Skip to main content

ജസ്റ്റിസ് എം.ഫാത്വിമാ ബീവി

അഭിഭാഷക വേഷത്തില്‍നിന്നും പരമോന്നത നീതിപീഠത്തിലെ ന്യായാധിപ സ്ഥാനത്തെത്തിയ ഇന്ത്യയിലെ പ്രഥമവനിതയും ഏക മുസ്‌ലിം മഹിളയുമാണ് ജസ്റ്റിസ് എം ഫാത്വിമാ ബീവി. ഒരു സംസ്ഥാന ഗവര്‍ണര്‍ പദവിയും ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗത്വവും നേടിയ ഫാത്വിമ ബീവി ഒരുവേള രാഷ്ട്രപതി പട്ടികയിലിടം നേടുകയും ചെയ്തു.

1927 ഏപ്രില്‍ 30ന് പത്തനംതിട്ടയില്‍ ജനനം. പ്രാഥമിക പഠനത്തിനുശേഷം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളെജ്, ലോ കോളെജ് എന്നിവിടങ്ങളില്‍ ബിരുദപഠനം, 1950 നവംബര്‍ 14ന് 23-ാം വയസ്സില്‍ അഭിഭാഷകയായി. മുന്‍സിഫ്, ജഡ്ജ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, ജില്ലാ സെഷന്‍സ് ജഡ്ജ് എന്നീ പദവികള്‍ വഹിച്ചു.

1984ല്‍ 57-ാം വയസ്സിലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതയായത്. 1989 ഏപ്രില്‍ 29ന് ഈ പദവിയില്‍ നിന്ന് വിരമിച്ച ഫാത്വിമ ബീവിയെത്തേടി അതേ വര്‍ഷം ഒക്‌ടോബര്‍ ആറിന് സുപ്രീംകോടതി ജഡ്ജി പദവിയുമെത്തി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പാസ്സാക്കിയ മുസ്‌ലിം വനിതാ സംരക്ഷണ നിയമം ഉയര്‍ത്തിയ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സ്ഥാനലബ്ധി.

1992 ഏപ്രില്‍ 29ന് ഈ പദവിയില്‍ നിന്ന് വിരമിച്ചു. 1993ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായും സംസ്ഥാന പിന്നാക്ക വിഭാഗക്കമ്മീഷന്‍ അധ്യക്ഷയായും സേവനം ചെയ്ത ഫാത്വിമാ ബീവി 1997 ജനുവരി 25നാണ് തമിഴ്‌നാട് ഗവര്‍ണറായി നിയോഗിതയായത്. 2001 ജൂലൈ മൂന്നിന് തമിഴ്‌നാട്ടിലെ രാഷ്ട്രീയ വിവാദങ്ങളെത്തുടര്‍ന്ന് ഗവര്‍ണര്‍ പദവി രാജിവെച്ചു.

Justice M Fathimeevi

പത്തനംതിട്ടയിലെ അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാ ബീവിയുടെയും ഒമ്പത് മക്കളില്‍ ഒരാളായി ജനിച്ച ഫാത്വിമാബീവി ഇന്ത്യയിലെ സ്ത്രീകള്‍ക്കും പ്രത്യേകിച്ച് മുസ്‌ലിം വനിതകള്‍ക്കും പ്രചോദനവും ആവേശവുമാണ്.

'എനിക്ക് ലഭിച്ച അംഗീകാരം ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകള്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുകയാണ്' ഇന്ത്യയിലെ ആദ്യ സുപ്രീംകോടതി വനിതാ ന്യായാധിപയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഫാത്വിമാ ബീവി പറഞ്ഞു. അവിവാഹിതയാണ് ഇവര്‍.

2023 നവംബർ 23 ന് അന്തരിച്ചു.

Feedback