Skip to main content

മദീനത്തുല്‍ ഉലൂം അറബിക് കോളെജ്, പുളിക്കല്‍

കേരളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത മദ്‌റസയായ വാഴക്കാട് ദാറുല്‍ ഉലൂമിന്റെ പിന്‍ഗാമിയായാണ് മദീനത്തുല്‍ ഉലൂം അറബിക് കോളെജിന്റെ പിറവി. ദാറുല്‍ ഉലൂമിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്ന എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവിയായിരുന്നു മദീനത്തുല്‍ ഉലൂമിന്റെ സ്ഥാപക പ്രിന്‍സിപ്പല്‍.

വാഴക്കാട് ദാറുല്‍ ഉലൂമില്‍ നടന്നിരുന്ന ദര്‍സും അറബിക് കോളെജും ചില സാങ്കേതിക കാരണങ്ങളാല്‍ 1946 സെപ്തംബര്‍ 31ന് അന്നത്തെ മാനേജര്‍ അടച്ചുപൂട്ടി. എന്നാല്‍, എം സി സി അബ്ദുര്‍ റഹ്മാന്‍ മൗലവി ദാറുല്‍ഉലൂമിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും തന്റെ പിതാവായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തിരൂരങ്ങാടിയില്‍ നടത്തിയിരുന്ന ദര്‍സിലേക്ക് മാറ്റി. അങ്ങനെ പത്തുമാസക്കാലം അവര്‍ തിരൂരങ്ങാടിയില്‍ താമസിച്ചു.

ആയിടക്കാണ് പുളിക്കലിലെ 'കവാകിബുന്നയ്യിറ' സംഘം ഒരു ഉന്നത ദീനീ വിദ്യാഭ്യാസ സ്ഥാപനം നടത്തുവാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എം സി സി അബ്ദുറഹിമാന്‍ മൗലവിക്ക് വാഗ്ദാനം ചെയ്യുന്നത്. ആ വാഗ്ദാനം സ്വീകരിച്ച അദ്ദേഹം 1947 ജൂലായ് 1ന് 'മദീനത്തുല്‍ ഉലൂമി'ന് തുടക്കം കുറിച്ചു. അന്നത്തെ മുപ്പതിനായിരത്തോളം രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും കെട്ടിടവും 'കവാകിബുന്നയ്യിറ' സംഘം കോളെജിന് കൈമാറി. 1949ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരവും കോളെജിന് ലഭിച്ചു. 1947ല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 1955ല്‍ ആണ് കോളെജിന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മം നിര്‍വഹിക്കപ്പെട്ടത്. സി ഒ ടി കുഞ്ഞിപ്പക്കി സാഹിബ് ആയിരുന്നു ഉദ്ഘാടകന്‍.

വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് മൂലം കവാകിബുന്നയ്യിറ നല്‍കിയ സ്ഥലം പോരാതെ വന്നു. അതിനാല്‍ പാലക്കല്‍ മൂസാ ഹാജി ദാനംചെയ്ത മാംഗ്ലാരിക്കുന്നിലേക്ക് പടിപടിയായി ക്യാംപസ് മാറ്റാന്‍ തീരുമാനിക്കപ്പെട്ടു. 1966ല്‍ പ്രധാന കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചു. തുടക്കത്തില്‍ ധാരാളം ക്ലേശങ്ങള്‍ അനുഭവിച്ച മദീനത്തുല്‍ ഉലൂമിന് ഇന്ന് വിശാലമായ കെട്ടിടങ്ങളും ലൈബ്രറിയും പള്ളിയുമുണ്ട്. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രത്യേകം ഹോസ്റ്റലുകളുമുണ്ട്.

കേരള മുസ്‌ലിംകള്‍ക്കിടയിലെ അന്ധവിശ്വാസങ്ങള്‍ ഇല്ലായ്മ ചെയ്ത് സത്യസന്ദേശം അവര്‍ക്കെത്തിക്കുന്നതില്‍ മദീനത്തുല്‍ ഉലൂമിന്റെ സന്തതികള്‍ വലിയ പങ്കു വഹിച്ചു.  

വിലാസം:

മദീനത്തുല്‍ ഉലൂം അറബിക് കോളെജ് പുളിക്കല്‍,
മലപ്പുറം, പിന്‍: 673637,
കേരള.
ഫോണ്‍: 914832791048
ഇ-മെയില്‍:
വെബ്‌സൈറ്റ്: 
www.muacollege.ac.in

 

 

Feedback