കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ മുഖപത്രമായിരുന്നു അല്‍ ഇര്‍ശാദ് അറബി- മലയാളം പ്രസിദ്ധീകരണം. 1923 (ഹി. 1342 റമദാനി)ല്‍ കൊടുങ്ങല്ലൂരിലെ എറിയാട്ടില്‍ നിന്നും പുറത്തിറങ്ങി. ഇ. കെ മൗലവി എഡിറ്ററും മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി പബ്‌ളിഷറുമായിരുന്നു. എറിയാട്ടെ മുഹ്‌യുദ്ദീന്‍ ലിത്തോ പ്രസ്സില്‍ നിന്നായിരുന്നു അച്ചടി.
'മുസ്‌ലിം ഐക്യം' എന്ന പേരില്‍ ഐക്യസംഘം ഒരു മലയാളം പ്രസിദ്ധീകരണം നടത്തിയിരുന്നു. എന്നാല്‍ മലയാള ഭാഷയെ അന്യഭാഷയായും മലയാളത്തില്‍ മത വിഷയങ്ങള്‍ അച്ചടിക്കുന്നതിനെ മതനിന്ദയായും തെറ്റിദ്ധരിച്ചിരുന്ന മഹാഭൂരിപക്ഷം മുസ്‌ലിംകളും 'മുസ്‌ലിം ഐക്യ'ത്തെ അവഗണിച്ചു. ഇതിനെ തുടര്‍ന്നാണ് അല്‍ ഇര്‍ശാദ് പിറക്കുന്നത്. ഇക്കാര്യം അല്‍ ഇര്‍ശാദിന്റെ ആദ്യലക്കത്തില്‍ ഇ. കെ മൗലവി അനുസ്മരിക്കുന്നുണ്ട്.
അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസത്തിന് വിരുദ്ധമായി ഒന്നും അല്‍ ഇര്‍ശാദിലുണ്ടാവില്ലെന്നും ശ്രദ്ധയില്‍ പെട്ടാല്‍ ചൂണ്ടിക്കാണിക്കണമെന്നും സത്യം തുറന്നു പറയുന്നതില്‍ ഞങ്ങള്‍ മുഖം നോക്കില്ലെന്നും എഡിറ്റര്‍ പറയുന്നുണ്ട്. ഐക്യ സംഘത്തിന്റെ വാര്‍ത്തകളോടൊപ്പം തന്നെ ഇതര മുസ്‌ലിം സംഘങ്ങളുടെയും റിപ്പോര്‍ട്ടുകളും ഇതില്‍ നല്‍കി.
14 ലക്കങ്ങള്‍ മാത്രമേ അല്‍ ഇര്‍ശാദ് പ്രസിദ്ധീകരിക്കാനായുള്ളൂ.