മുഖ്തഫീയുടെ മരണത്തെ തുടര്‍ന്ന് അധികാരമേല്പിക്കപ്പെട്ടത് മുഖ്തദിര്‍ ബില്ലയിലാണ് പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ളവനായിരുന്നു മുഅ്തദ്വിദ് ബില്ലയുടെ പുത്രന്‍. അബുല്‍ ഫള്ല്‍ ജഅ്ഫര്‍ എന്നാണ് യഥാര്‍ഥ പേര്.
തുര്‍ക്കി സൈന്യമേധാവികളാണ് ഈ കൗമാരക്കാരനെ ഖലീഫയാക്കിയത്. അവരുടെ രഹസ്യങ്ങള്‍ പൊളിയാതിരിക്കാനും സ്വാഭീഷ്ട പ്രകാരം ഭരണംകൈയാളാനും അവര്‍ ആഗ്രഹിച്ചതിന്റെ ഫലം.
എന്നാല്‍ മാതാവ് ശഗ്ബയും അന്തപ്പുര സ്ത്രീകളും ഭരണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ മന്ത്രി ഹബ്ബാസുബ്‌നുഹസന്‍ ചരടു വലിച്ചു. മുഅ്തസ്സിന്റെ പുത്രന്‍ അബ്ദുല്ലയെ വാഴിക്കാന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷേ, മുഖ്തദിറിന്റെ വിശ്വസ്തനായ തുര്‍ക്കുമാന്‍ ജനറല്‍ മുഅ്‌നിസ് ആ നീക്കം തകര്‍ത്തു. മുഖ്തദിര്‍ തന്നെ തുടര്‍ന്നു.
മാതാവിന്റെ ഭരണത്തിലെ ഇടപെടല്‍ സൈന്യത്തിനും മന്ത്രിമാര്‍ക്കും അസഹ്യമായി. മാത്രമല്ല അതുവരെ ഭദ്രമായിരുന്ന ഖജനാവ് ആഢംബരവും ധൂര്‍ത്തും നിമിത്തം കാലിയായി. സൈന്യത്തിന് ശമ്പളം കൊടുക്കാന്‍പോലും കഴിയാതെ വന്നു. ഇത് ഖലീഫക്കും പട്ടാള ജനറല്‍ മുഅ്‌നിസിനുമിടയില്‍ അകല്‍ച്ചയുണ്ടാക്കി.
പ്രസിദ്ധമായ രണ്ടു ആശുപത്രികള്‍ നിര്‍മിച്ചതാണ് ഇക്കാലയളവിലെ പ്രധാന സംഭവം. ഒന്ന് മുഖ്തദിരിയ്യ എന്ന പേരില്‍ ഖലീഫ തന്നെ പണിതു. മറ്റൊന്ന് ഖലീഫയുടെ മാതാവ് അവരുടെ സ്വന്തം ചെലവിലും.
ബൈസന്ത്യന്‍ ചക്രവര്‍ത്തിയുടെ അംബാസഡര്‍ ഹി. 325ല്‍ ബഗ്ദാദ് സന്ദര്‍ശിക്കാനെത്തി. അന്ന് ബഗ്ദാദും കൊട്ടാരവും അലങ്കരിക്കാന്‍ ലക്ഷക്കണക്കിന് ദീനാര്‍ വാരിക്കോരി ചെലവഴിച്ചത് വിവാദമായിരുന്നു.
ഖലീഫയില്‍ നിന്നകന്ന പട്ടാള ജനറല്‍ മുഅ്‌നിസ് പിന്നീട് ബഗ്ദാദ് അക്രമിച്ചു. ഈ അക്രമത്തിലാണ് മിഖ്തദിര്‍ ബില്ലാ കൊല്ലപ്പെട്ടത്. തന്റെ അനുമതിയില്ലാതെ മുഖ്തദിറിനെ വധിച്ചവരെ പിന്നീട് മുഅ്‌നിസ് ശിക്ഷിച്ചു.
25 വര്‍ഷം സാമ്രാജ്യം ഭരിച്ച മുഖ്തദിര്‍ ബില്ലാഹ് ക്രി. 932 (ഹി. 320)ലാണ് കൊല്ലപ്പെട്ടത്.