Skip to main content

അല്‍ ഇസ്‌ലാം മാസിക (1918)

മുസ്‌ലിം സമുദായത്തിന്റെ മത-സാമൂഹിക നവോത്ഥാനം ആഗ്രഹിച്ചുകൊണ്ട് വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി (വക്കം മൗലവി) തുടങ്ങിയ അറബി-മലയാളം മാസികയാണ് അല്‍ ഇസ്‌ലാം. ക്രി. 1918 (ഹി.1336)ല്‍ കായിക്കരയില്‍ നിന്നാണ് പ്രസിദ്ധീകരണം തുടങ്ങിയത്. മൗലവിയുടെ ജന്മനാടായ വക്കത്ത് മൗലവി തന്നെ സ്ഥാപിച്ച അല്‍ ഇസ്‌ലാം ലിത്തോപ്രസ്സില്‍ നിന്ന് അച്ചടി ജോലികള്‍ നിര്‍വഹിച്ചു.

അഞ്ചു ലക്കങ്ങള്‍ മാത്രമേ പുറത്തിറക്കാനായുള്ളൂ. മത പരിഷ്‌കരണ സംരംഭങ്ങളെയും വായന-എഴുത്ത് എന്നിവയെപ്പോലും എതിര്‍ത്തിരുന്ന യാഥാസ്ഥിതിക പണ്ഡിതര്‍ 'അല്‍ ഇസ്‌ലാം' വായിച്ചാല്‍ 'വിശ്വാസം (ഈമാന്‍) നഷ്ട്‌പ്പെടുമെന്ന് പ്രചരിപ്പിച്ചിരുന്നു.

'മുസ്‌ലിം' എന്ന പേരില്‍ മലയാളം മാസിക മൗലവി ഇറക്കിയിരുന്നു. എന്നാല്‍ മത കാര്യങ്ങള്‍ മലയാളത്തിലെഴുതുന്നത് മതനിന്ദയാണെന്ന് വിചാരിച്ചിരുന്നവരാണ് മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷം. അത്തരക്കാരിലേക്ക് ഖുര്‍ആനും നബി ചര്യയുമെത്തിക്കാന്‍ 'മുസ്‌ലിം' എന്ന മലയാളം മാസിക കൊണ്ട് കഴിയില്ലെന്ന് മൗലവി തിരിച്ചറിഞ്ഞു. അങ്ങനെ 1906 ല്‍ പ്രസിദ്ധീകരണം തുടങ്ങിയ 'മുസ്‌ലിം' 1918ല്‍ 'അല്‍ഇസ്‌ലാം' അറബി മലയാളം മാസികയായി മാറുകയായിരുന്നു. 'അല്‍ ഇസ്‌ലാമി'ന്റെ ആദ്യ ലക്കത്തില്‍ ഇക്കാര്യം മൗലവി എഴുതിയിട്ടുണ്ട്.

ഖുര്‍ആന്‍, നബിചര്യ, സംസ്‌കരണം, ആരാധനകള്‍, വിവര്‍ത്തനങ്ങള്‍, പദ്യങ്ങള്‍, വനിതാസംബന്ധിയായ ലേഖനങ്ങള്‍ എന്നിവ ഉള്ളടക്കത്തിലുണ്ടായിരുന്നു.

അറബി-മലയാളം ലിപിയെ പരിഷ്‌കരിക്കാനും 'അല്‍ ഇസ്‌ലാം' വഴി മൗലവി ശ്രമം നടത്തി.

Feedback