Skip to main content

തഖ്‌വാ (സൂക്ഷ്മത)

ഒരിക്കല്‍ ഖലീഫ ഉമര്‍(റ) മുഹമ്മദ് നബി(സ്വ)യുടെ അനുചരരില്‍ പ്രധാനിയായ ഉബയ്യ്(റ)നോട് 'തഖ്‌വാ'യുടെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കുകയുണ്ടായി. തല്‍സമയം ഉബയ്യ്(റ) ഉമര്‍(റ)നോട് ഇപ്രകാരം ചോദിച്ചു. താങ്കള്‍ മുള്ള് ധാരാളമുള്ള ഇടവഴിയിലൂടെ സഞ്ചരിക്കാറുണ്ടോ? ഉമര്‍(റ): 'അതേ'. ഉബയ്യ്: 'അപ്പോള്‍ താങ്കള്‍ എന്താണ് ചെയ്യാറുള്ളത്?' ഉമര്‍(റ): 'ഞാന്‍ ശരിക്കും സൂക്ഷ്മത പുലര്‍ത്തി കാലുകളെടുത്ത് വെക്കും.' ഉബ്ബയ്യ്(റ) പറഞ്ഞു: 'തഖ്‌വാ' എന്നതിന്റെ ഉദ്ദേശ്യവും അത് തന്നെയാണ്' (തഫ്‌സീര്‍ ഖുര്‍തുബി 1-145).

ഐഹിക ജീവിതം തിന്മകളുടെയും നിഷിദ്ധങ്ങളുടെയും അപകടവഴികള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ്. ചുറ്റുവട്ടങ്ങളില്‍ കാഴ്ചയെയും കേള്‍വിയെയും മനസ്സിനെയും തിന്മകളിലേക്ക് മാടിവിളിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ടാവുമ്പോള്‍ അതില്‍ അകപ്പെടാതെ ജീവിക്കാന്‍ ധാര്‍മിക വിശുദ്ധി സദാ കൈകൊള്ളേണ്ട വിശ്വാസി ജാഗരൂകനായിരിക്കുകയും കരുതലോടെ വാഗ്‌വിചാരകര്‍മങ്ങളെ നിയന്ത്രിക്കുകയും വേണം. തിന്മകളിലേക്ക് വഴുതിവീഴാതെ നന്മയിലും ധര്‍മത്തിലും സ്ഥിരതയുള്ളവരായി ജീവിക്കാന്‍ വിശ്വാസി സ്വീകരിക്കേണ്ട സൂക്ഷ്മതയും നിയന്ത്രണവുമാണ് 'തഖ്‌വാ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വിശുദ്ധഖുര്‍ആന്‍ മാനവകുലത്തിന് ആകമാനമുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. തിന്മകളുടെ കുരുക്കുകളെ ഭേദിച്ച് സദാചാര ബോധത്തിന്റെയും നന്മയുടെയും ശോഭയുള്ള സന്മാര്‍ഗികപാതയെ വിശുദ്ധ ഖുര്‍ആന്‍ വെട്ടിത്തെളിച്ചുതന്നു. അത് സന്മാര്‍ഗമായി ഉള്‍ക്കൊള്ളാനും ആ വഴി സഞ്ചരിക്കാനും സാധിക്കുന്നത് 'തഖ്‌വാ'യുള്ളവര്‍ക്ക് മാത്രമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

'തഖ്‌വ'യുള്ളവര്‍ക്ക് ഖുര്‍ആന്‍ സന്മാര്‍ഗദര്‍ശനമാണ് (2:2).

സത്യവിശ്വാസത്താല്‍ പ്രേരിതമായി സത്കര്‍മങ്ങളില്‍ നിരതരാവുന്നതുപോലെ ദുഷ്‌കര്‍മങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും അചഞ്ചലമായ ദൈവവിശ്വാസവും പരലോകഭയവുമാണ് കാരണമാവുന്നത്. പൈശാചിക പ്രേരണയാല്‍ തിന്മകളിലേക്ക് വഴുതിവീഴാതെ ജീവിക്കാന്‍ സര്‍വജ്ഞനായ അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ദൃഢബോധ്യമാണ് വേണ്ടത്. സത്യവിശ്വാസികള്‍ക്ക് സത്കര്‍മങ്ങളിലേക്ക് പ്രചോദനമേകുന്നതും ദുഷ്‌കര്‍മങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്നതുമായ 'തഖ്‌വാ' എന്ന സദ്ഗുണമുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നു (3:76). സ്വര്‍ഗം 'തഖ്‌വാ'യുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു (3:133). അല്ലാഹു 'തഖ്‌വാ'യുള്ളവരുടെ രക്ഷകനാണ് (45:19). വ്രതാനുഷ്ഠാനം വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയതിന്റെ ഉദ്ദേശ്യലക്ഷ്യമായി അല്ലാഹു എടുത്തുപറയുന്നത് 'തഖ്‌വാ'യുള്ളവരാകാന്‍ വേണ്ടി എന്നതാണ് (2:183). വിശുദ്ധ ഹജ്ജ് കര്‍മത്തിന് പാഥേയമൊരുക്കുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു ഇപ്രകാരം ഉണര്‍ത്തി ''നിങ്ങള്‍ യാത്രാഭക്ഷണം സജ്ജമാക്കുവിന്‍, യാത്രാഭക്ഷണങ്ങളില്‍ ഏറ്റവും ഉത്തമമായത് 'തഖ്‌വാ'യാണ് (2:197).

മനുഷ്യകര്‍മങ്ങളുടെ നിയന്ത്രണകേന്ദ്രം മനസ്സാണ്. ദുഷ്ചിന്തകളില്‍നിന്ന് മനസ്സിനെ വിമലീകരിക്കാന്‍ 'തഖ്‌വാ' എന്ന സദ്ഗുണമുള്ളവര്‍ക്കേ കഴിയുകയുള്ളൂ. നബി(സ്വ) ഹൃദയത്തിന് നേരെ ചൂണ്ടി പറഞ്ഞു '' തഖ്‌വാ ഇവിടെയാണ്, തഖ്‌വാ ഇവിടെയാണ് തഖ്‌വാ ഇവിടെയാണ്'' (മുസ്‌ലിം).

 

Feedback