കേരളത്തിലെ ആദ്യ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖ പത്രമായിരുന്നു അല്‍ മുര്‍ശിദ് മാസിക. അറബി-മലയാളത്തിലുള്ളതായിരുന്നു. 1935 ഫെബ്രുവരിയില്‍ തിരൂരങ്ങാടിയില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങി. കേരള മുസ്‌ലിം നവോത്ഥാനത്തില്‍ നിര്‍ണായക പങ്കു വഹിച്ച പ്രസിദ്ധീകരണമാണിത്.
അക്കാലത്തെ പ്രമുഖ പണ്ഡിതരെല്ലാം അല്‍ മുര്‍ശിദിന്റെ പുറങ്ങളെ ധന്യമാക്കിയിരുന്നു. എം. സി. സി അഹമ്മദ് മൗലവിയുടെ സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖ്യാനവും, കെ. എം മൗലവിയുടെ ഫത്‌വകള്‍, ത്വന്‍ജാ ജൗഹരിയുടെ ഖുര്‍ആനും ആധുനിക ശാസ്തവും, തുഹ്ഫത്തുല്‍ മുജാഹിദീന്റെ ഖണ്ഡശ്ശ തുടങ്ങിയവ പരമ്പരകളായി പ്രസിദ്ധീകരിച്ചു. കൂടാതെ അബുല്‍ ജലാല്‍ നദ്‌വി, അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ മൗദൂദി തുടങ്ങിയവരുടെ ലേഖനങ്ങളും നല്‍കിയിരുന്നു.
1939 ഏപ്രില്‍ ലക്കത്തോടെ അല്‍ മുര്‍ശിദ് നിലച്ചു. 1949 കെ. എം. മൗലവി വീണ്ടും പുനരാരംഭിച്ചു. ഒരു വര്‍ഷം നിലനിന്ന് വീണ്ടും നിലച്ചു.