Skip to main content

അല്‍ മഹ്ദീ

അബ്ബാസീ ഭരണത്തിലെ മൂന്നാം ഖലീഫ (ക്രി. 775-785). സമാധാനവും പ്രജാവാത്സല്യവും ഒപ്പം ധീരതയും ഒത്തിണങ്ങിയ വ്യക്തി.

അല്‍ മന്‍സൂറിന്റെയും യമനിലെ ഹിംയര്‍ വംശജ അര്‍വയുടെയും മകനായി ഹിജ്‌റ 126ല്‍ ഹുമൈമയില്‍ ജനിച്ചു. യഥാര്‍ഥ പേര് മുഹമ്മദ് ബിന്‍ അബ്ദില്ല. തന്റെ മകന്‍, ലോകാന്ത്യത്തില്‍ അവതരിക്കാനുള്ള മഹ്ദിയാകുമെന്ന് ഖലീഫ മന്‍സൂര്‍ വിശ്വസിച്ചിരുന്നുവത്രേ. അതുകൊണ്ടാണ് 'അല്‍ മഹ്ദി' എന്നുവിളിച്ചത്.

അബ്ബാസി ഖിലാഫത്തിന്റെ ആരംഭകാലത്ത് മഹ്ദിയുടെ പ്രായം ആറായിരുന്നു. അതുകൊണ്ട് വളര്‍ന്നത് രാജകൊട്ടാരത്തിലാണ്. ആ നിലക്കുള്ള വിദ്യാഭ്യാസവും ലഭിച്ചു. മതശാസ്ത്രങ്ങളിലും അറബിസാഹിത്യത്തിലും അവഗാഹം നേടി. കവിതാ രചനയിലും മികവ് കാട്ടി.

15-ാം വയസ്സില്‍ ഖുറാസാനിലേക്കയച്ച സൈന്യത്തിന്റെ നേതൃത്വം മഹ്ദിയെ ഏല്‍പിച്ചു പിതാവ്. 26-ാം വയസ്സില്‍ ഹജ്ജിന്റെ അമീറായും നിശ്ചയിച്ചു. കാര്യപ്രാപ്തി തെളിയിച്ച മഹ്ദി ക്രി. 775ല്‍ (ഹി:158) രാജ്യഭരണവുമേറ്റു. പിതാവ് മന്‍സൂര്‍ ഹജ്ജ് യാത്രക്കിടെ മക്കയില്‍വെച്ച് നിര്യാതനായതിനെത്തുടര്‍ന്നായിരുന്നു അത്.

ഭരണമേറ്റ മഹ്ദിയുടെ ആദ്യ നടപടി പിതാവിനെ തിരുത്തുന്നതായി. മന്‍സൂര്‍ ജയിലിലടച്ച നിരവധി പേരെ മോചിപ്പിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരിച്ചു നല്‍കി. മക്ക, മദീന, യമന്‍, ബഗ്ദാദ് തുടങ്ങിയ നഗരങ്ങള്‍ക്കിടയില്‍ ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള തപാല്‍ സംവിധാനം നടപ്പാക്കി.

ബഗ്ദാദില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് റോഡുകള്‍ പണിതു. യാത്രികര്‍ക്കായി സത്രങ്ങളും പാതയോരങ്ങളും നിര്‍മിച്ചു. കിണറുകള്‍, ജലസംഭരണികള്‍, ചന്തകള്‍ എന്നിവ ഏര്‍പ്പാടാക്കി. പെന്‍ഷന്‍ പോലുള്ള ജനക്ഷേമ പദ്ധതികള്‍ നടപ്പില്‍വരുത്തി.

കഅ്ബയുടെ ഖില്ല ഓരോവര്‍ഷവും മാറ്റിത്തുടങ്ങിയതും മഹ്ദിയാണ്. മസ്ജിദുല്‍ ഹറാം നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു.

മന്‍സൂറിന്റെ കാലത്ത് വന്ന ഗ്രീക്ക്- റോമന്‍ തത്വചിന്തകളും വിവിധ ശാസ്ത്ര ശാഖകളും മുസ്്‌ലിംകളില്‍ നേരിയ വിശ്വാസ വ്യതിയാനമുണ്ടാക്കിത്തുടങ്ങി. അരാജകവാദി മസ്ദഖിന്റെ തത്വചിന്തകള്‍, മാനിയുടെ ദര്‍ശനങ്ങളും മുസ്്‌ലിംകളില്‍ ചിലരെ നാസ്തികതയിലേക്ക് ആകര്‍ഷിച്ചു. ഇത് സാവധാനം പ്രചരിക്കുകയും രാജ്യത്തിന്റെ ഭദ്രതയെ ബാധിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ മഹ്ദി കടുത്ത നിലപാടെടുത്തു. പുത്രന്‍ ഹാദിക്ക്, ഈ നാസ്തിക  വാദികള്‍ അപകടകാരികളാണെന്ന മുന്നറിയിപ്പും നല്‍കി.

ഹി. 155ല്‍ നടന്ന ബൈസന്ത്യന്‍ ആക്രമണത്തെ നിര്‍വീര്യമാക്കിയത് മഹ്ദി നേരിട്ട് യുദ്ധം നയിച്ചാണ്. റോമയുടെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിക്കുകയും അവരെ സന്ധിക്ക് നിര്‍ബന്ധിപ്പിച്ച് കപ്പം വാങ്ങുകയും ചെയ്തു.
    
മഹ്ദിയെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നത് യഅ്ഖൂബുബ്‌നു ദാവൂദ് എന്ന ഭരണതന്ത്രജ്ഞനായ മന്ത്രിയായിരുന്നു. പത്‌നി ഖയ്‌സൂറാനും വലം കൈയായി നിന്നിരുന്നു.
    
പത്ത് വര്‍ഷം നീണ്ട ഭരണത്തിന് ക്രി. 785 (ഹി.169)ല്‍ അന്ത്യമായി. മൂത്തപുത്രന്‍ മൂസ അല്‍ ഹാദിയെ കിരീടാവകാശിയാക്കിയായിരുന്നു മഹ്ദിയുടെ  വിടപറയല്‍. 

Feedback