വിശുദ്ധ ഖുര്‍ആനിലെ 42ാമത്തെ അദ്ധ്യായത്തിന്റെ പേര് അശ്ശൂറാ എന്നാണ്. കൂടിയാലോചന എന്നാണ് അതിന്റെ അര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളിലും പ്രവാചക വചനങ്ങളിലും കൂടിയാലോചനയുടെ പ്രാധാന്യവും ഗൗരവവും നമ്മെ ബോധ്യപ്പെടുത്തുന്ന നിരവധി പരാമര്‍ശങ്ങളുണ്ട്. പരലോകത്ത് വിജയം വരിക്കുന്നവരുടെ പ്രത്യേകതകള്‍ വിവരിക്കവെ അല്ലാഹു പറയുന്നു. 'തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണവര്‍' (42:38).
ദിവ്യവെളിപാട് ലഭിച്ചു കൊണ്ടിരുന്ന മുഹമ്മദ് നബി(സ്വ) സൃഷ്ടികളില്‍ ഉത്തമനാണ്. എന്നിട്ടുപോലും കാര്യങ്ങളില്‍ കൂടിയാലോചന അനിവാര്യമാണെന്ന് അല്ലാഹു നബിയോട് കല്‍പിക്കുന്നു. മതപരമായ നിയമങ്ങളും കല്‍പനകളും ദൈവികമായതിനാല്‍ ദിവ്യ വെളിപാടിന്റെയും നബി(സ്വ)യുടെ വിശദീകരണത്തിന്റെയും അടിസ്ഥാനത്തില്‍ പിന്‍പറ്റാന്‍ നാം ബാധ്യസ്ഥരാണ്. അതില്‍ കൂടിയാലോചനയ്‌ക്കോ മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്കോ പ്രസക്തിയേതുമില്ല. എന്നാല്‍ ഭൗതിക കാര്യങ്ങളില്‍ നബി(സ്വ)യെക്കാള്‍ പ്രാപ്തിയും അറിവും പരിചയവും ഉള്ള ആളുകള്‍ ഉണ്ടാകുമെന്നതിനാല്‍ നബി(സ്വ) മറ്റുള്ളവരുമായി കൂടിലോചനക്ക് തയ്യാറാവണമെന്ന് അല്ലാഹു കല്‍പിക്കുന്നു (42:38).
പ്രതിരോധമെന്ന നിലയ്ക്ക് യുദ്ധങ്ങള്‍ക്ക് സൈനിക സജ്ജീകരണം നടത്തിയ പ്രവാചകന്‍(സ്വ) യുദ്ധങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനുചരരോട് കൂടിയാലോചിച്ചു. ബദ്ര്‍ യുദ്ധത്തിന് പുറപ്പെടുന്നതിനെ സംബന്ധിച്ച് കൂടിയാലോചിച്ചു. പിന്നീട് അബൂസുഫ്‌യാന്റെ നേതൃത്തിലുള്ള കച്ചവട സംഘം രക്ഷപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ യാത്ര തുടരണമോയെന്ന് കൂടിയാലോചിച്ചു. യുദ്ധത്തില്‍ സ്വീകരിക്കേണ്ട രീതിയെ സംബന്ധിച്ചും നിലയുറപ്പിക്കേണ്ട ഇടത്തെകുറിച്ചും അനുയായികളുടെ അഭിപ്രായമാരാഞ്ഞു. യുദ്ധം വിജയിച്ചപ്പോള്‍ യുദ്ധത്തടവുകാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കൂടിയാലോചിച്ചു.
ഉഹ്ദില്‍ മുസ്‌ലിംകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ കാരണങ്ങളിലൊന്ന് മദീനയ്ക്കു പുറത്ത് പോയതാണെന്ന് വിലയിരുത്താവുന്നതാണ്. യുവസ്വഹാബികളുടെ അഭിപ്രായം മാനിച്ചാണ് മദീനക്കു പുറത്തു പോയത്. എന്നിട്ടും പ്രവാചകനോ പ്രമുഖ സ്വഹാബികളോ തങ്ങളുടെ അഭിപ്രായം അംഗീകരിക്കാത്തതിനാലാണ് അപകടം പറ്റിയത് എന്ന് പറഞ്ഞില്ല. നബി(സ്വ)യുടെ പത്‌നി ആഇശ(റ)യെക്കുറിച്ച് ചിലരുടെ കുതന്ത്രത്താല്‍ അപവാദം പ്രചരിച്ചത് നബി(സ്വ)ക്ക് ഏറെ മനോവിഷമമുണ്ടാക്കി. പ്രസ്തുത സംഭവത്തെക്കുറിച്ചു പോലും നബി തന്റെ സന്തത സഹചാരികളുമായി ചര്‍ച്ച നടത്തി.
കുടുംബം മുതല്‍ രാഷ്ട്രംവരെയുള്ള സാമൂഹിക സ്ഥാപനങ്ങളുടെ സുഗമമായ നിലനില്‍പ്പിന് അതില്‍ അംഗങ്ങളായിട്ടുള്ള എല്ലാവരുടെയും അഭിപ്രായ ഐക്യവും തീരുമാനങ്ങളും അനിവാര്യമാണ്. നേതൃപദവിയിലുള്ളവര്‍ തങ്ങളുടെ സഹചരരുമായി കാര്യങ്ങള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കണം. സ്വാര്‍ഥ താത്പര്യങ്ങളില്ലാതെ ന്യായമായ അഭിപ്രായങ്ങളെ മാനിക്കാനും ഗുണകരമായത് സ്വീകരിക്കാനുമുള്ള വിശാലമനസ്സാണ് ഉണ്ടാവേണ്ടത്. ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ നടപ്പിലാക്കപ്പെടുന്ന കാര്യങ്ങള്‍ പുര്‍ണ സഹകരണത്തോടെ വിജയപ്രാപ്തിയിലെത്തും. ഓരോരുത്തര്‍ക്കും സ്വാഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നല്‍കി ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ കാര്യങ്ങള്‍ തീരുമാനിക്കുക എന്നതാണ് സ്വീകരിക്കേണ്ട നിലപാട്.
ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കും മാത്രം ബാധകമായ ഒന്നല്ല കൂടിയാലോചന. രണ്ടോ അതിലധികമോ ആളുകളുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നത്തിലും തീരുമാനമെടുക്കുന്നത് കൂടിയാലോചനയിലൂടെയായിരിക്കണമെന്ന് അല്ലാഹു ഖുര്‍ആനിലൂടെ കല്പിക്കുന്നു(2:233).
ഖലീഫ ഉമറുല്‍ ഫാറൂഖ് കുത്തേറ്റ് ആസന്ന മരണനായിരിക്കെ ജനങ്ങളുമായി കൂടിയാലോചിച്ച ശേഷം ഭാവി ഭരണാധികാരിയെ തിരഞ്ഞെടുക്കാന്‍ ആറംഗസമിതിയെ നിശ്ചയിച്ചു. സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട ആ ആറു പേരില്‍ കുഴപ്പത്തിന് കാരണക്കാരാവുന്നവരെ വധിച്ചുകളയാനും ഖലീഫ നിര്‍ദേശം നല്‍കി. കൂട്ടായ്മയില്‍ കൂടിയാലോചനയിലൂടെ ഒരു കാര്യം തീരുമാനിച്ചാല്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്.