''എന്റെ ജനനം കുടുംബത്തിലുണ്ടാക്കിയത് ആഹ്ലാദമല്ല, ആശങ്കയായിരുന്നു. കാരണം ഞാനൊരു പെണ്‍കുട്ടിയായിരുന്നു. പോളിയോ ബാധിച്ച് ശരീരം തളര്‍ന്നതോടെ മാതാപിതാക്കളുടെ ആധി വര്‍ധിച്ചു. അവരുറപ്പിച്ചു, ഞാന്‍ അവര്‍ക്കൊരു ചുമടായെന്ന്. പക്ഷേ ഇന്ന് എന്നെ ചൂണ്ടി കുടുംബം അഭിമാനം കൊള്ളുന്നു. ജീവിത വിജയത്തിന്റെ മാതൃകയായി അവരെന്നെ കാണുന്നു. എന്റെ ജീവിതം പകര്‍ത്താന്‍ അവര്‍ മക്കളെ ഉപദേശിക്കുന്നു. നന്ദി, അല്ലാഹുവിന് മാത്രം'' നനഞ്ഞ കണ്ണുകളോടെ പറയുന്നത്, ജമീല അഫ്ഗാനി എന്ന സാമൂഹിക പ്രവര്‍ത്തക.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഒരു സാധാരണ കുടുംബത്തില്‍ 1974 ലാണ് ജമീലയുടെ ജനനം. ശൈശവത്തില്‍ പോളിയോ ബാധിച്ചു. ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. 14-ാം വയസ്സില്‍, അഫ്ഗാന്‍-റഷ്യന്‍ യുദ്ധത്തില്‍ തലയ്ക്ക് വെടിയേറ്റത് ഈ ബാലികയുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കി. എന്നാല്‍ ആത്മവിശ്വാസത്തിന്റെ കരുത്തില്‍, ജമീല ജീവിതത്തെ നേരിട്ടു. കുടുംബത്തിന്ന് ഭാരമായി ജീവിച്ചുതീര്‍ക്കാനല്ല, തന്നെപ്പോലുള്ള ആയിരങ്ങള്‍ക്ക് താങ്ങായി തലയുയര്‍ത്തി നില്‍ക്കാനാണ് തന്റെ നിയോഗമെന്ന് അവര്‍ ദൃഢനിശ്ചയം ചെയ്തു.
പെഷവാര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരാദനന്തരബിരുദവും നേടിയ ജമീല സമൂഹ സേവനം തന്റെ ജീവിതവഴിയായി തെരഞ്ഞെടുത്തു. അഫ്ഗാന്‍ ആഭ്യന്തരയുദ്ധം കത്തിനില്ക്കുന്ന കാലമായിരുന്നു അത്. തന്റെ നാട്ടുകാരായ അഭയാര്‍ഥികളെക്കൊണ്ട് പാക്കിസ്താനിലെ ക്യാമ്പുകള്‍ നിറഞ്ഞു. ജമീല, ക്യാമ്പുകളില്‍ സേവനനിരതയായി. അഭയാര്‍ഥികളിലെ വനിതകള്‍ക്ക് ഖുര്‍ആനിക വിദ്യാഭ്യാസം നല്‍കാനാണ് അവര്‍ ശ്രമിച്ചത്.
അധ്യാപികമാരുടെ ലഭ്യതക്കുറവ് അവര്‍ക്ക് തടസ്സമായി. അങ്ങനെയാണ് 2001ല്‍ ജമീല മുന്‍കൈയെടുത്ത് നൂര്‍ എജ്യുക്കേഷനല്‍ ആന്റ് കപ്പാസിറ്റി ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(NECDO) രൂപീകരിച്ചത്. പെണ്‍കുട്ടികള്‍ക്കായി ലൈബ്രറികള്‍ സ്ഥാപിച്ചും നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചും വനിതാ ക്ഷേമത്തിനായി അവര്‍ ഓടിനടന്നു.
അഫ്ഗാനിസ്താനിലെ വിവിധ പ്രവിശ്യകളിലായി അരലക്ഷത്തിലേറെ വനിതകള്‍ക്ക് പുതിയ ജീവിതവഴികള്‍ നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു.
സ്ത്രീ-പുരുഷ സമത്വ വിഷയത്തില്‍ നിലനില്‍ക്കുന്ന കടുത്ത അജ്ഞതയാണ് അഫ്ഗാന്‍ വനിതകളുടെ ഉന്നമനത്തിന് തടസ്സം നല്‍ക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ജമീല ഇമാമുമാരെ ബോധവത്ക്കരിക്കാന്‍ പദ്ധതിയുണ്ടാക്കി. അവര്‍ക്ക് പരിശീലനം നല്‍കി. ആറായിരത്തോളം ഇമാമുമാര്‍ ഇതിനുകീഴില്‍ വന്നു. അവര്‍ തങ്ങളുടെ വെള്ളിയാഴ്ച പ്രസംഗങ്ങളില്‍ വനിതാ ശാക്തീകരണത്തിന്റെ ഖുര്‍ആനിക പാഠങ്ങള്‍ പറഞ്ഞു. അത്ഭുതകരമായ മാറ്റങ്ങളാണ് ഇത് അഫ്ഗാന്‍ ജനതയിലുളവാക്കിയത്.
അഫ്ഗാനിലെ ആയിരക്കണക്കിന് വനിതകള്‍ക്ക് വ്യക്തിത്വവും ദിശാബോധവും പകര്‍ന്നുനല്‍കിയ ഈ യുവതിയെത്തേടി 2008ല്‍ താനന്‍ബോം പീസ് മേക്കല്‍ അവാര്‍ഡെത്തി. 2017ലെ അറോറ അവാര്‍ഡിനുള്ള അന്തിമപട്ടികയില്‍ രണ്ടാമതായി ജമീല അഫ്ഗാനിയുണ്ട്.