നേടാനും സ്വന്തമാക്കാനുമുള്ള ത്വര മനുഷ്യസഹജമാണ്. 'നിങ്ങള്‍ സ്വത്തിനെ വല്ലാതെ സ്‌നേഹിക്കുന്നവരാണ്'(വി.ഖു). 'ശ്മശാനമല്ലാതെ മനുഷ്യന്റെ പൂതിക്ക് അറുതിവരുത്തുകയില്ലെന്ന്' മുഹമ്മദ് നബി(സ്വ) ഉണര്‍ത്തുന്നു. ഇസ്‌ലാം മനുഷ്യന്റെ ഈ ജൈവികതേട്ടത്തെ അംഗീകരിക്കുകയും സമ്പത്ത് എല്ലാ മനുഷ്യരുടെയും ജീവിതത്തിന്റെ അടിസ്ഥാനമാണെന്നതിനാല്‍ അത് നേടുന്നതിലും വിനിയോഗിക്കുന്നതിലും മതപരമോ വര്‍ഗപരമോ ലിംഗപരമോ ആയ വിവേചനങ്ങളില്ലാതെ മനുഷ്യരുടെ സ്വതന്ത്രമായ പരസ്പരം സഹകരണം താല്പര്യപ്പെടുന്നു. കൈകാര്യംചെയ്യാന്‍ കഴിയാത്ത അവിവേകികള്‍ക്ക് അത് നല്കി നശിപ്പിക്കരുതെന്നുമാത്രമാണ് ഇവിടെ ഇസ്‌ലാം നല്കുന്ന നിര്‍ദേശം. “അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുകള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ട് കൊടുക്കരുത്. എന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ അവര്‍ക്ക് ഉപജീവനവും വസ്ത്രവും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക”(4:5).
സമ്പാദിക്കാനും സൂക്ഷിച്ചുവെക്കാനുമെല്ലാം ഇസ്‌ലാം മനുഷ്യന്ന് സ്വാതന്ത്ര്യം നല്കുന്നു. സമ്പത്തെല്ലാം അല്ലാഹുവിന്റെതാണെന്നും എന്നാല്‍ അവന്റെ നിയന്ത്രണത്തിന് വിധേയമായി മനുഷ്യന് അത് സമ്പാദിക്കാമെന്നതുമാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം. സമ്പാദിക്കാനും വിനിമയം ചെയ്യാനും സ്വാതന്ത്ര്യം വേണമെന്നതാണ് ഒരു സാമ്പത്തിക സംവിധാനത്തിന്റെ വളര്‍ച്ചയുടെ ആണിക്കല്ല്. സമ്പത്ത് സംസ്‌കാരമാണ്. സമ്പാദിക്കുന്ന വസ്തുവും സമ്പാദന രീതിയുമെല്ലാം മനുഷ്യന്റെയും സമൂഹത്തിന്റെയും സംസ്‌കാരത്തെ ധ്വനിപ്പിക്കുമെന്നതില്‍ സംശയമില്ല. ആഹാരമാണ് ആദര്‍ശം എന്നു പറയുന്നത് അതുകൊണ്ടാണ്. അപ്പോള്‍ എന്തെല്ലാം, എങ്ങനെയെല്ലാം, എത്രത്തോളം സമ്പാദിക്കാം എന്ന വിഷയത്തില്‍ നിര്‍ണിതമായ വ്യവസ്ഥകളുണ്ടാകുമ്പോഴേ സമ്പാദ്യം മാനവികവും ധാര്‍മികവുമാകൂ.
എന്നാല്‍ ഭൗതിക സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇത് സാധിച്ചിട്ടില്ല. കമ്യൂണിസവും കാപിറ്റലിസവും സോഷ്യലിസവുമെല്ലാം ഈ രംഗത്ത് പരാജയപ്പെട്ടതാണ് ചരിത്രം. ഇവിടെ കൃത്യമായ നിയന്ത്രണങ്ങള്‍ വെക്കാന്‍ മനുഷ്യ മനീഷക്ക് അസാധ്യമാണെന്നതാണ് നേര്. അടിസ്ഥാനപരമായ ശരിതെറ്റുകള്‍ തീരുമാനിക്കാന്‍ ബുദ്ധി അപര്യാപ്തമാണെന്നിരിക്കെ ഇവിടെ ദൈവ നിര്‍ദേശങ്ങള്‍ തന്നെ അതിരുകള്‍ വരക്കണം. മറ്റേത് കാര്യങ്ങളെയും പോലെ വെറും നിയമനിര്‍മാണം കൊണ്ട് സമ്പാദനമേഖല മാനവികമാക്കുക സാധ്യമല്ല. കൃത്യമായ ദൈവിക ബോധത്തിലൂടെ, നിരങ്കുശമായ ദൈവികവിചാരണയെ കുറിച്ച ഭയം കൂടി ഉണ്ടായാലേ ഇതു സാധ്യമാകൂ. അതുകൊണ്ടു തന്നെ ഇസ്‌ലാം ഈ രംഗത്ത് ദൈവബോധത്തില്‍ അധിഷ്ഠിതമായ നിലയില്‍ വളരെ കൃത്യവും സുതാര്യവും പ്രായോഗികവുമായ നിയമങ്ങളും വ്യവസ്ഥകളും മുന്നോട്ടുവെച്ചിട്ടുണ്ട്.
ഒരു മനുഷ്യന്‍ ഏറെ സമ്പാദിക്കുന്നത് ഇസ്‌ലാം വിലക്കുന്നില്ലെന്നു മാത്രമല്ല അത് പ്രോത്സാഹിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. 'നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഭൗതികാനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടുന്നതില്‍ കുറ്റമൊന്നുമില്ല' (2:198). ഇത് ഇസ്‌ലാം നിശ്ചയിച്ച വ്യവസ്ഥകളോടെ ആയിരിക്കണമെന്നേയൂള്ളൂ. മനുഷ്യന്റെ പ്രഥമ ബാധ്യതയായ സ്രഷ്ടാവിനെ ആരാധിക്കുന്നതില്‍ വീഴ്ചവരുത്തരുത്. എന്നാല്‍ ഭക്തി വര്‍ധിപ്പിക്കാനായി ആരാധനയില്‍ തന്നെ മുഴുകണമെന്നില്ല, സമ്പാദിക്കുന്ന മേഖലയില്‍ ദൈവസ്മരണയുണ്ടായാല്‍ മതി. 'അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം' (62:10). നല്ല മനുഷ്യന് നല്ല സ്വത്ത് എത്ര നല്ലതാണ് എന്നാണ് നബി(സ്വ) പറയുന്നത് (ബുഖാരി).
ഭൗതികതയെ പരിത്യജിച്ച് സന്ന്യാസം സ്വീകരിച്ചവനാണ് ദൈവത്തിങ്കല്‍ മഹോന്നതനെന്നു ചില മതങ്ങള്‍ വിലയിരുത്തുമ്പോള്‍, ഇസ്‌ലാം ഈ ഭൂമിയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ദൈവപ്രീതിയും പരലോകമോക്ഷവും നേടാനാണ് ആവശ്യപ്പെടുന്നത്. '(നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു' (7:32).
ന്യായമായ സമ്പാദ്യത്തിന് ഇസ്‌ലാം പൂര്‍ണസുരക്ഷയും ഉറപ്പാക്കുന്നുണ്ട്. മോഷ്ടാവിന്റെ കൈമുറിക്കണമെന്നും, വീണുകിട്ടുന്ന വസ്തു ഉപയോഗിക്കാന്‍ പാടില്ലെന്നും, ഒരാളുടെ ഒരുതുണ്ടം ഭൂമി ക്രമവിരുദ്ധമായി കൈക്കലാക്കിയാല്‍ ഏഴു ഭൂമിയുടെ ശിക്ഷ അനുഭവിക്കണമെന്നും, സകാത്ത് സ്വീകരിക്കുമ്പോള്‍ ഏറ്റവും നല്ലത് തന്നെ തരാന്‍ നിര്‍ബന്ധിക്കരുതെന്നും, കൊള്ളക്കാരനെ കൈകാലുകള്‍ ഛേദിക്കുന്നത് വരെയുള്ള കടുത്തശിക്ഷക്ക് വിധേയമാക്കാമെന്നും, കച്ചവടത്തില്‍ അനീതി അരുതെന്നും, ചതിയും വഞ്ചനയും മുഖേനെ ഇടപാടുകള്‍ നടത്തരുതെന്നുമായി കര്‍ശനമായ നിര്‍ദേശങ്ങള്‍ ഇസ്‌ലാമിക സംഹിത മുന്നോട്ടുവെച്ചത് സമ്പാദ്യത്തിന് സുരക്ഷയേകാനാണ്. സ്വത്ത് സംരക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണെന്ന് നബി(സ) പറഞ്ഞുവെച്ചത് ഇതിന്റെ പ്രാധാന്യം സൂചിപ്പിക്കുകയാണ്.
അല്ലാഹുവിന്റെ വിചാരണക്ക് വിധേയമാക്കപ്പെടുന്ന വിഷയമാണ് സമ്പാദനം. കൃത്യമായ ആ കണക്കെടുപ്പില്‍ വരവും ചെലവും സൂക്ഷ്മമായി വിലയിരുത്തപ്പെടുമെന്ന് നബി(സ്വ) ഓര്‍മപ്പെടുത്തുന്നു. എവിടെ നിന്നാണ് സമ്പാദിച്ചത് എന്നും എന്തിലാണ് ചെലവഴിച്ചത് എന്നും ചോദിക്കപ്പെടാതെ പരലോകത്ത് ഒരാളുടെ പാദങ്ങളും നീങ്ങുകയില്ല (തിര്‍മിദി 2417).