മനുഷ്യന്റെ ശാരീരികവും ആത്മീയവുമായ സകല പ്രശ്‌നങ്ങള്‍ക്കും ഇസ്‌ലാം പരിഹാരം നിര്‍ദേശിക്കുന്നു. ഇതിനായി സ്രഷ്ടാവ് നല്കിയ ജീവിതക്രമം അഥവാ ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ (ശരീഅത്ത്) തികച്ചും മാനവികമാണ്.
ഒരു ജൂതന്റെ ജഡം മറവ് ചെയ്യുവാന്‍ കൊണ്ടു പോകുന്നത് കണ്ടപ്പോള്‍ മുഹമ്മദ് നബി(സ്വ) എഴുന്നേറ്റ് നിന്ന് ആദരിച്ചു. ജൂതന്റെ ജഡമാണല്ലോ എന്ന് അനുയായികള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു. അദ്ദേഹവും മനുഷ്യനല്ലേ? അതായത് മനുഷ്യന്റെ ഭൗതിക ശരീരത്തില്‍ നിന്ന് ജീവന്‍ നഷ്ടപ്പെട്ട് ശവമായാല്‍പ്പോലും ജാതിമത പരിഗണനയില്ലാതെ ആദരിക്കുവാനും ബഹുമാനിക്കുവാനും ഇസ്‌ലാമിക ശരീഅത്തിന്റെ മാനവികത പഠിപ്പിക്കുന്നു. മൃതശരീരത്തെ മുറിവേല്പിക്കരുതെന്ന് നിര്‍ദേശിക്കുന്നു. പരേതരെ ശകാരിക്കലും നിന്ദിക്കലും നിഷിദ്ധമാകുന്നു. ശത്രുവിന്റെ കോലം കത്തിക്കല്‍ ഇസ്‌ലാമിക ശരീഅത്തില്‍ കാണാന്‍ സാധ്യമല്ല.
മനുഷ്യന്റെ അവകാശ സംരക്ഷണം
ജീവിതത്തിന്റെ ഓരോ തലത്തിലും ഒരു മനുഷ്യന്റെയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു കൂടാ. അര്‍ഹരുടെ അവകാശ സംരക്ഷണം മാനവികതയുടെ പ്രത്യക്ഷ അടയാളമാണ്. ചില ഉദാഹരണങ്ങള്‍. എ). ഭൂമിയില്‍ എല്ലാവര്‍ക്കും താമസിക്കുവാനുള്ള പാര്‍പ്പിടവും താമസ സൗകര്യവും ഉണ്ടായിരിക്കണം. ചിലര്‍ക്ക് ഇവ നിഷേധിക്കപ്പെട്ടു കൂടാ. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി സ്ഥാപിച്ചിരിക്കുന്നു(55:10), നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ അവന്‍ ഒരുതരം വിരിപ്പാക്കി(2:22), ഒരാള്‍ക്കും ഈ വിരിപ്പ് നിഷേധിക്കപ്പെടുവാന്‍ പാടില്ല. നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ അവന്‍ ഒരുതരം തൊട്ടിലാക്കിത്തന്നു. നിങ്ങള്‍ക്കുവേണ്ടി അതില്‍ അവന്‍ വഴികള്‍ ഏര്‍പ്പെടുത്തിത്തരികയും ചെയ്തു(20:53). അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പ്പുരയും ആക്കിയവന്‍(40 64). ഭൂമിയെ നാം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഉള്‍ക്കൊള്ളുന്നതാക്കിയിട്ടില്ലേ?(77:25,26), നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ട് (2:36). ഇവിടെയെല്ലാം പരിഗണന മനുഷ്യന്‍ എന്നതിനു മാത്രമാണ്.
ബി) ഭക്ഷണം, വെള്ളം, ജീവിതവിഭവങ്ങള്‍, അലങ്കാരവസ്തുക്കള്‍ മുതലായവയില്‍ മനുഷ്യര്‍ക്കിടയില്‍ ഏറ്റവ്യത്യാസം ഉണ്ടാവാം. അത് സ്വഭാവികം. എന്നാല്‍ ചിലര്‍ക്ക് ഇവ നിഷേധിക്കപ്പെടുവാന്‍ പാടില്ല. പട്ടിണി മരണം സംഭവിക്കുവാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നീ പറയുക, അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉത്പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക, അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കും അവകാശപ്പെട്ടതാണ്. പരലോകത്ത് അവര്‍ക്ക് മാത്രമുള്ളതുമാണ് (7:32), നിങ്ങള്‍ക്ക് നാം ഭൂമിയില്‍ സൗകര്യം നല്‍കി, നിങ്ങള്‍ക്കവിടെ നാം ജീവിത മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു (7:10). ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു(11:6).
സി) തൊഴില്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ പൊതുവായ അവകാശമാണ്. അത് ആര്‍ക്കും നിഷേധിക്കപ്പെടുവാന്‍ പാടില്ല. 'പകലിനെ നാം ഉപജീവനമാര്‍ഗമാക്കുകയും ചെയ്തു' (78:11). 'അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടാല്‍ ഭൂമിയില്‍ നിങ്ങള്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ അന്വേഷിക്കുകയും ചെയ്യുവിന്‍'(62:10). 'നാമാണ് ഐഹിക ജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ചുകൊടുത്തത്'(43:32)
ഡി) എല്ലാവരുടെയും സമ്പത്തും അഭിമാനവും രക്തവും സംരക്ഷിക്കപ്പെടണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: പ്രതിക്രിയയായിട്ടോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു(5:32), വിശ്വസിച്ചവരേ, ഒരു ജനതയും യാതൊരു ജനതയെയും പരിഹസിക്കരുത് (49:11), നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കരുത്(49:11).
സ്ത്രീകള്‍
മനുഷ്യസമൂഹത്തിന്റെ പൊതു അവകാശസംരക്ഷണത്തിനു പുറമെ സ്ത്രീകളുടെ കാര്യം ഇസ്‌ലാം പ്രത്യേകം പരിഗണിക്കുന്നുണ്ട്. 'സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെ തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്' (2:228), നബി(സ്വ) പറഞ്ഞു: മാന്യന്മാരാണ് സ്ത്രീകളെ ആദരിക്കുക. നീചന്മാരാണ് അവരെ അനാദരിക്കുക (ഇബ്‌നു മാജ). ഇസ്‌ലാം പുരുഷന് അനുവദിച്ച തൊഴില്‍ രംഗം, വിജ്ഞാന മേഖല മുതലായവ യാതൊന്നും സ്ത്രീകള്‍ക്ക് വിരോധിക്കുന്നില്ല. അവളുടെ ധനം കൈകാര്യം ചെയ്യുവാനുള്ള പരിപൂര്‍ണ അവകാശം ഇസ്‌ലാം അവള്‍ക്ക് നല്കുന്നു. അവള്‍ തൃപ്തിപ്പെട്ട പുരുഷനെ ഭര്‍ത്താവായി തെരഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യം നല്കുന്നു. രക്ഷാധികാരി അവളുടെ വിവാഹത്തിന് തടസ്സം നില്ക്കുവാന്‍ പാടില്ല. വിവാഹമോചനം കരസ്ഥമാക്കുവാന്‍ അവള്‍ക്കും അനുമതി നല്‍കുന്നു. അനന്തരാവകാശവും ജീവിക്കാനുള്ള അവകാശവും ഇസ്‌ലാം അവള്‍ക്ക് നല്കി. ഒരു പുരുഷന്റെ ദൈവവിശ്വാസത്തിന്റെയും സല്‍സ്വഭാവത്തിന്റെയും മാന്യതയുടെയും പൂര്‍ത്തീകരണമായി ഇസ്‌ലാം കാണുന്നത് സ്ത്രീകളോടുള്ള മാന്യമായ പെരുമാറ്റമാണ്. ഭരണ പങ്കാളിത്തം പോലും സ്ത്രീക്ക് വിലക്കപ്പെട്ടിട്ടില്ല.
കുട്ടികള്‍
കുട്ടികളോട് കരുണ കാണിക്കാത്തവര്‍ നമ്മളില്‍പ്പെട്ടവനല്ലെന്ന് മുഹമ്മദ് നബി(സ്വ) പ്രഖ്യാപിച്ചു. അവര്‍ക്ക് സ്‌നേഹം പകര്‍ന്നു കൊടുക്കുവാനും മര്യാദ ശീലിപ്പിക്കുവാനും അവരുടെ കൂടെ കളിക്കുവാനും മുഹമ്മദ് നബി(സ്വ) നിര്‍ദേശിച്ചു. ഭാരമുള്ള ജോലികള്‍ ചെയ്യിക്കുന്നത് വിരോധിച്ചു. രണ്ട് വര്‍ഷം മുലകുടിക്കുവാനുള്ള അവരുടെ അവകാശം നിഷേധിക്കരുതെന്ന് ഇസ്‌ലാം ഉണര്‍ത്തി. വിവാഹമോചനം ചെയ്താല്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ മാതാവിന്റെ കൂടെ താമസിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയെത്തിയാല്‍ മാതാവിനെയോ പിതാവിനെയോ തെരഞ്ഞടുക്കുവാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം അവര്‍ക്ക് നല്കി. അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കല്‍ പിതാവിന് നിര്‍ബന്ധമാണ്. മതനിയമങ്ങളും ശിക്ഷകളും കുട്ടികള്‍ക്ക് ബാധകമല്ല. സര്‍വ കുട്ടികളും സ്വര്‍ഗത്തിലാണെന്ന് ഇസ്‌ലാം പ്രഖ്യാപിച്ചു. യുദ്ധക്കളത്തില്‍ വെച്ചു പോലും കുട്ടികളെ വധിക്കരുതെന്ന് ഇസ്‌ലാം കല്പിച്ചു.
രോഗികള്‍
നബി(സ്വ) ജാതിമത പരിഗണനയില്ലാതെ രോഗികളെ സന്ദര്‍ശിക്കല്‍ ചര്യയാക്കി (ബുഖാരി). രോഗിക്ക് ശരിയായ ചികിത്സ നല്കുകവാനും മരുന്നുകള്‍ നല്കുവാനും അവന്റെ ആഗ്രഹങ്ങള്‍ അവന് ഗുണകരമാണെങ്കില്‍ നിര്‍വഹിച്ചുകൊടുക്കുവാനും കല്പിച്ചു. പകര്‍ച്ച വ്യാധിക്ക് അടിമപ്പെട്ട രോഗിയാണങ്കിലും മുഹമ്മദ് നബി(സ്വ) അവരെ സന്ദര്‍ശിച്ചിരുന്നു. സമൂഹത്തില്‍ നിന്ന് അവരെ അകറ്റിനിര്‍ത്താനായിരുന്നില്ല. രോഗികള്‍ക്ക് മതനിയമങ്ങളില്‍ ഇസ്‌ലാം ധാരാളം ഇളവുകള്‍ നല്കുന്നു.
ദുര്‍ബലര്‍, വൃദ്ധര്‍
അംഗപരിമിതി കൊïോ വാര്‍ധക്യം കൊണ്ടോ അവശതയനുഭവിക്കുന്നവരെ ആദരിക്കാത്തവരും അവരുടെ ദുര്‍ബലത മനസ്സിലാക്കാത്തവരും ഇസ്‌ലാമില്‍ ഉള്‍പ്പെട്ടവരല്ലെന്ന് മുഹമ്മദ് നബി(സ്വ) പ്രഖ്യാപിച്ചു. മതനിയമങ്ങളില്‍ അവര്‍ക്ക് ധാരാളം ഇളവുകള്‍ അനുവദിച്ചു. അവരെ പരിഗണിച്ചുകൊണ്ടായിരിക്കണം ആരാധനയുടെയും യാത്രയുടെയും ദൈര്‍ഘ്യവും മറ്റും നിയന്ത്രിക്കേïതെന്ന് സമൂഹത്തോട് നിര്‍ദേശിച്ചു.
യാത്രക്കാര്‍
കഴിവുറ്റവരെങ്കിലും പ്രയാസം നേരിടാവുന്ന രംഗമാണ് യാത്ര. മതനിയമങ്ങളില്‍ പ്രയാസങ്ങള്‍ ഇല്ലാതാക്കുവാന്‍ പല ഇളവുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. യാത്രക്കാരെ കൊള്ളയടിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ മതപരമാക്കി. അവരുടെ പ്രാര്‍ഥനക്ക് കൂടുതല്‍ പരിഗണന നല്കി. ഇരിപ്പിടങ്ങളില്‍ വിശാലത ചെയ്തുകൊടുക്കുവാന്‍ കല്പിച്ചു. വാഹനങ്ങളില്‍ സൗജന്യയാത്ര അനുവദിക്കല്‍ പുണ്യകര്‍മമായി ഉണര്‍ത്തി.
ദരിദ്രര്‍
ദരിദ്രരെ അവഗണിക്കരുതെന്നും അപമാനിക്കരുതെന്നും വിശുദ്ധ ഖുര്‍ആന്‍ കര്‍ശനമായി നിര്‍ദേശിച്ചു. (80:1-12, 18:22, 11:29, 26:114, 6:52). വിശ്വാസികളുടെ നിര്‍ബന്ധ ദാനമായ സകാത്തില്‍ നിര്‍ണിഗത അവകാശം നിശ്ചയിച്ചു. ദരിദ്രരെ സ്‌നേഹിക്കുവാന്‍ കല്പിച്ചു. മതനിയമങ്ങളില്‍ ചില ഇളവുകള്‍ അനുവദിച്ചു.
തൊഴിലാളികള്‍
എല്ലാ തരം തൊഴിലിനെയും തൊഴിലാളികളെയും ഇസ്‌ലാം ആദരിക്കുന്നു. തൊഴിലാളികള്‍ക്ക് അവരുടെ ശരിയായ വേതനം നല്കുവാന്‍ തൊഴിലുടമയോട് കല്പിക്കുന്നു (ബുഖാരി). വിയര്‍പ്പ് വറ്റുന്നതിന്റെ മുമ്പുതന്നെ കൂലി നല്കുവാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. തനിക്ക് ലഭിക്കുന്ന ലാഭത്തില്‍ തൊഴിലാളിയുടെ വിയര്‍പ്പിന്റെ വാസനയെ ദര്‍ശിക്കുവാന്‍ മുഹമ്മദ് നബി(സ്വ) കല്പിച്ചു (മുസ്‌ലിം). കൂലിക്ക് പുറമെ ലാഭവിഹിതവും (ബോണസ്) നല്കുവാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു.
കര്‍ഷകര്‍
സമൂഹത്തിന്റെ അടിസ്ഥാന വര്‍ഗമാണ് കര്‍ഷകര്‍. കര്‍ഷകന്‍ കൃഷി ഇറക്കി പ്രസ്തുത കൃഷി നശിപ്പിക്കപ്പെടുന്ന പക്ഷവും പരലോകത്ത് അവന് പ്രതിഫലം ലഭിക്കുന്നതാണ്. ഉത്പാദനത്തിന് ശരിയായ വില ലഭിക്കണം. അതിനാല്‍ വില്പനയ്ക്ക് ഉത്പന്നവുമായി അങ്ങാടിയില്‍ എത്തി വിപണിയിലെ വില ഗ്രഹിക്കുന്നതിന്റെ മുമ്പായി ആ ഉത്പന്നം വിലയ്ക്ക് വാങ്ങുവാന്‍ പാടില്ലെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. പട്ടണവാസികള്‍ ഗ്രാമീണമായ കര്‍ഷകനെ വഞ്ചിക്കുന്ന നിലക്ക് ഏജന്റായി പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്നും ഇസ്‌ലാം നിര്‍ദേശിച്ചു.
അനാഥ
അനാഥയെ ആദരിക്കുവാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു (സൂറ 89:17), അവരെ പീഡിപ്പിക്കുന്നവര്‍ മുസ്‌ലിംകളല്ലെന്ന് ഉണര്‍ത്തി(107:2). അവര്‍ക്ക് ശരിയായ സംരക്ഷണം നല്കുവാന്‍ കല്പിച്ചു. അവര്‍ക്ക് ധനം ഉണ്ടെങ്കില്‍ ധനം കൈകാര്യം ചെയ്യുന്നവര്‍ അത് നശിപ്പിക്കുവാനോ തന്റെ ധനമായി പരിവര്‍ത്തനം ചെയ്യുവാനോ ശ്രമം നടത്തരുതെന്നും ശക്തിയായി കല്പിച്ചു(4:2). പ്രായപൂര്‍ത്തിയും ബുദ്ധിയും ഉണ്ടായാല്‍ അവരുടെ ധനം അവര്‍ക്കു തന്നെ ഏല്പിച്ചുകൊടുക്കുവാന്‍ നിര്‍ദേശിക്കുന്നു(4:6).
അതിഥികള്‍
അതിഥികളെ അപമാനിക്കരുതെന്ന് ഇസ്‌ലാം കല്പിക്കുന്നു(11:78). അവരെ ആദരിക്കുവാന്‍ ശക്തിയായി നിര്‍ദേശിച്ചു. തന്റെ ആവശ്യങ്ങള്‍ നീക്കിവെച്ച് അതിഥികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുവാന്‍ കല്പിച്ചു(59:9)
അയല്‍വാസികള്‍
അയല്‍വാസി ബന്ധുവാണെങ്കിലും അന്യനാണെങ്കിലും നന്മ ചെയ്തുകൊടുക്കുവാന്‍ ഇസ്‌ലാം കല്പിക്കുന്നു(4:36). അയല്‍വാസി പട്ടിണികിടക്കവേ വയര്‍ നിറക്കുന്നവന്‍ മുസ്‌ലിമല്ലെന്ന് പ്രഖ്യാപിച്ചു. അയല്‍വാസിയെപ്പറ്റി മുസ്‌ലിം അമുസ്‌ലിം എന്ന വ്യത്യാസം ഇസ്‌ലാം ദര്‍ശിക്കുന്നില്ല. തന്റെ ഭൂമിയോ പുരയിടമോ വില്ക്കുകയാണെങ്കില്‍ തന്റെ അയല്‍വാസിയോട് അതു വാങ്ങുന്നുവോ എന്ന് അന്വേഷിച്ച ശേഷമേ വില്ക്കുവാന്‍ പാടുള്ളൂവെന്ന് ഇസ്‌ലാം കല്പിക്കുന്നു. അയല്‍വാസിയെ വഞ്ചിക്കല്‍ മഹാപാപമായി എണ്ണി.
മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. ആയതിനാല്‍ സമൂഹത്തിന്റെ ഏതുതലത്തിലുമുള്ളവരോടുള്ള ബാധ്യത നിറവേറ്റുകയും അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും ചെയ്യുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. ദുര്‍ബലര്‍ക്ക് പ്രത്യേകിച്ചും. ഇത് മാനവികതയുടെ ഉയര്‍ന്ന തലമാണ്. ഇസ്‌ലാം പ്രകൃതി മതമാണ്. മനുഷ്യര്‍ക്കു വേണ്ടിയാണ് സ്രഷ്ടാവ് ഈ മതം നിശ്ചയിച്ചിരിക്കുന്നത്.