മുഅ്തദിദ്വിന്റെ മകനാണ് അല്‍ മുഖ്തഫീബില്ലായെന്ന പേരില്‍ ക്രി. 907ല്‍ (ഹി 289) ഖിലാഫത്ത് ഏറ്റെടുത്തത്. അബൂ മുഹമ്മദ് അലി എന്ന് യഥാര്‍ഥ നാമം.
ഭരണമേറ്റതിന്റെ പിന്നാലെ രണ്ട് കാര്യങ്ങള്‍ ചെയ്തു മുഖ്തഫീ. പുതിയ കൊട്ടാരം നിര്‍മിക്കാനായി പിതാവ് ഏറ്റെടുത്ത ഭൂമി അതിന്റെ അവകാശികള്‍ക്ക് തിരിച്ചു നല്‍കി. പിതാവ് പണികഴിപ്പിച്ച ഭൂഗര്‍ഭ ജയിലറ പള്ളിയാക്കി മാറ്റി. ഈ രണ്ട് നടപടികളും ജനങ്ങളെ മുഖ്തഫിയുമായി അടുപ്പിച്ചു.
പട്ടാളത്തിലെ ചില ഉന്നതരെ ശിക്ഷിക്കുകയും ചിലര്‍ വധിക്കപ്പെടുകയും ചെയ്തത് സേനയുടെ മനോവീര്യം തകര്‍ത്തതായി ആരോപണമുയര്‍ന്നു. അതുകൊണ്ട് തന്നെ കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ സേന പരാജയപ്പെടുകയും ചെയ്തു.
സിറിയയില്‍ ഇക്കാലത്ത് രംഗപ്രവേശനം ചെയ്ത ഖര്‍മത്തുകള്‍ ഖലീഫക്ക് കടുത്ത തലവേദനയുണ്ടാക്കി. വന്‍തുകയും വമ്പിച്ച സേനയും ഉപയോഗിച്ചാണ് ഇവരെ തകര്‍ത്തത്. നീതിയധിഷ്ഠിതവും ജനക്ഷേമകരവുമായ ഖിലാഫത്ത് അഞ്ചുവര്‍ഷം നീണ്ടു.
ക്രി. 907 (ഹി.295)ല്‍ മുഖ്തഫീ നിര്യാതനായി. 31 വയസ്സായിരുന്നു.