Skip to main content

നീതി പാലനം

ഇസ്‌ലാം നീതിയില്‍ അധിഷ്ഠിതമായ മതമാണ്. കുടുംബ തലം തൊട്ട് അന്താരാഷ്ട്ര തലം വരെ നീതിപാലിക്കുന്നവരായി വ്യക്തികളെ വാര്‍ത്തെടുക്കുക എന്നത് ഇസ്‌ലാമികാധ്യാപനങ്ങളുടെ ലക്ഷ്യമാണ്. ജീവിതത്തിന്റ സര്‍വരംഗങ്ങളിലും നീതി പാലിക്കാന്‍ മുസ്‌ലിം ബാധ്യസ്ഥനാണെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. അല്ലാഹു പറയുന്നു: നിങ്ങള്‍ നീതി പാലിക്കുക. നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു(49:9). റസൂല്‍(സ്വ) പറഞ്ഞു: 'സ്വകുടുംബത്തിലും തങ്ങള്‍ ഏല്‍പിക്കപ്പെട്ടതിലും നീതി പുലര്‍ത്തുന്നവര്‍ അല്ലാഹുവിങ്കല്‍ പ്രകാശത്തിന്റെ വേദികളിലാണ്' (മുസ്‌ലിം). പ്രവാചകന്മാരുടെ നിയോഗ ലക്ഷ്യം പോലും നീതി നിര്‍വഹണമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും, തുലാസും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താനാണിത് (57.25). 

കുടുംബത്തിന്നകത്തു നിന്ന് തന്നെ നീതിയുടെ ശിക്ഷണവും അനുശീലനവും തുടങ്ങേണ്ടതുണ്ട്. സ്‌നേഹപ്രകടനത്തിന്റെയോ ധനവിതരണത്തിന്റെയോ കാര്യത്തില്‍ ഒരു മുസ്‌ലിം പിതാവില്‍ നിന്ന് മക്കള്‍ക്ക്  അനീതിയുടെ കയ്പ് അനുഭവിക്കാന്‍ ഇടവരരുതെന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നു. നുഅ്മാനു ബ്‌നു ബശീറിനെ അദ്ദേഹത്തിന്റെ പിതാവ് നബി(സ്വ)യുടെ അടുക്കല്‍ കൊണ്ട് പോയി ഇങ്ങനെ പറഞ്ഞു: 'എന്റെ ഈ മകന് ഞാനൊരു അടിമയെ കൊടുത്തു. അപ്പോള്‍ നബി(സ്വ) ചോദിച്ചു. ഇതു പോലെ എല്ലാ കുട്ടികള്‍ക്കും കൊടുത്തുവോ? ഇല്ലെന്ന് മറുപടി കിട്ടിയപ്പോള്‍ നബി(സ്വ) പറഞ്ഞു. എങ്കില്‍ അടിമയെ തിരിച്ചു വാങ്ങുക (ബുഖാരി, മുസ്‌ലിം). 

ഒന്നിലധികം ഭാര്യമാരുള്ളവര്‍ കണിശമായ നീതി പുലര്‍ത്തിയാണ് അവരോട് സഹവര്‍ത്തിക്കേണ്ടതെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. നബി(സ്വ) അരുളി 'രണ്ടു ഭാര്യമാരുള്ള ഒരാള്‍ ഒരു ഭാര്യയുടെ അടുക്കലേക്ക് ചാഞ്ഞാല്‍ അന്ത്യദിനത്തില്‍ ഒരു ഭാഗത്തേക്ക് ചാഞ്ഞു കൊണ്ടാണ് അവന്‍ വരിക (അബൂ ദാവൂദ്). നബി(സ്വ)യുടെ കുടുംബജീവിതത്തില്‍ ഭാര്യമാര്‍ക്കിടയില്‍ സഹശയനത്തിന് ദിവസങ്ങള്‍ ഭാഗിക്കുകയും സഹയാത്രികയാവാന്‍ അവര്‍ക്കിടയില്‍ നറുക്കിടുകയും ചെയ്തു കൊണ്ട് നീതിയുടെ മാതൃക നമുക്ക് കാണിച്ചു തന്നു. നീതി പാലിക്കാന്‍ സാധിക്കുമോ എന്ന് ഭയപ്പെട്ടാല്‍ രണ്ടാമത് വിവാഹം ചെയ്യാന്‍ പാടില്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. 'എന്നാല്‍ അവര്‍ക്കിടയില്‍ നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ രണ്ടാമത് വിവാഹം ചെയ്യാന്‍ ഒരുവളെ മാത്രം വിവാഹം ചെയ്യുവിന്‍'(4:3).

ആദര്‍ശ ശത്രുവോട് പോലും നീതി പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ് (5:8). ഇസ്‌ലാമിലെ അതിപ്രധാന ആരാധനകര്‍മമായ നമസ്‌കാരത്തിന്റെ വിശദാംശങ്ങളില്ലാത്ത വിശുദ്ധ ഖുര്‍ആനില്‍ ഒരു ജൂതന്റെ നീതിക്ക് വേണ്ടി ഒമ്പത് സൂക്തങ്ങള്‍ അവതീര്‍ണമായിരിക്കുന്നു. ബനൂ സഫര്‍ എന്ന അന്‍സ്വാരി ഗോത്രത്തിലെ തുഅ്മതുബ്‌നു ഉബൈരിക് ഒരു പടയങ്കി മോഷ്ടിച്ചു. കാണാതായ പടയങ്കിയെപ്പറ്റി ഉടമ അന്വേഷിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹമത് ഒരു യഹൂദന്റെ വശം സൂക്ഷിക്കാന്‍ കൊടുത്തു. പടയങ്കിയുടെ ഉടമ പ്രവാചകന്‍(സ്വ)യോട് പരാതി പറയുകയും തുഅ്മത്തിനെ സംശയിക്കുന്നതായി അറിയിക്കുകയും ചെയ്തു. തുഅ്മത്ത് സ്വന്തം കുടുംബക്കാരെ സമീപിച്ച് സഹായം തേടി അങ്ങനെ കുറ്റം യഹൂദിയുടെ മേല്‍ ചുമത്താന്‍ അവര്‍ ഒന്നിച്ച് തീരുമാനിച്ചു. വിചാരണവേളയില്‍ യഹൂദി സത്യം വെളിപ്പെടുത്തിയെങ്കിലും തുഅ്മത്തിന്‍െ കുടുംബം അയാള്‍ക്ക് വേണ്ടി ശക്തമായി വാദിച്ചു. അവര്‍ പറഞ്ഞു. 'ഇവന്‍ സത്യത്തെയും തിരുദൂതനെയും നിഷേധിക്കുന്നവന്‍ ആകയാല്‍ ഇവന്റെ വാദം ഒരിക്കലും വിശ്വസനീയമല്ല'. തൊണ്ടിസാധനം യഹൂദിയുടെ വശമായതിനാല്‍ പ്രത്യക്ഷ തെളിവ് തുഅ്മത്തിന് അനുകൂലമായിരുന്നു. ആയതിനാല്‍ നബി(സ്വ) യഹൂദനെതിരെ വിധി പ്രസ്താവിച്ച് തുഅ്മത്തിനെതിരെ ആരോപണമുന്നയിച്ചതിന് ശിക്ഷ നല്‍കുകയുമായിരുന്നു. അപ്പോഴാണ് യഹൂദന്റെ നിരപരാധിത്വം പ്രഖ്യാപിച്ച് അയാള്‍ക്കെതിരെ നിലകൊണ്ട മുസ്‌ലിംകളെ രൂക്ഷമായി ആക്ഷേപിച്ച് സൂറത്തു നിസ്സാഅിലെ 105 മുതല്‍ 113 വരെയുള്ള സൂക്തങ്ങള്‍ അവതരിപ്പിച്ചത.് അതിന്റെ ആദ്യഭാഗമിങ്ങനെ 'നാം നിനക്ക് സത്യ സന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധികല്‍പ്പിക്കാന്‍ വേണ്ടിയാണിത്. നീ വഞ്ചകന്മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്' (4.105).

അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ഒരു ദിവസം ഏഴ് വിഭാഗം മനുഷ്യര്‍ക്ക് അല്ലാഹു തണലിട്ട് കൊടുക്കുന്നതാണ്. അവയിലൊന്ന് നീതിമാനായ ഭരാണാധികാരിയാണ് എന്ന് നബി(സ്വ) പഠിപ്പിച്ചു (ബുഖാരി മുസ്‌ലിം). മക്കാ വിജയാനന്തരം കഅ്ബാലയത്തിന്റെ താക്കോല്‍ കൈവശക്കാരനായ ഉസ്മാനുബ്‌നു ത്വല്‍ഹയുടെ കൈയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം അത് പിടിച്ചു വാങ്ങി. ഈ നടപടി ശരിയല്ലെന്ന് സൂചിപ്പിച്ച് കൊണ്ട് അല്ലാഹു സൂറത്ത് നിസാഇലെ 58-ാമത്തെ സൂക്തം അവതരിപ്പിച്ചു. വിശ്വസിച്ചേല്‍പ്പക്കപ്പെട്ട ഇടപാടുകള്‍ അതിന്റെ ഉടമകള്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നും, ജനങ്ങള്‍ക്കിടയില്‍ വിധിക്കുന്ന പക്ഷം നീതി പൂര്‍വം വിധിക്കണമെന്നുമുള്ള ദൈവിക കല്‍പന കേട്ട ഉസ്മാനുബ്‌നു ത്വല്‍ഹ ഇസ്‌ലാം ആശ്ലേഷിച്ചു. ആരും അനീതിക്കിരയാകാന്‍ പാടില്ല എന്ന് നീതിയില്‍ അധിഷ്ഠിതമായ ഇസ്‌ലാം മതത്തിന് നിര്‍ബന്ധമുണ്ട്. അതു കൊണ്ടാണ് 'നിങ്ങള്‍ കോപിഷ്ഠരായിരിക്കെ രണ്ടുപേര്‍ക്കിടയില്‍ വിധി പറയരുതെന്ന്' നബി(സ്വ) പറഞ്ഞത്. മനസ്സിന്റെ സമതുലിതാവസ്ഥ താളം തെറ്റുമ്പോള്‍ നടത്തുന്ന വിധി പ്രസ്താവത്തില്‍  അനീതി കടന്നുവരാനുള്ള സാധ്യതയുള്ളതുകൊണ്ടാണിത്. 

നീതിയുടെ കാവലാളായി ചരിത്രത്തില്‍ വിഖ്യാതനായ വ്യക്തിത്വമാണ് ഖലീഫ ഉമര്‍. ഉമറുബ്‌നുല്‍ ഖത്താബ്(റ) ഭരണാധികാരി എന്ന നിലക്ക് ജീവിതകാലം മുഴുവന്‍ നീതി പൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. യമനില്‍ നിന്നു വന്ന വസ്ത്രം വിതരണം ചെയ്ത ഖലീഫ ഉമര്‍ പിറ്റെ ദിവസം പുതുവസ്ത്രമണിഞ്ഞ് പ്രസംഗിക്കാന്‍ എഴുന്നേറ്റ് നിന്നു. സംസാരം ആരംഭിച്ചതോടെ സദസ്സിലുണ്ടായ സല്‍മാന്‍ എഴുന്നേറ്റ് നിന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞു. നിങ്ങളുടെ സംസാരം ഞാന്‍ കേള്‍ക്കുകയില്ല അനുസരിക്കുകയുമില്ല. താങ്കളണിഞ്ഞ കുപ്പായം എവിടെ നിന്ന് കിട്ടിയെന്ന് എനിക്കറിയണം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരേ പോലെയുള്ള ഒരു തുണിക്കഷ്ണമല്ലേ കിട്ടിയത്. ഇവ്വിധം ദീര്‍ഘ കായനായ താങ്കള്‍ നീണ്ട കുപ്പായം ധരിക്കാന്‍ തുണി മതിയാവില്ലല്ലോ?. ഫാറൂഖ് ഉമര്‍(റ) ഉടനെ മകനെ വിളിച്ചുവരുത്തി ചോദിച്ചു: മോനേ ഈ കുപ്പായം തുന്നാന്‍ ഞാനുപയോഗിച്ച ശീല  ആരുടേതാണ്? പാതി എന്റേത്, പാതി അങ്ങയുടേത്. നമുക്ക് കിട്ടിയ വിഹിതം. അബ്ദുല്ലാഹിബ്‌നു ഉമര്‍ വിശദീകരിച്ചു. എങ്കില്‍ താങ്കള്‍ പ്രസംഗം തുടരുക, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യാം. സല്‍മാന്‍ പറഞ്ഞു. ഇസ്‌ലാമിക ചരിത്രത്തില്‍ ഇത്തരത്തില്‍ നിരവധി അനുഭവങ്ങള്‍ വായിക്കാന്‍ കഴിയും. അനീതി, അക്രമം എന്നതിന് നബി(സ്വ) ഒരേ പദമാണ് ഉപയോഗിച്ചത്. ളുല്‍മ് എന്ന പദമാണ് ഹദീസില്‍വന്നത് ഇതിന് അക്രമം എന്നും അര്‍ഥമുണ്ട്. പ്രപഞ്ചത്തോടും അതിലെ ജീവജാലങ്ങളോടും പ്രകൃതിയോടുമെല്ലാം നീതിപുലര്‍ത്താന്‍ ബാധ്യസ്ഥനാണ്. അറുക്കുന്ന ഉരുവിനോട് പോലും അനീതി അരുത്. അതുകൊണ്ടാണ് അറുക്കുന്ന കത്തി മൂര്‍ച്ച കൂട്ടണമെന്ന് നബി(സ്വ) നിര്‍ദേശിച്ചത്.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446