Skip to main content

നേരത്തെ പുറപ്പെടല്‍

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ''ഒരാള്‍ വെള്ളിയാഴ്ച, വലിയ അശുദ്ധിയുണ്ടായിട്ട് കുളിക്കുന്നതുപോലെ കുളിച്ച് വൃത്തിയാവുകയും എന്നിട്ട് വളരെ നേരത്തെ പള്ളിയിലേക്ക് പോവുകയും ചെയ്താല്‍ അവന്‍ ഒരു ഒട്ടകത്തെ ദൈവപ്രീതിക്കു സമര്‍പിച്ചവനെപ്പോലെയാണ്. അതിനുശേഷം പോയവന്‍ പശുവിനെ സമര്‍പിച്ചവനെപ്പോലെയും അതിനും ശേഷം പോയവന്‍ ആടിനെ സമര്‍പിച്ചവനെപ്പോലെയും പിന്നീട് പോയവന്‍ ഒരു കോഴിയെ സമര്‍പിച്ചതുപോലെയും അവസാനസമയത്ത് പോയവന്‍ കോഴിമുട്ട സമര്‍പിച്ചവനെപ്പോലെയുമാകുന്നു. ഇമാം ഖുതുബ ആരംഭിച്ചാല്‍ മലക്കുകള്‍ തങ്ങളുടെ രേഖകള്‍ മടക്കിവെച്ച് പ്രസംഗം കേള്‍ക്കാന്‍ സന്നിഹിതരാകുന്നു.''

ജുമുഅയുടെ മര്യാദകള്‍

വെള്ളിയാഴ്ച പള്ളിയില്‍ സന്നിഹിതരായവര്‍ ഇമാം മിമ്പറില്‍ കയറുന്നതുവരെ ദിക്ര്‍, പ്രാര്‍ഥന, പ്രവാചകന്റെ പേരില്‍ സ്വലാത്ത് ചൊല്ലല്‍, ഖുര്‍ആന്‍ പാരായണം എന്നിങ്ങനെയുള്ള നല്ല കാര്യങ്ങളില്‍ വ്യാപൃതരാവണം. സംസാരം, ഉറക്കം എന്നിവ ഉപേക്ഷിക്കേണ്ടതാണ്. വെള്ളിയാഴ്ച സൂറത്തുല്‍കഹ്ഫ് ഓതുന്നത് നല്ലതാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് പ്രബലമല്ല.

പള്ളിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി കുളിക്കുക, മുടി ചീകുക, നല്ല വസ്ത്രം ധരിക്കുക, സുഗന്ധം പൂശുക എന്നിവ സുന്നത്താകുന്നു.

നബി(സ്വ) പറഞ്ഞു: ''വെള്ളിയാഴ്ച കുളിക്കുക, നല്ല വസ്ത്രം ധരിക്കുക, സുഗന്ധം പൂശുക എന്നിവ എല്ലാ മുസ്‌ലിംകള്‍ക്കും ബാധ്യതയാകുന്നു'' (ബുഖാരി, മുസ്‌ലിം).

പ്രതിബന്ധങ്ങളാല്‍ പള്ളിയില്‍ പോകാതിരിക്കുന്നവന് കുളി നിര്‍ബന്ധമില്ല.

നബി(സ്വ) പറഞ്ഞു: ''പുരുഷന്മാരും സ്ത്രീകളും പള്ളിയില്‍ വരുന്നുവെങ്കില്‍ അവര്‍ കുളിക്കട്ടെ. പള്ളിയില്‍ വരാത്ത സ്ത്രീ പുരുഷന്മാര്‍ കുളിക്കല്‍ നിര്‍ബന്ധമില്ല.''

സല്‍മാനുല്‍ ഫാരിസി(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ''ഒരാള്‍ വെള്ളിയാഴ്ച കുളിക്കുകയും എന്നിട്ട് വുദൂ എടുത്തു ശുദ്ധിയാവുകയും എണ്ണ തേയ്ക്കുകയും സുഗന്ധം പൂശുകയും എന്നിട്ട് പള്ളിയിലേക്ക് പോയി രണ്ടാള്‍ക്കിടയില്‍ ചാടിക്കടക്കാതെ ഇരിക്കുകയും, അല്ലാഹു അവനു നിശ്ചയിച്ച സുന്നത്ത് നമസ്‌കാരം നിര്‍വഹിക്കുകയും എന്നിട്ട് ഇമാമിന്റെ ഖുത്വ്ബ ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്താല്‍ ആ ജുമുഅ മുതല്‍ അടുത്ത ജുമുഅ വരെയുള്ള അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും'' (ബുഖാരി).

Feedback