Skip to main content

വെള്ളിയാഴ്ചയുടെ ശ്രേഷ്ഠത

''നബി(സ്വ) പറഞ്ഞു: സൂര്യന്‍ ഉദിക്കുന്ന ദിനങ്ങളില്‍ ഉത്തമമായതാകുന്നു വെള്ളിയാഴ്ച. ആ ദിനത്തിലാണ് ആദം(അ) സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ആ ദിനത്തിലാണ് അദ്ദേഹം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും അതില്‍ നിന്ന് പുറത്താക്കപ്പെട്ടതും. വെള്ളിയാഴ്ചയില്‍ തന്നെയാണ് അന്ത്യദിനം സംഭവിക്കുക'' (മുസ്‌ലിം, അബൂദാവൂദ്).

വെള്ളിയാഴ്ച ഒരു പ്രത്യേക സമയമുണ്ട്. ആ സമയത്ത് നിര്‍വഹിക്കുന്ന പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

ജുമുഅയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നബി(സ്വ) പറഞ്ഞു: 'കാലംകൊണ്ട് നാം പിന്തിയവരാണ്. അന്ത്യനാളില്‍ നാം മുന്‍പന്തിക്കാരാണ്. നമുക്കുമുമ്പ് അവര്‍ക്ക് വേദം ലഭിച്ചു. നമുക്കത് ലഭിച്ചത് അവര്‍ക്കു ശേഷമാണ്. അവര്‍ക്കു (ഒരുമിച്ചുകൂടാന്‍) നിര്‍ബന്ധമാക്കിയ ദിനത്തിന്റെ കാര്യത്തില്‍ അവര്‍ ഭിന്നിച്ചു. എന്നാല്‍ അല്ലാഹു നമുക്ക് നേര്‍വഴി കാണിച്ചു തന്നു. ജനങ്ങള്‍ നമ്മുടെ പിറകിലാണ് ആ വിഷയത്തില്‍. ജൂതര്‍ പിറ്റെദിവസവും ൈക്രസ്തവര്‍ അതിന്റെ പിറ്റെ ദിവസവുമാണ് (വാരാന്ത പ്രാര്‍ഥനയ്ക്ക് ഒരുമിച്ചു കൂടുന്നത്)'' (ബുഖാരി, മുസ്‌ലിം).

''ജുമുഅകളില്‍ പങ്കെടുക്കാതിരിക്കുന്ന സ്വഭാവം ജനങ്ങള്‍ അവസാനിപ്പിക്കട്ടെ. അല്ലാത്തപക്ഷം അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു സീല്‍ വെക്കുകയും പിന്നീട് അവര്‍ അശ്രദ്ധരായ ജനങ്ങളില്‍പെട്ടുപോവുകയും ചെയ്യുന്നതാണ്'' (മുസ്‌ലിം).

നബി(സ്വ) പറഞ്ഞു: ''ഒരു സമൂഹത്തിലെ എല്ലാ മുസ്‌ലിംകള്‍ക്കും ജുമുഅ നിര്‍ബന്ധമാകുന്നു; നാലു വിഭാഗ മൊഴികെ. അടിമ, സ്ത്രീ, കുട്ടി, രോഗി.'' ഈ ഹദീസിന്റെ പ്രമാണികതയില്‍ മുഹദ്ദിസുകള്‍ക്കിടയില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്. അതുപോലെ യാത്രക്കാരനും ജുമുഅ നിര്‍ബന്ധമില്ല.

ഇമാം ശാഫിഈ പറയുന്നു: ''ജുമുഅ നിര്‍ബന്ധമില്ലെന്ന് ഞാന്‍ പറഞ്ഞ പ്രതിബന്ധമുള്ള സ്വതന്ത്ര പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടിമകളും ജുമുഅയില്‍ പങ്കെടുക്കുന്ന പക്ഷം രണ്ടു റക്അത്ത് നമസ്‌കരിച്ചാല്‍ മതി. ഒരു റക്അത്ത് മാത്രം ലഭിച്ച് മറ്റേ റക്അത്ത് സ്വന്തമായി നമസ്‌കരിച്ചാലും അവര്‍ക്ക് ആ ജുമുഅ മതിയാകുന്നതാണ്'' (അല്‍ഉമ്മ് 1:195).

ശാഫിഈ പറയുന്നു: ''അവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല എന്നതിന്-അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ -അത് ഉപേക്ഷിക്കുന്നതുകൊണ്ട് അവര്‍ കുറ്റക്കാരാവില്ല എന്നേ അര്‍ഥമുള്ളൂ.

ഇമാം ശാഫിഈ പറയുന്നു: ''പ്രതിബന്ധത്താല്‍ ജുമുഅ ഉപേക്ഷിക്കാന്‍ അനുവാദമുള്ള സ്വതന്ത്ര പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടിമകളും ഇമാം ജുമുഅ നമസ്‌കരിച്ച് തീരുന്നതുവരെ ദുഹ്ര്‍ നമസ്‌കരി ക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ജുമുഅ പിരിഞ്ഞുവോയെന്ന് സൂക്ഷ്മതക്കായി അവര്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം അവര്‍ക്ക് ജുമുഅക്ക് പങ്കെടുക്കാന്‍ കഴിഞ്ഞെങ്കിലോ! അങ്ങനെ അവര്‍ അതില്‍ പങ്കെടുക്കുന്നത് അവര്‍ക്ക് ഉത്തമമായ കാര്യമാകുന്നു'' (അല്‍ഉമ്മ് 1:195).

Feedback
  • Thursday Apr 3, 2025
  • Shawwal 4 1446