെന്നും എങ്ങനെ ചെലവഴിച്ചുവെന്നും കൃത്യമായി ബോധിപ്പിക്കാതെ ഒരാള്‍ക്കും അല്ലാഹുവിന്റെ സാമ്പത്തിക വിചാരണയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ലെന്ന് നബി(സ്വ) പഠിപ്പിക്കുന്നു (തിര്‍മിദി 2417).

ആഡംബര നികുതി നല്കിയാല്‍ അമിതവ്യയങ്ങളും ധൂര്‍ത്തുമെല്ലാം ആധുനിക സാമ്പത്തിക വ്യവസ്ഥയില്‍ അനുവദനീയമാണ്. എന്നാല്‍ എല്ലാവിധ സാമ്പത്തിക അമിതവ്യയങ്ങളും ഇസ്‌ലാമികമായി കുറ്റകൃത്യമാണ്. നികുതി നല്കിയോ പിഴയൊടുക്കിയോ അത് നിയമവിധേയമാക്കാനോ വെളുപ്പിക്കാനോ സാധ്യമല്ല. സമ്പാദ്യത്തിന്റെ തൊണ്ണൂറ്റി ഒമ്പതു ശതമാനവും  സകാത്തും ദാനധര്‍മങ്ങളുമെല്ലാമായി ചെലവാക്കിയാലും ബാക്കി വരുന്ന ഒരു ശതമാനം ധൂര്‍ത്തിലൂടെ പാഴാക്കാന്‍ ഇസ്‌ലാം സമ്മതിക്കുകയില്ല. ഇവിടെ വലിയ തെറ്റിദ്ധാരണ മുസ്‌ലിം സമൂഹത്തില്‍ പോലും നിലനില്‍ക്കുന്നു. നന്മകള്‍ക്കെല്ലാം കൊടുത്തു മിച്ചമുള്ളത് തന്റെ ഇഷ്ടപ്രകാരം കുറച്ച് ഏറെ ചെലവാക്കിയാലും കുഴപ്പമില്ലെന്നാണവരുടെ ധാരണ. ഇത് അടിസ്ഥാനരഹിതമാണ്. വുദു എടുക്കുന്നത് (നമസ്‌കാരത്തിനുള്ള അംഗസ്‌നാനം) ഒഴുകുന്ന ജലാശയത്തില്‍ നിന്നാണെങ്കിലും ഏറെ ഉപയോഗിച്ചാല്‍ ദുര്‍വ്യയമാണെന്നു നബി(സ്വ) അനുചരന്‍ സഅദ്(റ)നെ ഓര്‍മപ്പെടുത്തിയതിന്റെ അര്‍ഥമിതാണ്.

സമ്പാദിക്കുന്നതിലേറെ ചെലവഴിക്കുന്നതിലാണ് ഇസ്‌ലാം ഊന്നുന്നത്. ഒരുപാട് സമ്പാദിച്ചു സൂക്ഷിക്കാനായി മത്സരിക്കാതെ തനിക്കിഷ്ടപ്പെട്ടതെല്ലാം ചെലവഴിക്കുകയും തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍തൂക്കം നല്കുകയും ചെയ്യുന്നതിനെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു(3:92). “നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍”(59:9).

പക്ഷേ, വിനിമയം നന്മയിലാണെങ്കിലും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന പരിധിക്കു പുറത്തു കടക്കാന്‍ പാടില്ല. പള്ളി നിര്‍മിക്കാനോ അനാഥയെ സംരക്ഷിക്കാനോ മറ്റു മതപരമായ കാര്യങ്ങളിലോ ആണെങ്കില്‍ പോലും ചെലവാക്കുന്നതില്‍ നിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നതാണ് ഇസ്‌ലാമിക പാഠം. തന്റെ സമ്പത്തെല്ലാം ദൈവത്തിനെഴുതിവെച്ച് സന്ന്യസിക്കാനോ ധ്യാനകേന്ദ്രങ്ങളില്‍ കഴിച്ചുകൂട്ടാനോ മതം അനുവദിക്കുകയില്ല. തനിക്ക് ഒരു മകള്‍ മാത്രമേ ഉള്ളൂവെന്നും ധാരാളം സമ്പത്തുള്ളതിനാല്‍ അതിന്റെ മൂന്നില്‍ രണ്ടുഭാഗമോ പകുതിയോ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാമെന്നും പറഞ്ഞ അനുയായിയോട് മുഹമ്മദ് നബി(സ്വ) പറയുന്നത് മൂന്നിലൊന്നില്‍ കൂടുതല്‍ പാടില്ലെന്നാണ്. വിജയിക്കുന്ന വിശ്വാസിയെ വിലയിരുത്തവെ ഖുര്‍ആന്‍ പറഞ്ഞു, അവര്‍ ചെലവഴിക്കുന്നതില്‍ അമിതത്വം കാണിക്കുകയോ പിശുക്കുകാണിക്കുകയോ ചെയ്യാതെ മിതത്വം സ്വീകരിക്കുന്നവരാണ് (25:67).

ധനം പാഴാക്കുന്നത് നബി(സ്വ) നിഷിദ്ധമാക്കുകയുണ്ടായി. ഉപകാരമുള്ള ഒരു വസ്തുവും നശിപ്പിക്കപ്പെടരുത്. വീണു കിട്ടുന്ന വസ്തു എടുക്കാന്‍ പാടില്ലെന്നതാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം. എന്നാല്‍ അവ അവിടെ നശിച്ചുപോവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുമെങ്കില്‍ അവ ഉപയോഗിക്കണമെന്നും പിന്നീട് അവകാശിയെ തിരിച്ചറിഞ്ഞാല്‍ ബദല്‍ സംവിധാനമുണ്ടാക്കിയാല്‍ മതി എന്നും അത് വ്യവസ്ഥവെക്കുന്നത് ഈ കാഴ്ചപ്പാടിലൂടെയാണ്. ദുര്‍വ്യയവും ധൂര്‍ത്തും പൊങ്ങച്ചവുമെല്ലാം മഹാപാപങ്ങളായാണ് ഖുര്‍ആനും നബിചര്യയും കാണുന്നത്. “കുടുംബബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും) . നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു” (17:26,27). അത്തരം സ്വഭാവം ഒരു സമൂഹത്തില്‍ വ്യാപകമായാല്‍ നാശമായിരിക്കും ഫലം എന്ന് അല്ലാഹു താക്കീതു നല്കുന്നു. 

''ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്‍മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. എന്നാല്‍ (അത് വകവെക്കാതെ) അവര്‍ അവിടെ താന്തോന്നിത്തം നടത്തും. (ശിക്ഷയെപ്പറ്റിയുള്ള) അങ്ങനെ അതിന്റെ (രാജ്യത്തിന്റെ) കാര്യത്തില്‍ വാക്ക് സ്ഥിരപ്പെടുകയും, നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്''(17:16).

Feedback