Skip to main content

അസ്മാഅ് ബിന്‍ത് യസീദ്(റ)

നബി(സ്വ)യും സ്വഹാബിമാരും ഇരിക്കുന്ന സദസ്സിലേക്ക് ഒരിക്കല്‍ ഒരു സ്ത്രീ കയറിവന്നു. അവര്‍ പറഞ്ഞു. ''നബിയേ, ഞാന്‍ സ്ത്രീകളുടെ പ്രതിനിധിയായി വന്നതാണ്. എനിക്ക് ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ട്''. തിരുനബി(സ്വ) അനുവാദം നല്‍കി.

അവര്‍ തുടര്‍ന്നു: ''താങ്കള്‍ സ്ത്രീകളിലേക്കും പുരുഷന്മാരിലേക്കുമായി നിയോഗിക്കപ്പെട്ടതാണല്ലോ. ഞങ്ങള്‍, സ്ത്രീസമൂഹം പരിധിയും പരിമിതിയുമുള്ളവരാണ്. നിങ്ങളുടെ (പുരുഷന്മാരുടെ) വീടിന്റെ സംരക്ഷകരാണ്. വികാരം ശമിപ്പിക്കുന്നവരാണ്. മക്കളെ ഗര്‍ഭം ധരിക്കുന്നവരുമാണ്. എന്നാല്‍, പുരുഷന്മാര്‍ ഞങ്ങളേക്കാള്‍ പലതിലും ശ്രേഷ്ഠത കൈവരിക്കുന്നു. അവര്‍ ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നു. രോഗികളെ സന്ദര്‍ശിക്കുകയും ജനാസയില്‍ പങ്കെടുക്കുകയും ചെയ്യുന്നു. കൂടുതല്‍ ഹജ്ജ് നിര്‍വഹിക്കുകയും ദൈവിക മാര്‍ഗത്തില്‍ ധര്‍മയുദ്ധത്തില്‍ അണിനിരക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങളുടെ സമ്പത്തിന് കാവലായും മക്കളുടെ പരിചാരകരായും വസ്ത്രങ്ങള്‍ അലക്കിയും ഞങ്ങള്‍ വീട്ടിലിരിക്കുകയുമാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന എണ്ണമറ്റ ഈ പ്രതിഫലത്തില്‍ ഞങ്ങള്‍ക്കും പങ്ക് ലഭിക്കേണ്ടതല്ലേ?''

അവരുടെ ദീര്‍ഘമായ സംസാരംകേട്ട് പുഞ്ചിരിതൂകി തിരുനബി(സ്വ) ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു: ''ഒരു സ്ത്രീ തന്റെ മതകാര്യം ഇത്ര മനോഹരമായി അവതരിപ്പിക്കുന്നത് ഇതിനുമുമ്പ് നിങ്ങള്‍ കേട്ടിട്ടുണ്ടോ?''

''ഇല്ല ദൂതരേ,''- അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു. ശേഷം നബി(സ്വ) സ്ത്രീയുടെ നേരെ നോക്കി പറഞ്ഞു: ''സഹോദരീ, നിങ്ങള്‍ പുരുഷന്റെ ഉത്തമ പങ്കാളിയാവുക, അവന്റെ തൃപ്തിനേടുക, അവനോടൊപ്പം പിന്തുടരുക. അത് എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് തുല്യത നല്‍കും.'' തെളിഞ്ഞ മുഖവുമായി അവര്‍ പിരിഞ്ഞുപോയി.

പ്രഭാഷകയും ഹദീസ് നിവേദകയും സമരപോരാളിയുമായി ഇസ്‌ലാമിക ചരിത്രത്തില്‍ പേരെടുത്ത അസ്മാഅ് ബിന്‍ത് യസീദാ(റ)യിരുന്നു ആ വനിത.

അസ്മാഅ് ഇസ്‌ലാമിലേക്ക്

ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷികളായ യസീദുബ്‌നുസക്കനി(റ)ന്റെ മകളും ആമിറുബ്‌നു യസീദി(റ)ന്റെ സഹോദരിയുമാണ് കഥാ വനിത. ഗോത്രം ഔസ്, മദീന ജനനസ്ഥലവും. പ്രസിദ്ധ സ്വഹാബി മുആദുബ്‌നു ജബലി(റ)ന്റെ പിതൃവ്യപുത്രി കൂടിയാണ് ധിഷണയിലും ധീരതയിലും മാതൃകയായ ഈ മഹിളാരത്‌നം. ഉമ്മുസലമ, ഉമ്മു ആമിര്‍ എന്നീ വിളിപ്പേരുകളും ഇവര്‍ക്കുണ്ട്.

ഹിജ്‌റയ്ക്ക് മണ്ണൊരുക്കാന്‍ നബി(സ്വ) മദീനയിലേക്കയച്ച മിസ്അബ്(റ) വഴിയാണ് ഇവര്‍ ഇസ്‌ലാമിന്റെ വെളിച്ചം കാണുന്നത്. പ്രവാചകനുമായി ആദ്യം ഉടമ്പടി ചെയ്ത വനിത എന്ന ചരിത്രം കൂടി അസ്മാഇന്റെ പേരിലുണ്ട്.

ധീരതയാണ് അസ്മാഇന്റെ പ്രത്യേകത. ഖൈബര്‍, ഖന്‍ദഖ് യുദ്ധങ്ങളില്‍ മുഴുസമയവും പടച്ചട്ടയണിഞ്ഞു. യര്‍മൂക്കില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാനും പരിചരിക്കാനും നേതൃത്വം നല്‍കി. ഈ യുദ്ധത്തില്‍ ഒന്‍പത് റോമന്‍ സൈനികര്‍ അസ്മാഇന്റെ ഖഡ്ഗത്തിനിരയായി.

ഹുദൈബിയ സന്ധിവേളയിലും റിദ്‌വാന്‍ പ്രതിജ്ഞയിലും ഇവരുണ്ടായിരുന്നു. ഉഹ്ദില്‍ നിന്ന് മുസ്‌ലിം സൈന്യം മടങ്ങവെ പിതാവ് യസീദിന്റെയും സഹോദരന്‍ ആമിറിന്റെയും ചമരവാര്‍ത്ത അവരെത്തേടിയെത്തി. അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ''തിരുനബിക്ക് എന്തെങ്കിലും സംഭവിച്ചുവോ?'' പിന്നീട് നബി(സ്വ)യെ കണ്ട അവര്‍ ഇങ്ങനെ പറഞ്ഞു: ''നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മറ്റു ദുരന്തങ്ങളെല്ലാം എനിക്ക് നിസ്സാരമാണ്!''

81 ഹദീസുകളും അസ്മാഇ(റ)ല്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ പലതും പ്രസിദ്ധങ്ങളാണ്. അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ എന്നിവരാണ് ഇവ ഉദ്ധരിച്ചിട്ടുള്ളത്.

വിവാഹമോചിതയുടെ ഇദ്ദ സംബന്ധിച്ച ഖുര്‍ആന്‍ വചനം (അല്‍ബഖറ 228) ഇറങ്ങിയത് അസ്മാഇന്റെ വിഷയത്തിലുള്ള വിധിയായാണ്.

വാഗ്മിയായും നിവേദകയായും ധീരതയുടെ പ്രതീകമായും ജീവിച്ച ഈ മാതൃകാമഹതി ഹിജ്‌റ 70ല്‍ ദമസ്‌ക്കസില്‍ വെച്ചാണ് അന്ത്യയാത്രയായത്.
 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446