Skip to main content

ധന ഉടമസ്ഥത

ആധുനിക കാലത്ത് നിലവില്‍ വന്ന പ്രധാന സാമ്പത്തിക വീക്ഷണങ്ങളാണ് ക്യാപിറ്റലിസവും കമ്യൂണിസവും സോഷ്യലിസവും. മുതലാളിയെ മാത്രം പരിഗണിക്കുന്ന ക്യാപിറ്റലിസവും തൊഴിലാളിക്ക് അമിതപ്രാധാന്യം നല്കിയ കമ്യൂണിസവും അതിന്റെ ഫലമായി ഉണ്ടാകേണ്ടതെന്നു കരുതുന്ന എല്ലാവര്‍ക്കും തുല്യാവകാശമെന്ന സോഷ്യലിസവും സമ്പത്തിനോടും ഉടമസ്ഥാവകാശത്തോടും വെച്ചുപുലര്‍ത്തിയ നിലപാടുകള്‍ ക്രിയാത്മകമായിരുന്നില്ല എന്നതാണ് അവയുടെ പരാജയ കാരണം. കമ്യൂണിസവും ഉപോത്പന്നമായ സോഷ്യലിസവും ഇന്ന് ലോകത്ത് നിന്ന് നിഷ്‌ക്രമിച്ചു. മുതലാളിത്തമാകട്ടെ മനുഷ്യത്വ വിരുദ്ധതയില്‍ കൂടുതല്‍ അക്രാമകമായി ഭീകരത സൃഷ്ടിക്കുകയാണ്. 

ആധുനിക ധനതത്ത്വശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന, മുതാലളിത്ത ആശയദാതാവായ ആഡംസ്മിത്ത്, സോഷ്യലിസത്തിന്റെ മഹാസ്വപ്നം കണ്ട കാള്‍ മാര്‍ക്‌സ് മുതലായവര്‍ പരാജയപ്പെട്ടത് മാനവികതയിലൂന്നിയ പ്രായോഗികതയിലാണ്.  ഇസ്‌ലാമിന്റെ വീക്ഷണം ഇവയില്‍ നിന്ന് വ്യത്യസ്തമാണ്. സമ്പത്ത് പൂര്‍ണമായും പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെതാണ്. ''അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളത്. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാകുന്നു''(31:26). എന്നാല്‍ അത് നിശ്ചിത അളവിലും അവധിയിലും ഉപയോഗിക്കാന്‍ അവന്‍ എല്ലാ ജന്തുക്കള്‍ക്കും ജീവിജാലങ്ങള്‍ക്കും അനുമതി നല്കിയിട്ടുണ്ട്. ''ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്''(11:6). ''സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍''(29:60).

വിഭവ ഉപയോഗ, സൂക്ഷിപ്പ് നല്കപ്പെട്ട മനുഷ്യന്‍ തികച്ചും വ്യത്യസ്തനാണ്. ''അവനാകുന്നു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്''(67:15).

ദൈവം നല്കിയ സ്വത്തിന്റെ സംരക്ഷണമാണ് മനുഷ്യന്റെ ചുമതല. ദൈവികമായ നിര്‍ദേശങ്ങള്‍ക്കനുസൃതമായി അത് പരിപാലിക്കുകയും വളര്‍ത്തുകയും വിനിയോഗിക്കുകയുമാണ് ഇത്‌കൊണ്ട് അര്‍ഥമാക്കുന്നത്. ഈ വിതരണത്തില്‍ ദൈവം ഏറ്റപ്പറ്റുകളും സംവിധാനിച്ചിട്ടുണ്ട്. ചീര്‍പ്പു പല്ലുകള്‍ പോലെ എല്ലാവരും സാമ്പത്തികമായി സമന്മാരാവുക എന്നത് മനുഷ്യജീവിതത്തില്‍ പ്രായോഗികമല്ലെന്നതിനാലാണത്. 'അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ സേവകരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം''(43:32).

ഈ വിഭജനം ദൈവികമായ പരീക്ഷണം കൂടിയാണ്. ഓരോ മനുഷ്യനും ജന്മനാ വ്യത്യസ്ത കഴിവുകളുള്ളവരാണ്. ഈ ഭൂമിയിലെ ജീവിതം ആശ്വാസകരമാകാന്‍ ഈ വൈവിധ്യങ്ങള്‍ അനിവാര്യമാണ്. തൊഴില്‍ ദാതാവുണ്ടാകുമ്പോഴേ തൊഴിലാളിക്ക് നിലനില്പുള്ളൂ. എല്ലാവരും സമ്പന്നരായാല്‍ സമ്പത്ത് വളര്‍ത്തുന്നതിനാവശ്യമായ ജോലിക്ക് ആളില്ലാതെ വരും. എല്ലാവരും ഒരുപോല ദരിദ്രരോ സമ്പന്നരോ ആയാല്‍ സമ്പത്ത് നിര്‍മിക്കാനോ ഉപയോഗിക്കാനോ കഴിയാതെ വരും. അതിനാല്‍ മനുഷ്യര്‍ പരസ്പര സഹകാരികളാകാനും ഈ ഏറ്റക്കുറച്ചിലുകള്‍ ആവശ്യമാണ്. 

സ്വത്ത് കൈകാര്യത്തിലെ നൈപുണിയിലും മനുഷ്യര്‍ വ്യത്യസ്തരാണ്. ഒരു പിതാവിന്റെ കൂടെ കച്ചവടം പഠിച്ച രണ്ടു മക്കള്‍ക്ക് ഒരേസ്ഥലത്ത് ഒരേപോലുള്ള രണ്ട് കടകള്‍ നിര്‍മിച്ചുകൊടുത്താല്‍ രണ്ടുപേരുടെയും വരുമാനം തുല്യമായിരിക്കില്ലെന്നത് യാഥാര്‍ഥ്യമാണ്.

സമ്പന്നന്‍ തന്റെ ബാധ്യതകള്‍ നിര്‍വഹിച്ചാല്‍ അവന്‍ സുരക്ഷിതനാകും. ഇല്ലാത്തവര്‍ക്ക് കൊടുക്കാന്‍ വിസമ്മതിച്ച ചില സമ്പന്നന്മാരെ ഭൂമിയില്‍ നിന്നു തന്നെ ദൈവം പിടികൂടിയ  സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രം പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ (68:17-33), (28:76-82). ദൈവം പ്രിയപ്പെട്ടവര്‍ക്ക് നല്കുന്നതാണ് സമ്പത്ത് എന്ന ധാരണ ഖുര്‍ആന്‍ തിരുത്തിയിട്ടുണ്ട്.(23:55,56) അതുപോലെ ദരിദ്രന്‍ സങ്കടങ്ങള്‍ സഹിച്ചാല്‍ ദൈവം പ്രതിഫലം നല്കും എന്നത് ദരിദ്രരെ അടിച്ചമര്‍ത്താനായി സമ്പന്നര്‍ക്കുവേണ്ടി പുരോഹിതന്മാര്‍ നിര്‍മിച്ചതല്ല.  

Feedback