Skip to main content

സമൂഹക്ഷേമവും ബൈതുല്‍മാലും

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെ പൊതുധനകാര്യം വളരെ പരിമിതമായ ലക്ഷ്യങ്ങളിലൂന്നിയുള്ളതായിരുന്നു. ആഭ്യന്തരവും ബാഹ്യവുമായ ആക്രമണങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കുകയായിരുന്നു പ്രധാനം. ഇതിനാവശ്യമായ സാമ്പത്തിക സമാഹരണം പ്രജകളില്‍ നിന്ന് നിര്‍വഹിക്കുകയും ചെയ്തുപോന്നു. രാജ്യവളര്‍ച്ചയുടെ അടിസ്ഥാനമായ സാമൂഹിക വളര്‍ച്ചനേടണമെങ്കില്‍ സമൂഹക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നിര്‍വഹിക്കപ്പെടണമെന്നു വന്നു. ഇതിന് വലിയ തോതില്‍ പണം ആവശ്യമാവുകയും അത് ശേഖരിക്കാനും വിതരണം ചെയ്യാനും ശക്തമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടി വരികയും ചെയ്തതാണ് പുതിയ പൊതു ധനതത്ത്വശാസ്ത്രത്തിന് കാരണമായത്. ഇതില്‍ പൊതു വരവിനെയും ചെലവിനെയും വിശദമായി ചര്‍ച്ചചെയ്തു. പൊതുചെലവിന്റെ ലക്ഷ്യം എപ്പോഴും സമൂഹക്ഷേമം മാത്രമായിരിക്കണം, ഇത് വളരെ സൂക്ഷ്മതയോടെ കൈകാര്യംചെയ്യപ്പെടണം, അത് ഭരണാധികാരികളുടെ  ന്യായയുക്തമായ അനുമതിയോടെയായിരിക്കണം, ചെലവ് വരവിനെക്കാള്‍ കൂടുതലാകാന്‍ പാടില്ല, എന്നീ ന്യായങ്ങളായിരുന്നു ചെലവിന് പ്രധാനമായും ഉണ്ടായിരുന്നത്.

പൗരന്മാര്‍, വ്യവസായ സ്ഥാപനങ്ങള്‍, സ്വത്തുക്കള്‍ എന്നിവരില്‍ നിന്ന് കൃത്യമായ നിയമങ്ങള്‍ക്കനുസൃതമായി വാങ്ങുന്ന നികുതികള്‍, ഫീസ്, പ്രത്യേക നികുതികള്‍ (സെസ്), പിഴ, കണ്ടുകെട്ടല്‍ സ്വത്ത്, അവകാശികളില്ലാത്ത സ്വത്ത്, സര്‍ക്കാരിന് ലഭിക്കുന്ന സഹായങ്ങള്‍, സര്‍ക്കാര്‍ വസ്തുക്കള്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആദായങ്ങള്‍, രാജ്യത്തിനകത്തുനിന്നോ പുറത്തുനിന്നോ സ്വീകരിക്കുന്ന കടം, കമ്മിനികത്താനായി അടിച്ചിറക്കുന്ന നോട്ട് എന്നിവയില്‍ നിന്നാണ് ഈ പൊതുഭണ്ഡാരത്തിലേക്ക് വരവെത്തുന്നത്.

ഈ രണ്ടു മേഖലകളിലും ആധുനിക സര്‍ക്കാരുകള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ബാധ്യതയായതാണ് പൊതു ധനകാര്യത്തിന്റെ ചരിത്രം. സത്യസന്ധമായി വരവും ചെലവും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന ന്യൂനത. ഒരു സമൂഹത്തെയോ ഭരണകൂടത്തെ തന്നെയോ നിയമങ്ങള്‍ അടിച്ചേല്പിച്ച് നിര്‍മിക്കാന്‍ കഴിയില്ല.  

ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ ഈയിടെ മാത്രമാണ് പൊതുധനകാര്യം ഇത്രവിശാലമായി പരിഗണിച്ചതെങ്കില്‍ ഇസ്‌ലാം അത് പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, പ്രവാചകന്റെ കാലത്തുതന്നെ ആരംഭിച്ചിട്ടുണ്ട്. ദൈവവിശ്വാസത്തിലും ധാര്‍മികബോധത്തിലുമൂന്നിയ ആ സമ്പദ്‌വ്യവസ്ഥ ലോകത്തിനു മുമ്പില്‍ അനുകരണീയ മാതൃക അവതരിപ്പിച്ചിട്ടുമുണ്ട്. ഇതാണ് ബൈതുല്‍മാലിന്റെ ആന്തരാര്‍ഥം.

മരണപ്പെട്ടവന്റെ സ്വത്ത് അനന്തരാവകാശികള്‍ക്കാണെന്നും എന്നാല്‍ ആരെങ്കിലും കടക്കാരനായി മരണപ്പെട്ടാല്‍ അത് താന്‍ ഏറ്റെടുത്തിരിക്കുന്നു എന്നുമുള്ള മുഹമ്മദ്(സ്വ)യുടെ പ്രഖ്യാപനം സമമൂഹക്ഷേമത്തിന് ഇസ്‌ലാമിക വ്യവസ്ഥിതി നല്കിയ പ്രാധാന്യം വിളിച്ചോതുന്നുണ്ട്.  പിന്‍ഗാമികളായ ഭരണാധികാരികളും ഇത് ഏറ്റെടുത്തു. സകാത്തായി കിട്ടിയ ഒട്ടകം മെലിഞ്ഞാല്‍ ഭരണാധികാരിയായ താന്‍ ദൈവത്തിങ്കല്‍ മറുപടിപറയേണ്ടിവരുമെന്ന രണ്ടാം ഖലീഫ ഉമറിന്റെ വേവലാതി അതിന്റെ ഭാഗമായിരുന്നു. വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ വരവുകണ്ടെത്താനും ചെലവ് നിയന്ത്രിക്കാനും കഴിഞ്ഞപ്പോള്‍ ഇസ്‌ലാമിക രാഷ്ട്രത്തിന് ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞുവെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തിയ യാഥാര്‍ഥ്യമാണ്. ഗിബ്ബണും വില്യംമൂറും മൈക്കല്‍ എച് ഹാര്‍ട്ടും ഗോയ്‌ഥേയമെല്ലാം ഈ യാഥാര്‍ഥ്യം രേഖപ്പെടുത്തിയവരാണ്. 

ഇസ്‌ലാമിക സര്‍ക്കാരിന്റെ പൊതുഖജനാവാണ് ബൈതുല്‍മാല്‍ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇവിടെ സമാഹരിക്കപ്പെടുന്ന സ്വത്താണ് സര്‍ക്കാരിന്റെ ധനം, അഥവാ പൊതുമുതല്‍ എന്ന് വ്യവഹരിക്കപ്പെടുന്നത്. പൗരന്മാരില്‍ നിന്ന് മതപരമായും അല്ലാതെയും ശേഖരിക്കുന്ന ധനവും സര്‍ക്കാരിലേക്ക് മറ്റു നിലക്ക് വന്നുചേരുന്ന ധനവുമെല്ലാം ഇവിടെ കേന്ദ്രീകരിക്കപ്പെടുകയും ആവശ്യാനുസരണം ചെലവാക്കപ്പെടുകയും ചെയ്യുക എന്നതാണ് ഇതിന്റെ സംക്ഷിപ്തമായ പ്രവര്‍ത്തന രീതി.

സമൂഹത്തിന്റെയും പൗരന്റെയും മാത്രമല്ല രാജ്യവുമായി ബന്ധപ്പെട്ട ജീവജാലങ്ങളുടെ പോലും ഗുണത്തിന് അനിവാര്യമായതെല്ലാം ഇസ്‌ലാമിക സര്‍ക്കാറിന് സൗജന്യമായി നിര്‍വഹിച്ചുകൊടുക്കാന്‍ കഴിഞ്ഞത് നിറഞ്ഞു കവിഞ്ഞ ഖജനാവുകള്‍കൊണ്ടു മാത്രമായിരുന്നില്ല. അത്യാവശ്യവും ആവശ്യവും അനാവശ്യവും തിരിച്ചറിയാന്‍ കഴിഞ്ഞ സമൂഹമായിരുന്നു അവരെന്നതും ദൈവികനീതിയെ ഭയപ്പെട്ടുകൊണ്ടായിരുന്നു സമാഹരണവും വിതരണവുമെന്നുതുമായിരുന്നു പ്രധാന കാരണം. നിര്‍ണിത അളവിനു മേലെയുള്ള വിഭവങ്ങള്‍ക്ക് അല്ലാഹു നിശ്ചയിച്ച സകാത്ത് നല്കാനും മിച്ചമുള്ളതില്‍ നിന്നും ഇല്ലാത്തവന് യഥേഷ്ടം കൊടുക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹം വളര്‍ന്നപ്പോള്‍ അവിടെ വലിയ നികുതികളും പിഴ സംഖ്യകളും അന്യായമായ നോട്ടടിക്കലുമൊന്നും വേണ്ടിവന്നില്ല. സര്‍ക്കാര്‍ ജനപ്രീതിക്കുവേണ്ടിയോ അനീതിക്കുവേണ്ടിയോ ഇല്ലായ്മയില്‍ നിന്ന് വാരിക്കോരി 'ജനക്ഷേമം' നടത്തിയില്ലെന്നതിനാല്‍ അവര്‍ കടക്കെണിയിലകപ്പെട്ടുമില്ല. ലോകാത്ഭുതമായി ഇന്നും പരിഗണിക്കപ്പെടുന്ന ഉമറിന്റെയും ഉസ്മാന്റെയുമെല്ലാം ക്ഷേമഭരണം ഉട്ടോപ്യയല്ല; പുതിയ സമൂഹങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഇനിയും പരീക്ഷിക്കാവുന്ന ജീവല്‍മാതൃകകളാണ്.

Feedback