Skip to main content

നാദിയ കഹ്ഫ്

അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സുപ്പീരിയര്‍ കോടതി ബെഞ്ചില്‍ ജഡ്ജിയാണ് നാദിയ കഹ്ഫ്. യുഎസ് സുപ്പീരിയര്‍ കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന മൂന്നാമത്തെ മുസ്‌ലിം വനിതയാണ് അവര്‍.

Nadiya kahf

മെയ് 25, 1967 ന് സിറിയയിലെ ഡമാസ്‌കസില്‍ ജനിച്ചു. നാദിയക്ക് 2 വയസ്സുള്ളപ്പോള്‍ അവരുടെ കുടുംബം സിറിയ വിട്ട് യുഎസിലേക്ക് താമസം മാറി. വിവിധ ഇസ്‌ലാമിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചും ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍ക്ക് സാമൂഹിക സേവനങ്ങളും പാര്‍പ്പിടവും വാഗ്ദാനം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വഫ ഹൗസിന്റെ നിയമോപദേശകയായി സേവനമനുഷ്ഠിച്ചും ആളുകളെ സേവിക്കുന്നതിനായി കഹ്ഫ് അക്ഷീണം പ്രവര്‍ത്തിച്ചു.

ന്യൂജേഴ്‌സിയിലെ രണ്ടാമത്തെ വലിയ പൊതു സര്‍വ്വകലാശാലയായ മോണ്ട്‌ക്ലെയര്‍ സ്‌റ്റെയ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1994-ല്‍ ബിരുദം നേടിയ നാദിയ കഹ്ഫ്, ന്യൂജേഴ്‌സിയിലെ സെറ്റണ്‍ ഹാള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും  (ജൂറിസ് ഡോക്ടറേറ്റ് അല്ലെങ്കില്‍ ജെഡി) കരസ്ഥമാക്കി. യുണൈറ്റഡ് സ്‌റ്റെയ്റ്റ്‌സിലെ നിയമ തൊഴിലില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസമാണ് ജെഡി ബിരുദം.

2002 മുതല്‍ ന്യൂജേഴ്‌സിയില്‍ ഒരു അഭിഭാഷകയെന്ന നിലയില്‍ അവര്‍ പ്രശസ്തി നേടി. കുടുംബ നിയമത്തില്‍ വൈദഗ്ധ്യം നേടുകയും ഇമിഗ്രേഷന്‍ കേസുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. 

അമേരിക്കയിലെ വിവിധ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ നാദിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  2003 മുതല്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ ന്യൂജേഴ്‌സി ചാപ്റ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. 

2020-ല്‍, ന്യൂജേഴ്‌സിയിലെ ഇന്‍സൈഡര്‍ പത്രം, വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തിയ മുന്‍നിര മുസ്‌ലിങ്ങളുടെ കൂട്ടത്തില്‍ നാദിയ കഹ്ഫിനെ തിരഞ്ഞെടുത്തിരുന്നു.

Nadiya

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം വനിതാ ജഡ്ജിമാര്‍ ജോലി ചെയ്യുന്നുണ്ട്. 2022 ജൂണില്‍, അരിസോണ സംസ്ഥാനത്തെ ആദ്യത്തെ മുസ്‌ലിം വനിതാ ജഡ്ജിയായി ബെഞ്ചിലെത്തി ലൈല ഇക്രമാണ് ഈ രംഗത്ത് ചരിത്രം സൃഷ്ടിച്ചത്. 2023 ജനുവരിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുത്ത എട്ട് ജുഡീഷ്യല്‍ നോമിനികളില്‍ ഒരാളായിരുന്ന നസ്രത്ത് ചൗധരിയാണ് ഫെഡറല്‍ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ആദ്യ മുസ്‌ലിം വനിത.

ഹിജാബണിഞ്ഞ കഹ്ഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പിറ്റേന്ന്, ഇസ്‌ലാമിക ശിരോവസ്ത്രം ധരിച്ച ഫാമിലി ലോ അറ്റോര്‍ണി ഡാലിയ യൂസഫും സുപ്പീരിയര്‍ കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.  

ക്രിമിനല്‍ കേസുകളും സിവില്‍ കേസുകളും പരിഗണിക്കുന്ന ന്യൂജേഴ്‌സി സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന മൂന്നാമത്തെ മുസ്‌ലിം വനിതയാണ് നാദിയ കഹ്ഫ്. 

തനിക്ക് മുത്തശ്ശിയില്‍ നിന്ന് ലഭിച്ച വിശുദ്ധ ഖുര്‍ആനിന്റെ കോപ്പിയില്‍ കൈ അമര്‍ത്തിക്കൊണ്ടാണ്  2023 മാര്‍ച്ച് 21 ചൊവ്വാഴ്ച നാദിയ സത്യപ്രതിജ്ഞ ചെയ്തത്. 

അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ മുസ്‌ലിം, അറബ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും യുവതലമുറയ്ക്ക് ഭയമില്ലാതെ തങ്ങളുടെ മതം ആചരിക്കാമെന്നും അവര്‍ അങ്ങനെയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും, വൈവിധ്യമെന്നത് നമ്മുടെ ശക്തിയാണ്; അതൊരിക്കിലും ബലഹീനതയല്ല എന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ കഹ്ഫ് പറഞ്ഞു.

Feedback