Skip to main content

ഖുലൂദ് ഫഖീഹ്

മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ മുസ്‌ലിം വനിതാ ജഡ്ജ്, ലോകത്തെ അതിശക്തരായ പത്ത് അറബ് വനിതകളില്‍ ഒരാള്‍ - ഖലൂദ് മുഹമ്മദ് അഹ്മദ് അല്‍ഫഖീഹ് അറിയപ്പെടുന്നത് ഇങ്ങനെയാണ്.

1977ല്‍ ജറൂസലമിലാണ് ഈ പ്രതിഭയുടെ ജനനം. മുഹമ്മദ് അഹ്മദാണ് പിതാവ്. പ്രാഥമിക പഠനാനന്തരം ഖുദ്‌സ് സര്‍വകലാശാലയില്‍ നിയമ പഠനത്തിന് ചേര്‍ന്നു. 1999ല്‍ ബിരുദവും 2007ല്‍ ബിരുദാനന്തര ബിരുദവും നേടി. ഇതിനിടെ അഭിഭാഷക എന്ന നിലയില്‍ നിരവധി വനിതാ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും സ്ത്രീകളുടെ നിയമപരിരക്ഷയ്ക്കായി വാദിക്കുകയും ചെയ്തു.

ന്യായാധിപക്കസേരയിലിരിക്കുക എന്നതായിരുന്നു ഖുലൂദിന്റെ സ്വപ്നം. ഫലസ്ത്വീനില്‍ അതിന് നിയമപരമായി തടസ്സങ്ങളുണ്ടായിരുന്നില്ലെങ്കിലും അക്കാലം വരെ ഒരു വനിത ആ പദവിയിലുണ്ടായിരുന്നില്ല. തന്റെ ആഗ്രഹം അവര്‍ അന്നത്തെ ശരീഅ കോടതി ചീഫ് ജഡ്ജിനെ അറിയിച്ചപ്പോള്‍ അദ്ദേഹം സ്തബ്ധനായത്രേ. എന്നാല്‍ എല്ലാ രേഖകളും സമര്‍പ്പിച്ചുകൊണ്ടായിരുന്നു ഖുലൂദിന്റെ അവകാശവാദം.

2008ല്‍ ശരീഅ കോടതിയിലേക്ക് ന്യായാധിപരെ ക്ഷണിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ഖുലൂദ് അപേക്ഷ നല്‍കി. 45 അപേക്ഷകരില്‍ ഏകവനിതയും അവരായിരുന്നു. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ഖുലൂദ് തന്റെ പ്രതിഭാധനത്വം തെളിയിച്ചു.

2009ല്‍, പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രത്യേക ഉത്തരവിലൂടെയാണ് ഖുലൂദ് ഫഖീഹ് ശരീഅ കോടതിയില്‍ ജഡ്ജിയായി നിയമിതയായത്. റാമല്ലയിലായിരുന്നു ആദ്യനിയമനം.

ഇത് ഏറെ വിവാദം സൃഷ്ടിച്ചെങ്കിലും തന്റെ മനക്കരുത്തില്‍ അവര്‍ പിടിച്ചുനിന്നു. ഫലസ്തീനിലെയും മധ്യപൗരസ്ത്യരാജ്യങ്ങളിലെയും സ്ത്രീ സമൂഹത്തിന്റെ ഉണര്‍വിന് ഈ നിയമനം നിമിത്തമായി. 2012ല്‍ CEO ബിസിനസ് വീക്കിലിയാണ് പത്ത് പ്രമുഖ അറബ് വനിതകളില്‍ ഒരാളായി ഖുലൂദിനെ തെരഞ്ഞെടുത്തത്.

''എന്റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല. ഞാന്‍ ദീര്‍ഘദൂരം ഓട്ടത്തിലാണ്. വനിതകള്‍ക്കു മുന്നില്‍ അടഞ്ഞുകിടക്കുന്ന കൂടുതല്‍ വാതിലുകള്‍ തുറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' അവര്‍ പറയുന്നു.

വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്.

Feedback