Skip to main content

മുഅ്തസിം ബില്ലാഹ്

ഹാറൂന്‍ റശീദിന്റെ മൂന്നാമത്തെ മകന്‍. ജനനം ഹി. 179ല്‍. മാതാവ് മാരിയ. അബൂ ഇസ്ഹാഖ് മുഹമ്മദ് എന്ന് യഥാര്‍ഥ പേര്. അല്‍ മുഅ്തസിം ബില്ലാഹ് അപരനാമം (ക്രി. 839-842).

അതികായനും അതിശക്തനുമായിരുന്നു. നാലര ക്വിന്റല്‍ ഭാരം വഹിക്കാന്‍ മുഅ്തസിമിനു കഴിഞ്ഞിരുന്നുവത്രേ. തന്റെ ഭരണകാലത്ത് മഅ്മൂന്‍ മുഅ്തസിമിനെ സൈനിക നേതൃത്വമേല്‍പ്പിച്ചിരുന്നു. സിറിയയിലെയും ഈജിപ്തിലെയും ഗവര്‍ണറുമാക്കി.

പഠനത്തില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ സാധുക്കളെ സഹായിക്കുന്നതില്‍ ഉദാര മനസ്സു കാട്ടി. പ്രതിയോഗികളെ നേരിടുന്നതില്‍ ഒരുകാരുണ്യവും കാണിച്ചുമില്ല.

തന്റെ പിന്‍ഗാമിയായി മകന്‍ അബ്ബാസിനെ പ്രഖ്യാപിക്കാന്‍ സൈന്യവും ഉപദേശകരും ഖലീഫ മഅ്മൂനെ നിര്‍ബന്ധിച്ചു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. സഹോദരന്‍ മുഅ്തസിമിനെ തന്നെ കിരീടാവകാശിയാക്കി. ക്രി.839ല്‍ (ഹി:218) മഅ്മൂനിന്റെ മരണദിവസം തന്നെ മുഅ്തസിം അധികാരമേല്‍ക്കുകയും ചെയ്തു.

അഭ്യന്തര പ്രശ്‌നങ്ങളാല്‍ കലുഷമായിരുന്നു മുഅ്തസിമിന്റെ ഭരണകാലം. ഖുറാസാനില്‍ അലവികള്‍ ഭരണവിരുദ്ധ കലാപം നടത്തി. മുഹമ്മദുബ്‌നു ഖാസിമായിരുന്നു നേതൃത്വത്തില്‍. നേതാവിനെ പിടിക്കുകയും അണികളെ അടിച്ചമര്‍ത്തുകയും ചെയ്തു. യൂഫ്രട്ടീസ്, ടൈഗ്രീസ് തീരങ്ങളിലെ സത്തുക്കള്‍ (ഇന്ത്യന്‍ ജാട്ടുവംശജര്‍) കലാപത്തിനിറങ്ങി. ഇവരെ പിടിച്ചു നാടുകടത്തി.

പുതിയ മതം സ്ഥാപിച്ച് മുസ്്‌ലിംകള്‍ക്കെതിരെ രംഗത്തു വന്ന അസര്‍ബീജാനിലെ ബാബക് അല്‍ഖുറമി നിരവധി മുസ്്‌ലിംകളെ കൊന്നൊടുക്കിയിരുന്നു. ഇവര്‍ക്കെതിരെ തുര്‍ക്കിസേന യെയാണ് മുഅ്തസിം അയച്ചത്. അവരെ അമര്‍ച്ച ചെയ്ത് ബാബക്കിന് വധശിക്ഷ നല്‍കി. ഹി. 223ലാണീ സംഭവം.

അറബികളെയും പേര്‍ഷ്യക്കാരെയും സംശയത്തോടെ കണ്ട ഖലീഫ, തുര്‍ക്കികളെയും യമനികളെയും ഉള്‍പ്പെടുത്തി തുര്‍ക്കിസേന രൂപീകരിച്ചു. അവരെ അധിവസിപ്പിക്കാന്‍ ഹി. 221ല്‍ ബഗ്ദാദിനു പുറത്ത് 'സാമിര്‍റ' (സുര്‍റമന്റആ-നയനാന്ദകരം) എന്ന നഗരവും പണിതു. ഇത് സൈനികരില്‍ ചിലരെ മുഅ്തസിമിനെതിരെ തിരിച്ചു. അവര്‍ മഅ്മൂന്റെ മകന്‍ അബ്ബാസിനെ ഖലീഫയാക്കാന്‍ ഗൂഢാലോചന നടത്തി. എന്നാല്‍ രഹസ്യം പൊളിയുകയും അബ്ബാസിനെ ഉള്‍പ്പെടെ ഗൂഢാലോചനയില്‍ ഭാഗവാക്കായ മുഴുവന്‍ പേരെയും മുഅ്തസിം ബില്ലാഹ് തുടച്ചു നീക്കുകയും ചെയ്തു.

സഹോദരന്‍ മഅ്മൂനിന്റെ വസ്വിയ്യത്ത് പ്രകാരം ഖുര്‍ആന്‍ സൃഷ്്ടിവാദം മുഅ്തസിമും പ്രചരിപ്പിച്ചു. മഅ്മൂനെക്കാള്‍  ഒരു പടികടന്ന്, ഈ വാദം അംഗീകരിക്കാത്ത പണ്ഡിതരെ ക്രൂരമായി പീഡിപ്പിക്കാനും മുഅ്തസിം ഉദ്യുക്തനായി.

കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കാന്‍ ശ്രമം നടത്തിയെങ്കിലും  വിജയിച്ചില്ല. എന്നാല്‍  അവരില്‍ നിന്ന് അമോറിയ പിടിച്ചടക്കി.

എട്ടരവര്‍ഷത്തെ ഭരണത്തിന് തിരശ്ശീല വീഴ്ത്തി ക്രി. 842 (ഹി. 227)ല്‍ മുഅ്തസിം  അന്തരിച്ചു. 49 വയസ്സായിരുന്നു. പുത്രന്‍ അല്‍ വാസിഖിനെയാണ് കിരീടാവകാശിയാക്കിയത്.

Feedback