Skip to main content

എ.ഐ.ഡബ്ല്യു.എ കോളെജ്, മോങ്ങം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് മോങ്ങം പ്രദേശത്ത് മത പ്രബോധനത്തിനും വിദ്യാഭ്യാസത്തിനും നേതൃത്വം നല്കിയിരുന്ന സംഘടനയായിരുന്നു മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം സംഘം. 1960 ലാണ് ഈ സംഘം സ്ഥാപിതമാവുന്നത്. മോങ്ങം സ്‌കൂളില്‍ മര്‍ഹൂം ചേങ്ങോടന്‍ ബീരാന്‍ മൊല്ലാക്കയും, പി.പി മമ്മത് കുട്ടി മൊല്ലാക്കയും നടത്തി വന്നിരുന്ന ഓത്തുപള്ളി, സംഘം ഏറ്റെടുക്കുകയും മദ്‌റസയായി നടത്താന്‍ ആരംഭിക്കുകയും ചെയ്തു. 

1968 ല്‍ മദ്‌റസ വിപുലീകരിച്ച് 11 പെണ്കുട്ടികളാല്‍ കോളേജ് ആരംഭിച്ചു. യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിക്കുന്നതിന് കോളേജിന് സ്വന്തമായി വലിയ സ്ഥലം വേണമെന്ന് പ്രൊ.ജലീല്‍ സാഹിബ് കമ്മീഷന്‍, കോളെജിനെ അറിയിച്ചു. അന്‍വാറുല്‍ ഇസ്‌ലാം സംഘത്തിലെ അയമു ഹാജി താന്‍ താമസിക്കുന്ന സ്ഥലമടക്കം 11 ഏക്കര്‍ കോളേജിനു വേണ്ടി വഖ്ഫായി നല്കി. അങ്ങനെ കോളെജിന് താത്കാലിക അംഗീകാരം ലഭിച്ചു.

17.05.1972 ല്‍ നടന്ന അന്‍വാറിന്റെ യോഗം, കോളെജിനെ കേരള ജംഇയ്യത്തുല്‍ ഉലമായ്ക്ക് ഏല്പിച്ചു കൊടുക്കാന്‍ തീരുമാനമെടുത്തു. 1972 നവംബര്‍ 22 ന് കോളെജ് ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുത്തു. 3 വര്‍ഷം മോങ്ങം മദ്‌റസയില്‍ തന്നെ കോളേജ് പ്രവര്‍ത്തനം തുടര്‍ന്നു. 1975 നവംബര്‍ മുതല്‍ അയമു ഹാജിയുടെ സ്ഥലത്ത് കേരളത്തിലെ ആദ്യത്തെ വനിതാ അറബിക് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു.

കോളേജിന്റെ തുടക്കത്തില്‍ എന്‍.കെ മുഹമ്മദ് മൗലവി, പി.മറിയം, തങ്ങള്‍ കുഞ്ഞു മദനി, വി.സി കുഞ്ഞഹ്മദ് മൗലവി എന്നിവര്‍ അധ്യാപകരായി സേവനമനുഷ്ഠിച്ചു. 

ബി.മൊയ്തീന്‍ കുട്ടി ഹാജി, പി.കുഞ്ഞഹ്മദ് മൗലവി, എം.ശൈഖ് മുഹമ്മദ് മൗലവി, കെ.സി അബൂബക്ര്‍ മൗലവി, എം.സുഹ്‌റാബി, ടി.ആമിന ടീച്ചര്‍, അബ്ദുല്‍ ഖാദര്‍ കോയ തങ്ങള്‍ എന്നിവര്‍ വ്യത്യസ്ത കാലങ്ങളില്‍ കോളെജ് പ്രിന്‍സിപ്പല്‍മാരായിട്ടുണ്ട്. 

ബി.എ അഫ്‌സലുല്‍ ഉലമ, എം.എ പോസ്റ്റ് അഫ്‌സലുല്‍ ഉലമ, ബി.എ എക്കണോമിക്‌സ് വിത്ത് ഇസ്‌ലാമിക് ഫിനാന്‍സ്, ബി.എ ഫംഗ്ഷണല്‍ അറബിക് എന്നീ കോഴ്‌സുകളാണ് കോളെജ് വിദ്യാര്‍ഥിനിള്‍ക്കായി നല്കുന്നത്്. 11 കുട്ടികളെയും കൊണ്ട് ആരംഭിച്ച കോളെജില്‍ ഇപ്പോള്‍ നാനൂറിലേറെ വിദ്യാര്‍ഥിനികള്‍ പഠിക്കുന്നുണ്ട്. 

വിലാസം:

എ.ഐ.ഡബ്ല്യു.എ കോളേജ്
മോങ്ങം പി.ഒ
മലപ്പുറം, കേരളം
പിന്‍:673642
ഫോണ്‍: +91 483 2772048
ഇ-മെയില്‍: aiwacollege@gmail.com
വെബ്‌സൈറ്റ്: http://www.aiwacollege.com
 

Feedback