വിജ്ഞാനം കരസ്ഥമാക്കുക, അത് ഉപയോഗപ്പെടുത്തുക, മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക ഇതെല്ലാം പ്രാധാന്യപൂര്‍വം ഇസ്‌ലാം പ്രോത്‌സാഹിപ്പിച്ചു. വിശുദ്ധഖുര്‍ആനിലൂടെ നേടിയ അഭിപ്രേരണ മുസ്‌ലിം ലോകത്തെ വിജ്ഞാന കുതുകികളാക്കി. ഉമവീ-അബ്ബാസീ കാലഘട്ടം വിജ്ഞാന വിസ്‌ഫോടനത്തിന്റെ കാലമായിരുന്നു. ആ രംഗത്ത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മുസ്‌ലിംകള്‍ മുന്നേറി. അനേകം മുസ്‌ലിം വനിതകള്‍ വൈജ്ഞാനിക രംഗത്ത് തിളങ്ങി. ലോകത്ത് ആദ്യമായി നിലവില്‍ വന്ന സൈതൂന, ഖൈറുവാന്‍ തുടങ്ങിയ യൂനിവേഴ്‌സിറ്റികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ത്രീകളായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. നബിയുടെ സന്നിധിയില്‍ വന്ന് വിജ്ഞാനം നുകര്‍ന്ന് ലോകത്തിനു പകര്‍ന്നു കൊടുത്ത പ്രവാചകപത്‌നിമാരുള്‍പ്പടെയുള്ള സ്വഹാബാവനിതകളായിരുന്നു ഇവര്‍ക്കു പ്രചോതനമേകിയത്.