പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിച്ച ജനതയോടൊപ്പം നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ അക്ഷരങ്ങളായുധമാക്കി പടയൊരുക്കിയ പത്രമാണ് 'അല്‍ അമീന്‍'. 1924 ഒക്‌ടോബര്‍ 12ന് കോഴിക്കോട്ട് നിന്ന് ത്രൈദിന പത്രമായി അല്‍ അമീന്‍ പ്രസിദ്ധീകരണം തുടങ്ങി. 1930 ജൂണ്‍ 25ന് ദിനപത്രവുമായി. പത്ര ഓര്‍ഡിനന്‍സ് പ്രകാരം രണ്ടായിരം രൂപ ജാമ്യമായി കെട്ടിവെക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളിയതിനാല്‍ 1930 ആഗസ്ത് 6 മുതല്‍ നവംബര്‍ 20 വരെ പത്രം നിര്‍ത്തി വെക്കേണ്ടി വന്നു.
ഇതിനിടെ വീണ്ടും ത്രൈദിന പത്രം തന്നെയായി. സാമ്പത്തിക പരാധീനതയായിരുന്നു കാരണം. 1939 മാര്‍ച്ച് 15 മുതല്‍ സുമനസ്സുകളുടെ സ്‌നേഹത്തണലില്‍ ദിനപത്രമായി തുടര്‍ന്നു. എന്നാല്‍ ഇതേ വര്‍ഷം സെപ്തംബര്‍ 29ന് അല്‍ അമീന്‍ നിരോധിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനോട് നിസ്സഹകരിക്കാനും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ശക്തി പകരാനും ആവശ്യപ്പെട്ടുള്ള തീപാറുന്ന മുഖപ്രസംഗങ്ങള്‍ ബ്രിട്ടനെ വിറളി പിടിപ്പിച്ചതായിരുന്നു നിരോധനത്തിന് നിമിത്തമായത്. ശേഷം ഇത് പുനഃപ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല.
അല്‍ അമീന്റെ ജീവാത്മാവ് അല്‍ അമീന്‍ പ്രിന്റിങ്ങ് ആന്‍ഡ് പബ്ലിഷിങ്ങ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ കൂടിയായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബായിരുന്നു.
ശ്രീലങ്കയിലും ബര്‍മയിലും പോയി ഷെയര്‍ പിരിച്ചും മദിരാശി, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് പഴയ അച്ചടി സാമഗ്രികള്‍ സംഘടിപ്പിച്ചുമാണ് സാഹിബ് പത്രം തുടങ്ങിയതും നടത്തിയതും. ഷെയറുകള്‍ വേണ്ടത്ര കിട്ടാത്തതിനെ തുടര്‍ന്ന് പൈതൃകമായി ലഭിച്ച ഭൂസ്വത്ത് പൂര്‍ണമായും വില്‍ക്കേണ്ടിയും വന്നു അബ്ദുറഹ്മാന്.
ബ്രിട്ടീഷ് ഗവണ്‍മെന്റിനെ, വാക്കുകളില്‍ അഗ്നി പടര്‍ത്തി നേരിട്ട അല്‍ അമീനിന്റെ മുഖപ്രസംഗങ്ങള്‍ അധികാരികളുടെ പൊറുതിയും സ്വസ്ഥതയും കെടുത്തി. സര്‍ക്കാര്‍, പരസ്യങ്ങള്‍ തടഞ്ഞും കരിനിയമങ്ങള്‍വഴിയും പത്രത്തെ ഞെക്കിക്കൊല്ലാന്‍ നോക്കി. എന്നാല്‍ അല്‍ അമീനിനെ ജീവവായുവായി കണ്ടുനടന്ന അബ്ദുറഹ്മാനും വികാരമായി ഏറ്റെടുത്ത സ്വാതന്ത്ര്യദാഹികളും പത്രത്തെ താങ്ങിനിര്‍ത്തി.
ഹിന്ദു അനുകൂല പത്രമെന്ന് സാമൂഹിക വാദികളും മാപ്പിള പത്രമെന്ന് ചില ഹൈന്ദവരും വിമര്‍ശിച്ചു. തൊഴിലാളി പ്രസ്ഥാനത്തെ പിന്തുണച്ചതിനാല്‍ വലതുപക്ഷക്കാരും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മുഖം നോക്കാതെ എതിര്‍ത്തതിനാല്‍ മുസ്‌ലിം യാഥാസ്ഥിതികരും പത്രത്തിന്റെ ശത്രുപക്ഷത്തു നിന്നു.
ഇതിനിടയിലും സ്വാതന്ത്ര്യ ബോധം ഉണര്‍ത്തി ദേശീയ പ്രസ്ഥാനത്തെ ജന ഹൃദയങ്ങളിലെത്തിച്ച അല്‍ അമീന്‍ നിലനിന്നു. ഇ. മൊയ്തു മൗലവി, പി. എസ്. ഗോപാലപിള്ള, കെ. എ. ഇബ്‌റാഹീം, എരിയാട് കുഞ്ഞി മുഹമ്മദ്, എ. വി. മേനോന്‍, എസ്. കെ. പൊറ്റെക്കാട്ട് എന്നിവര്‍ സാഹിബിന്റെ സഹായികളായി അല്‍ അമീനിന് ജീവരക്തം നല്‍കിയവരാണ്.