സത്യവിശ്വാസി വാക്കിലും പ്രവൃത്തിയിലും സദാസത്യസന്ധത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സത്യസന്ധര്‍ സര്‍വാംഗീകൃതരും സുസമ്മതരുമായിരിക്കും. അസത്യവാന്മാരെ ആരും വിശ്വസിക്കുകയില്ല. അവരുടെ കുഴപ്പങ്ങള്‍ ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് സത്യസന്ധത കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ഇഹലോകത്തും വിജയിക്കാന്‍ സാധിക്കും. അസത്യവാന്മാര്‍ക്ക് ഇരു ലോകത്തും കനത്ത നഷ്ടങ്ങളും പരാജയവുമാണുണ്ടായിരിക്കുക.
വിശ്വാസം, വീക്ഷണം, വിചാരം, വികാരം, വാക്ക്, കര്‍മം തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാം സത്യനിഷ്ഠമായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ആദര്‍ശവും ലക്ഷ്യവും മാര്‍ഗവും സത്യനിഷ്ഠമായിരിക്കണം. കള്ളങ്ങളില്‍ ഏറ്റവും ഗുരുതരം അല്ലാഹുവിനെ സംബന്ധിച്ച് പറയുന്നവയാണ്. അങ്ങനെ ചെയ്യുന്നവരെ സംബന്ധിച്ച് ഖുര്‍ആന്‍ പലയിടങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. ''അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞവരുടെ മുഖങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ കറുത്തിരുണ്ടവയായി നിനക്ക് കാണാം, നരകത്തീയല്ലയോ അഹങ്കാരികളുടെ വാസസ്ഥലം'' (39:60). ''അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കിയവനേക്കാള്‍ കൊടിയ അക്രമി ആരാണ്? അവര്‍ തങ്ങളുടെ നാഥന്റെ സന്നിധിയില്‍ കൊണ്ടുവരപ്പെടും. അപ്പോള്‍ സാക്ഷികള്‍ പറയും. ഇവരാണ് തങ്ങളുടെ നാഥന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവര്‍. അറിയുക, അക്രമികളുടെ മേല്‍ അല്ലാഹുവിന്റെ കൊടിയ ശാപവുമുണ്ട്'' (11:18).
സദുദ്ദേശ്യത്തോടു കൂടിയാണെങ്കിലും പ്രവാചകന്റെ പേരില്‍ കള്ളം പറയുന്നത് നരകശിക്ഷയ്ക്ക് കാരണമാകുന്ന ഗുരുതരമായ കുറ്റമാണ്. നബി തിരുമേനി അരുള്‍ ചെയ്തു: ''ആരെങ്കിലും എന്റെ പേരില്‍ മനഃപൂര്‍വ്വം കള്ളം കെട്ടിച്ചമച്ചാല്‍ അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ'' (ബുഖാരി, മുസ്‌ലിം).
ആഇശ(റ) പറയുന്നു: ''കള്ളം പറയുന്നതിനേക്കാള്‍ നബി തിരുമേനിക്ക് കോപമുണ്ടാക്കുന്ന മറ്റൊരു സ്വഭാവവുമില്ല. കള്ളം പറയുന്നവര്‍ക്ക് പ്രവാചക മനസ്സില്‍ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. അയാള്‍ പശ്ചാത്തപിച്ചുവെന്ന് അറിയുന്നത് വരെ'' (അഹ്മദ്).
ഇബ്‌നുമസ്ഊദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ''തീര്‍ച്ചയായും സത്യം നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. അല്ലാഹുവിങ്കല്‍ സത്യസന്ധനെന്ന് രേഖപ്പെടുമാറ് ഒരാള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കുന്നു. തീര്‍ച്ചയായും കള്ളം അധര്‍മത്തിലേക്കും അധര്‍മം നരകത്തിലേക്കും നയിക്കുന്നു. അല്ലാഹുവിങ്കല്‍ നുണയനെന്ന് രേഖപ്പെടുത്തുംവിധം ഒരാള്‍ കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു'' (ബുഖാരി, മുസ്‌ലിം).
കള്ളമാവാന്‍ സാധ്യതയുള്ള സമീപനം പോലും വിശ്വാസിയില്‍ നിന്നുണ്ടാകാവതല്ല. സ്വന്തം മക്കളോടുപോലും പറയുന്ന കാര്യം സത്യമായിരിക്കണെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.
അബ്ദുല്ലാഹിബ്‌നു അമീറില്‍ നിന്ന് നിവേദനം. ''നബി തിരുമേനി(സ്വ) ഞങ്ങളുടെ വീട്ടിലിരിക്കവെ ഉമ്മ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ''ഇങ്ങു വാ, ഞാന്‍ നിനക്കൊരു സാധനം തരാം''. അപ്പോള്‍ അവിടുന്ന് അവരോട് ചോദിച്ചു. ''നീ അവന് എന്താണ് കൊടുക്കാനുദ്ദേശിക്കുന്നത്?'' ഉമ്മ പറഞ്ഞു. ''കാരക്ക.'' അപ്പോള്‍ പ്രവാചകന്‍ അറിയിച്ചു. '' നീ അവന് ഒന്നും കൊടുത്തിട്ടില്ലെങ്കില്‍ അതുതന്നെ നിന്റെ പേരില്‍ നുണയായി രേഖപ്പെടുത്തും'' (അബൂദാവൂദ്).
നര്‍മത്തെ ഇഷ്ടപ്പെടുന്നവരും തമാശ പ്രകൃതക്കാരുമായി ചിലരെ കാണാന്‍ കഴിയും. അവര്‍ സംസാരത്തില്‍ കളവ് കലരുന്നതിനെക്കുറിച്ച് അശ്രദ്ധരുമായിരിക്കാം. നബി(സ്വ) പറഞ്ഞു: ''ജനത്തെ ചിരിപ്പിക്കാനായി കള്ളം പറയുന്നവന് നാശം. അവന് നാശം, അവന് നാശം'' (തിര്‍മിദി).