Skip to main content

സൗമ്യത

മുഹമ്മദ് നബി(സ്വ) ആദര്‍ശ വൈരികള്‍ക്കിടയില്‍ പോലും പ്രിയപ്പെട്ടവനായിരുന്നു. തിരുദൂതര്‍ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും കാത്തുസൂക്ഷിച്ച സൗമ്യതയായിരുന്നു അതിനു കാരണം. ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ''(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞു പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പു കൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്'' (3:159). ഈ മാതൃകയാണ് വിശ്വാസികള്‍ പിന്‍പറ്റി ജീവിക്കേണ്ടത്.

തിരുദൂതര്‍ സദാ സൗമ്യഭാവം പുലര്‍ത്തിയിരുന്നു. അത് ഭീരുത്വമോ ദൗര്‍ബല്യമോ ആയിരുന്നില്ല. വിഷമമുണ്ടായാല്‍ പോലും അപ്രതീക്ഷിതമായ ദൈവിക സഹായത്തിന് നബി(സ്വ)യെയും അനുചരരെയും അര്‍ഹമാക്കിയത് സൗമ്യമായ ഇടപെടലുകളായിരുന്നു. സത്യവിശ്വാസികളുടെ സത്‌സ്വഭാവത്തിന് മാറ്റു കൂട്ടുന്ന സൗമ്യതയെക്കുറിച്ച് നബി(സ്വ) അരുളി: ഒരു കുടുംബത്തിന് അല്ലാഹു അനുഗ്രഹം നല്‍കാന്‍ ഉദ്ദേശിച്ചാല്‍ അവര്‍ക്കല്ലാഹു സൗമ്യത പ്രദാനം ചെയ്യും. എന്നാല്‍ തിന്‍മയാണുദ്ദേശിച്ചതെങ്കില്‍ സൗമ്യതയെ അവരില്‍ നിന്ന് എടുത്തു കളയുകയും ചെയ്യും(അഹ്മദ്). മറ്റൊരിക്കല്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: അല്ലാഹു സൗമ്യനും സൗമ്യത ഇഷ്ടപ്പെടുന്നവനുമാണ്. സൗമ്യതയുളളവര്‍ക്ക,് പരുഷപ്രകൃതമുള്ളവര്‍ക്കോ മറ്റുള്ളവര്‍ക്കോ നല്‍കാത്തത് അവന്‍ നല്‍കുന്നതാണ് (മുസ്‌ലിം). സൗമ്യത വെടിഞ്ഞ് കര്‍ക്കശ നിലപാട് റസൂല്‍(സ്വ) സ്വീകരിച്ചത് ആദര്‍ശത്തിന്റെ വിഷയത്തില്‍ മാത്രമാണ്. വ്യക്തിപരമായ വിരോധം തീര്‍ക്കാനോ പകപോക്കലിനോ അവസരം കാത്തിരിക്കാതെ അവസരങ്ങള്‍ ഒത്തുവന്നിട്ടും ക്ഷമയും സൗമ്യതയും മുറുകെ പിടിച്ച് അവധാനതയോടെ ഇടപെടുകയായിരുന്നു. മതത്തിന്റെ പവിത്രത കളങ്കപ്പെടുന്നതിനെ നിതാന്ത ജാഗ്രതയോടെ കണ്ടിരുന്നു. ഒരിക്കല്‍ ഉമര്‍(റ) ഒരു ജൂതനെ കണ്ടുമുട്ടി. ജൂതന്‍ തൗറാത്തിലെ ഒരു വചനം ഉദ്ധരിച്ചതില്‍ അദ്ദേഹം ആകൃഷ്ടനായി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ജൂതന്‍ അതിന്റെ ഒരു പകര്‍പ്പ് നല്‍കി. പിന്നീട് ഉമര്‍(റ) പ്രസ്തുത പകര്‍പ്പുമായി നബി(സ്വ)യുടെ അടുത്തെത്തി. അത് വായിച്ചു കേള്‍പ്പിച്ചു. ഉമര്‍(റ) അതില്‍ ആകൃഷ്ടനായത് പ്രവാചകന്റെ ശ്രദ്ധയില്‍പെട്ടു. പൂര്‍വവേദങ്ങള്‍ യഥേഷ്ടം കൈകാര്യം ചെയ്യുന്നത് ആളുകള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇടവരുത്തും ഈര്‍ഷ്യയോടെയായിരുന്നു നബി(സ്വ)യുടെ പ്രതികരണം. ഖത്താബിന്റെ മകനേ, നിങ്ങള്‍ എന്റെ നിയമസംഹിതയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണോ? എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവന്‍ തന്നെ സത്യം. സ്ഫടികസമാനമായ ധവളിമയിലാണ് ഞാനത് നിങ്ങള്‍ക്ക് അവതരിപ്പിച്ചത്. അവരോട് ഒന്നിനെക്കുറിച്ചും ചോദിക്കരുത്. അവര്‍ സത്യം പറഞ്ഞാല്‍ നിങ്ങളത് അവിശ്വസിക്കാനും അബദ്ധം പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കാനും സാധ്യതയുണ്ട്. എന്റെ ആത്മാവ് ആരുടെ കരങ്ങളിലാണോ മൂസാ(അ) ജീവിച്ചിരുന്നെങ്കില്‍ എന്നെ പിന്തുടരുകയല്ലാതെ മറ്റൊരു വഴിയും അദ്ദേഹത്തിനില്ല (അഹ്മദ്).

തെറ്റു ചെയ്തവരോടും അബദ്ധം സംഭവിച്ചവരോടും സൗമ്യമായി ഇടപെട്ടുകൊണ്ട് തിരുത്താനും ഗുണകാംക്ഷിയാകാനും ഉപദേശിക്കാനുമുള്ള വിശാലമനസ്‌കതയായിരുന്നു റസൂല്‍(സ്വ) കാണിച്ചത്. ഒരാള്‍ പലായനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ പ്രവാചകന്റെ അടുത്ത് വന്നു പറഞ്ഞു. പലായനം ചെയ്യാന്‍ ഒരുക്കമാണെന്ന് പ്രതിജ്ഞ ചെയ്യാനാണ് ഞാന്‍ വന്നത്. കരഞ്ഞുകൊണ്ടിരിക്കുന്ന മാതാപിതാക്കളെ വീട്ടില്‍ ഉപേക്ഷിച്ചാണ് ഞാന്‍ വരുന്നത്. ഇതുകേട്ട് പ്രവചാകന്‍(സ്വ) അയാളെ കുറ്റപ്പെടുത്തുകയോ അയാളുടെ ചെയ്തിയെ അപലപിക്കുകയോ ചെയ്തില്ല. കാരണം സത്കര്‍മമാണെന്ന സദുദ്ദേശ്യത്തോടു കൂടിയാണയാള്‍ വന്നിട്ടുള്ളത്. നബി(സ്വ) സൗമ്യമായി അദ്ദേഹത്തെ ഉണര്‍ത്തി. 'നീ അവരുടെ അടുത്തേക്ക് തിരിച്ചുപോയി അവരെ കരയിപ്പിച്ചതുപോലെത്തന്നെ അവരെ സന്തോഷിപ്പിക്കു (അബൂദാവൂദ്,നസാഈ).

തെറ്റുകളോടുള്ള നമ്മുടെ സമീപനം ഒരിക്കലും തെറ്റിനേക്കാള്‍ ഗുരുതരമായി ആപത്തിലാവാന്‍ പാടില്ല. മാന്യവും ഗുണകാംക്ഷ നിര്‍ഭരവുമായ മനസ്സോടെ തെറ്റുകളെ തിരുത്താനും വീഴ്ചകളെ സൗമ്യമായി പരിഹരിക്കാനും സാധിക്കണമെന്നാണ് തിരുദൂതരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446