അബൂഅബ്ദില്ല മുഹമ്മദുബ്‌നു ജഅ്ഫര്‍ അല്‍ മുതവക്കില്‍ എന്നാണ് അല്‍ മുഅ്തസ്സുബില്ലായുടെ പൂര്‍ണനാമം. മുതവക്കിലിന്റെ പുത്രന്‍. ക്രി.866 (ഹി. 252)ല്‍ ഖലീഫയായി തുര്‍ക്കികള്‍ വാഴിച്ചു.
തുര്‍ക്കി സൈനിക നേതൃത്വത്തെ വെറുത്ത മുഅ്തസ്സ് അവരെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അവരിലെ രണ്ട് പ്രമുഖരായ വസീഫ്, ബുഗാ എന്നിവരെ സ്ഥാനഭ്രഷ്്ടരാക്കി. ശമ്പളം കിട്ടാന്‍ തെരുവിലിറങ്ങിയ സൈന്യം ഇവരെ വധിക്കുകയും ചെയ്തു.
ഖജനാവ് കാലിയായിരുന്നു, എന്നാല്‍ ഖലീഫയുടെ മാതാവ് ഖബീഹ അതിസമ്പന്നയും. ശമ്പളം നല്‍കാന്‍ കടം ചേദിച്ച മകനെ നിരാശനാക്കി. ഒടുവില്‍ കൊട്ടാരത്തിലേക്ക് ഇരച്ചു കയറിയ സൈന്യം അവരുടെ ധനം കൊള്ളയടിക്കുകയും ഖലീഫ മുഅ്തസ്സിനെ വധിക്കുകയും ചെയ്തു. ഖബീഹ ജീവനും കൊണ്ട് രക്ഷപ്പെട്ടു. ക്രി. 869 (ഹി. 255) ലായിരുന്നു ഈ സംഭവം.
ഈജിപ്ത്, ബിസ്താനിയം എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ അതത് പ്രവിശ്യകളിലെ സ്വതന്ത്ര ഭരണകൂടങ്ങളായി പ്രഖ്യാപിച്ചതും മുഅ്തസ്സിന്റെ കാലത്താണ്.