ഉന്നത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനായി ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതിനെ അവഗണിച്ചുകൊണ്ട് സാഹസപ്പെടാനുള്ള സന്നദ്ധതയാണ് ത്യാഗം. സത്യവിശ്വാസികള്‍ ത്യാഗം എന്ന മഹദ് ഗുണത്തിന്റെ ഉടമകളായിരുന്നാല്‍ മാത്രമേ സത്കര്‍മങ്ങളില്‍ മുന്നേറാനാവുകയുള്ളു. പ്രവാചകന്മാരുടെയും സച്ചരിതരുടെയും ജീവിതപ്പാത ത്യാഗത്തിന്റേതായിരുന്നു. സത്യവിശ്വാസത്തിന്റെ ദൃഢതകൊണ്ട് സത്യപ്രബോധനത്തിന്റെ വഴിയെ ത്യാഗോജ്ജ്വലമാതൃകകള്‍ കാണിച്ചു തന്ന അവരുടെ ചരിത്രം വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും ധാരാളമാണ്. സഹനത്തിലും ക്ഷമയിലും മികവ് പുലര്‍ത്തി ജീവിച്ചവര്‍ക്കാണ് അല്ലാഹുവിന്റെ സഹായവും വിജയവും ഉണ്ടായിത്തീരുന്നത്. ത്യാഗമനോഭാവവും അര്‍പ്പണ ബോധവുമാണ് ക്ഷമിക്കാന്‍ വിശ്വാസികള്‍ക്ക് കരുത്തേകുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച പ്രവാചക ചരിതങ്ങളും ത്യാഗമനസ്‌കതയുടെ മകുടോദാഹരണങ്ങളാണ്.
തൊള്ളായിരത്തി അമ്പതാണ്ട് ഒരേ സത്യം സമൂഹത്തോട് പറഞ്ഞു നോക്കിയ നൂഹ് നബി(അ) തെല്ലും മടുപ്പോ, നിരാശയോ ഇല്ലാതെ തന്റെ ദൗത്യം തുടര്‍ന്നു. ദുഃശാഠ്യത്തിലും നിഷേധത്തിലുമുറച്ചു നിന്ന ആ ജനത സത്യത്തിന് ചെവികൊടുത്തില്ല. പ്രതികൂലതകളെ തീര്‍ത്തും അവഗണിച്ച് തന്നിലര്‍പ്പിതമായ ദൗത്യം നിര്‍വ്വഹിക്കാന്‍ നൂഹ്‌നബി(അ) കാണിച്ച ത്യാഗസന്നദ്ധതയെയാണ് നമുക്ക് മാതൃകയാക്കാനുള്ളത്. അല്ലാഹു ഇക്കാര്യം ഇപ്രകാരം വ്യക്തമാക്കിത്തരുന്നു. 'നാഥാ രാവും പകലും ഞാനെന്റെ ജനത്തെ വിളിച്ചു, എന്നാല്‍ എന്റെ ക്ഷണം അവരെ കൂടുതല്‍ അകറ്റുകയാണുണ്ടായത്. നീ അവര്‍ക്ക് മാപ്പേകാനായി ഞാനവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു. വീണ്ടും ഞാനവരെ ഉറക്കെ വിളിച്ചു. പിന്നെ പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി' (71:5-9).
അക്ഷരാര്‍ഥത്തില്‍ അഗ്നിപരീക്ഷണങ്ങള്‍ക്ക് തന്നെ വിധേയനാകേണ്ടിവന്ന ഇബ്‌റാഹീം(അ) ത്യാഗത്തിന്റെ കഠിന വഴിയിലൂടെ നടന്നുനിങ്ങിയതുകൊണ്ടാണ് അദ്ദേഹം മാതൃകാ നേതാവും അല്ലാഹുവിന്റെ ഉറ്റമിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടത്. ഖുര്‍ആന്‍ പറയുന്നു: 'ഇബ്രാഹിം സ്വയം തന്നെ ഒരു പൂര്‍ണ സമുദായമായിരുന്നു. അല്ലാഹുവിനോട് വണക്കമുള്ളവനും ഏകാഗ്രചിത്തനും. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല. അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ ലോകത്ത് അദ്ദേഹത്തിന് നന്മ നല്‍കി. പരലോകത്ത് തീര്‍ച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലാകുന്നു. (16:120-122). നാട് ഭരിക്കുന്ന രാജാവ് ആദര്‍ശ വിരോധത്തിന്റെ പേരില്‍ ബദ്ധവൈരിയായിത്തീര്‍ന്ന് ഇബ്‌റാഹീമിനെ അഗ്നികുണ്ഠത്തിലെറിഞ്ഞപ്പോള്‍ പതറാതെ ഇബ്‌റാഹീം(അ) ധീരമായി അതിനെ നേരിട്ടു, ജീവിത സായാഹ്‌നത്തില്‍ അല്ലാഹു കനിഞ്ഞേകിയ പൊന്നോമനയെയും അവന്റെ മാതാവിനെയും ജനശൂന്യവും ജലശൂന്യവും ഫലശൂന്യവുമായ മക്കാ താഴ്‌വരയില്‍ താമസിപ്പിച്ചതിലൂടെ ത്യാഗത്തിന്റെ മഹിതമാതൃക അദ്ദേഹം വരച്ചുകാട്ടിത്തന്നു. സ്വന്തം മകനെ ബലി നല്‍കാന്‍ കല്പിക്കപ്പെട്ടപ്പോള്‍ ത്യാഗബുദ്ധിയോടെ സന്നദ്ധനായി. ഹാജര്‍ എന്ന സ്ത്രീനാമം ത്യാഗം തിങ്ങുന്ന ഇബ്‌റാഹീം സ്മരണകളെ പൂര്‍ണമാക്കുന്ന മഹിത മാതൃകയാണ്. അതിരു കാണാത്ത വിശാല താഴ്‌വരയില്‍ ജീവന്റെ തുടിപ്പുപോലുമില്ലാതെ ആ മഹതി, തോല്‍സഞ്ചിയില്‍ അല്പം വെള്ളവും ഇത്തിരി കാരക്കയും മത്രം കരുതി, വെയില്‍ കത്തുന്ന പകലില്‍, രാത്രിയുടെ അന്ധകാരത്തില്‍, ഭീകര നിശ്ശബ്ദതയില്‍ ഏകയായി കഴിച്ചുകൂട്ടിയത് സഹനത്തിന്റെ അനന്യമാതൃക നമുക്ക് കാണിച്ചുതന്നുകൊണ്ടാണ്. ദൃഢവിശ്വാസത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് ജീവിക്കുന്ന ത്യാഗിവര്യരായവര്‍ക്ക് ദൈവസഹായമുണ്ടാകുമെന്നുകൂടി ചരിത്രം ഓര്‍മിപ്പിക്കുന്നു. പ്രവാചകരിലും സ്വഹാബികളിലും സ്വഹാബി വനിതകളിലും സച്ചരിതരിലുമെല്ലൊം ത്യാഗനിര്‍ഭരജീവിതത്തിന്റെ അനന്യമാതൃകകള്‍ ഇനിയും വായിച്ചെടുക്കാനാവും.