Skip to main content

അബുല്‍ അബ്ബാസ് അസ്സഫ്ഫാഹ്

അബ്ബാസി ഖിലാഫത്ത് സ്ഥാപകന്‍ (750-754). നബിയുടെ പിതൃസഹോദരന്‍ അബ്ബാസിന്റെ നാലാമത്തെ പൗത്രന്‍. അബുല്‍ അബ്ബാസ് അബ്ദുല്ല എന്ന് യഥാര്‍ഥ പേര്. അസ്സഫ്ഫാഹ് (ചൊരിയുന്നവന്‍) എന്നത് സ്വയം നല്‍കിയ വിശേഷണം. (രക്തം ചൊരിയുന്നവന്‍ എന്നും അളവറ്റ ദാന ധര്‍മങ്ങള്‍ ചൊരിയുന്നവന്‍ എന്നും ചരിത്രകാരന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്).

മുഹമ്മദുബ്‌നു അലിയുടെ മകനായി ഹി.104ല്‍ സിറിയയിലെ ഹുമൈയില്‍ ജനിച്ചു. സദ്‌സ്വഭാവി, ദയാലു, ധര്‍മിഷ്ടന്‍, ബുദ്ധിമാന്‍, കവിതകളെ പ്രണയിക്കുന്നവന്‍.

അബുല്‍ അബ്ബാസിന്റെ ഉദാരതക്ക് ഒരു ഉദാഹരണം: ഒരിക്കല്‍ അബൂദുലാമ എന്നൊരാള്‍ അബുല്‍അബ്ബാസിന്റെ സന്നിധിയില്‍ വന്നു. ഇഷ്ടമുള്ളത് ചോദിക്കാന്‍ ഖലീഫ അനുവാദം നല്‍കി. ദുലാമ ചോദിച്ചത് ഒരു വേട്ടപ്പട്ടിയെ. അത് കിട്ടി. പിന്നെ വന്നു അടുത്ത ആവശ്യം-ഒരു സേവകന്‍. അതും നല്‍കി. ഒരു പാചകക്കാരിയെയും വേണമെന്നായി. അതും നല്‍കി. വേട്ടക്കിറങ്ങാന്‍ വാഹനം, താമസിക്കാന്‍ വീട്, കൃഷി ചെയ്യാന്‍ ഭൂമി. ഒന്നിനു പിറകെ മറ്റൊന്നായി അബൂദുലാമ ഖലീഫയുടെ മുന്നില്‍ ആവശ്യക്കെട്ടഴിച്ചു. എല്ലാം പുഞ്ചിരിയോടെ നല്‍കി. ഒടുവില്‍ അയാള്‍ പറഞ്ഞു: ''എനിക്ക് ഖലീഫയുടെ കൈമുത്തണം''.

''അതുവേണ്ട താങ്കള്‍ക്ക് പോകാം''-അബുല്‍അബ്ബാസ് നീരസത്തോടെ പറഞ്ഞു. (ഇസ്ഫഹാനി ഉദ്ധരിച്ചത്).

അബുല്‍ അബ്ബാസ് ആസ്ഥാനമാക്കിയത് ആദ്യം കൂഫയായിരുന്നു. പിന്നെ അംബാര്‍ ആക്കി. പിന്നെ ഹാശിമിയ്യ എന്ന പട്ടണം നിര്‍മിച്ചു തലസ്ഥാനം അങ്ങോട്ടുമാറ്റി.

ഭരണമേറ്റ അബുല്‍അബ്ബാസ് അവശേഷിക്കുന്ന അമവികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തു. അതേസമയം അബ്ബാസി ഭരണാധികാരിയെന്ന നിലയില്‍ മികച്ച ഭരണമാണ് അബുല്‍അബ്ബാസ് കാഴ്ച്ച വെച്ചത്. ക്ഷേമ പദ്ധതികള്‍ ഒട്ടേറെ നടപ്പാക്കി. തെരുവുവിളക്കുകള്‍ സ്ഥാപിച്ചതും ഖലീഫയെ സഹായിക്കാന്‍ മന്ത്രി (വസീര്‍)യെ നിയമിച്ചതും ആദ്യമായി അബുല്‍ അബ്ബാസായിരുന്നു.

ഭരണമാറ്റവും ശൈഥില്യവും മുതലാക്കി ഇസ്‌ലാമിക സാമ്രാജ്യത്തെ അക്രമിക്കാന്‍ ചൈന ശ്രമം നടത്തിയത് ഇക്കാലത്താണ്. തുര്‍ക്കിസ്താന്‍ പിടിക്കാനുള്ള ചൈനയുടെ നീക്കം തലാസ് യുദ്ധത്തിലൂടെ അബുല്‍ അബ്ബാസ് തകര്‍ത്തു.

ഖുറൈശി വംശജ ഉമ്മു സല്‍മയായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ. ഭരണ നിപുണയായിരുന്നു ഇവര്‍. സഹോദരന്‍ അബൂജഅ്ഫറില്‍ മന്‍സൂറിനെ പിന്‍ഗാമിയാക്കി 754ല്‍ (ഹി. 136) അബുല്‍ അബ്ബാസ് അസ്സഫ്ഫാഹ് അന്തരിച്ചു. നാലു വര്‍ഷവും ഒമ്പതു മാസവും ഭരിച്ച അദ്ദേഹത്തിന്, മരിക്കുമ്പോള്‍ 32 വയസ്സായിരുന്നു.

Feedback