Skip to main content

ഫാത്തിമ ഷെയ്ഖ്

ഇന്ത്യയിലെ സാമൂഹിക - വിദ്യാഭ്യാസ മേഖലകളില്‍ മായാത്ത മുദ്ര പതിപ്പിച്ച ആദ്യത്തെ മുസ്‌ലിം അധ്യാപികയും സാമൂഹിക പരിഷ്‌കര്‍ത്താവുമാണ് ഫാത്തിമ ഷെയ്ഖ്. സ്ത്രീവിദ്യാഭ്യാസത്തിന് അനുകൂലമല്ലാതിരുന്ന സാമൂഹിക സാഹചര്യങ്ങളോട് വെല്ലുവിളിച്ചായിരുന്നു അവര്‍ ദൗത്യം നിറവേറ്റിയത്. ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കുള്ള ആദ്യത്തെ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് സാവിത്രിഭായിയുടെ കൂടെ ഫാത്തിമ ശൈഖുമുണ്ടായിരുന്നു.

fathima sheikh

1831 ജനുവരി 9 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനിച്ചു. ചെറുപ്പത്തിലേ അനാഥയായ ഫാത്തിമയെ അമ്മാവനാണ് വളര്‍ത്തിയത്. മഹാരാഷ്ട്രയിലെ മാലേഗാവിലാണ് ആദ്യം താമസിച്ചത്. പിന്നീട് സഹോദരന്‍ മിയാന്‍ ഉസ്മാനൊപ്പം പൂനെയിലേക്ക് മാറി. ഉത്തര്‍പ്രദേശിലെ ജുലാഹസില്‍ (നെയ്ത്തുകാര്‍)പ്പെട്ട കുടുംബമായിരുന്നു ഫാത്തിമയുടേത്. മുസ്‌ലിം നെയ്ത്തുകാരെ ബഹുമാന പൂര്‍വം അന്‍സാരി എന്നാണ് വിളിക്കുന്നത്.  

സ്ത്രീ വിദ്യാഭ്യാസത്തിന് പരിമിതമായ അവസരങ്ങളായിട്ടും സ്വകാര്യ അധ്യാപകരില്‍ നിന്ന് ഫാത്തിമ ശെയ്ഖ് വിദ്യാഭ്യാസം നേടി. ഉറുദു, അറബിക്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. പ്രശസ്ത സാമൂഹിക പരിഷ്‌കര്‍ത്താക്കളും വിദ്യാഭ്യാസ വിചക്ഷണരുമായ സാവിത്രിഭായ് ഫൂലെയുടെയും മഹാത്മാ ജ്യോതിറാവു ഫൂലെയുടെയും നിര്‍ദേശപ്രകാരം അധ്യാപികയായി പരിശീലനം തുടങ്ങി. തന്റെ കാലഘട്ടത്തിന്റെ പരിമിതികള്‍ മറികടന്നും പുരുഷാധിപത്യത്തോട് വെല്ലുവിളിച്ചുമായിരുന്നു ഇത്.

സമൂഹത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ഫാത്തിമ, അധ്യാപികയായതിന് ശേഷം സ്വന്തം വീട്ടില്‍ വെച്ച് മുസ്‌ലിം പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് ശൈഖ് അബ്ദുല്ലത്തീഫിനൊപ്പം ചേര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും വേണ്ടി പോരാട്ടം നയിച്ചു. ജാതി വിവേചനവും ലിംഗ അസമത്വവും ഉള്‍പ്പടെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഹിന്ദു സ്ത്രീകളെ പ്രത്യേകിച്ച് താഴ്ന്ന ജാതിയില്‍പ്പെട്ടവരെ പഠിപ്പിക്കുന്നത് പാപമായി കണ്ടിരുന്ന കാലമായിരുന്നു അത്. ജാതി സമ്പ്രദായവും ശൈശവ വിവാഹവും സമൂഹത്തില്‍ വേരൂന്നിയിരുന്നു. 

1849-ല്‍ ഫാത്തിമ, സാവിത്രി ഫൂലുമായി ചേര്‍ന്ന് പൂനെയില്‍ തദ്ദേശീയ ലൈബ്രറിയും സ്‌കൂളും സ്ഥാപിച്ചു. ഈ ധീരമായ സംരംഭം മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സഹായകമായി. ഈ മേഖലയിലെ പെണ്‍കുട്ടികള്‍ക്കുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌കൂളായിരുന്നു ഇത്. പൂനെയിലെ ഈ കെട്ടിടം പിന്നീട് ദേശീയമ്യൂസിയമാക്കി മാറ്റി.

അധ്യാപിക മാത്രമായിരുന്നില്ല ഫാത്തിമ ശൈഖ്. സാമൂഹിക അസമത്വത്തിന്നെതിരെയും അവര്‍ ധീരമായി പോരാടി. അധ്യാപകര്‍ക്കും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കും സ്ത്രീകളുടെ അവകാശ പ്രവര്‍ത്തകര്‍ക്കും പ്രചോദനം നല്‍കുന്നതായിരുന്നു അവരുടെ ജീവിതം. ഇന്ത്യയിലെ സ്ത്രീ വിദ്യാഭ്യാസത്തിന് അടിത്തറയിടാന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി. പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരിയാവുകയും സാമൂഹിക പരിഷ്‌കരണങ്ങള്‍ക്ക് മുന്നില്‍ നില്ക്കുകയും ചെയ്ത ഫാത്തിമ ശെയ്ഖിനെ അധികമാരും ചര്‍ച്ച ചെയ്യുകയോ അവരുടെ ചരിത്രം രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നത് ഖേദകരമാണ്. പാഠപുസ്തകങ്ങളിലോ ചരിത്രകാരന്‍മാര്‍ക്കിടയിലോ അവര്‍ക്ക് അര്‍ഹമായ സ്ഥാനവും ലഭിച്ചില്ല.

google doodle

ഇസ്‌ലാം ഒരിക്കലും സ്ത്രീവിദ്യാഭ്യാസത്തിന് എതിരായിരുന്നില്ല; വിദ്യാഭ്യാസത്തിന് ഏറെ പ്രോത്‌സാഹനം നല്കിയ മതമാണ്. പക്ഷേ, അക്കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്ന പുരുഷ മേധാവിത്വവും പൗരോഹിത്യവുമായിരുന്നു ഫാത്തിമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ വിലങ്ങുതടിയായത്.
സമൂഹത്തില്‍ പിന്നാക്കാവസ്ഥയിലുള്ളവരെ ബോധവത്കരിച്ചു കൊണ്ടുവരിക എന്നതായിരുന്നു ഫാത്തിമ ശെയ്ഖിന്റെ സ്വപ്നം. 

ഫാത്തിമ ശെയ്ഖിനോടുള്ള ആദരവില്‍ 2022 ജനുവരി 9 ന് ഫാത്തിമയുടെ 191 ാമത് ജന്‍മദിനം ഗൂഗിള്‍ ഡൂഡില്‍ ആഘോഷിക്കുകയുണ്ടായി. 1900 ലാണ് മരണമെന്ന് കരുതപ്പെടുന്നു.


 

References

https://www.india.com/women/all-about-fatima-sheikh-indias-first-muslim-teacher-who-helped-savitribai-phule-in-girls-education-6643848/

https://timesofindia.indiatimes.com/city/mumbai/revisiting-legacy-of-indias-first-muslim-woman-teacher/articleshow/103917769.cms

https://indianexpress.com/article/cities/pune/fatima-sheikh-savitribai-phule-friend-set-up-india-first-girls-school-9103180/

https://www.jhsr.in/published_volumes/indias-oft-forgotten-feminist-icon-fatima-sheikh-pioneers-of-modern-womens-education-in-indian-subcontinent/

https://doodles.google/doodle/fatima-sheikhs-191st-birthday/

ജേര്‍ണല്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്. വാല്യം 3, പേജ്: 137. (ജനുവരി-ഏപ്രില്‍ 2023)

Feedback