Skip to main content

ഉമ്മുകുല്‍സൂം ബിന്‍ത് ഉഖ്ബ(റ)

പതിവുപേലെ തിരുനബി(സ്വ) വീട്ടിലെത്തി. ഉമ്മുസലമയുടെ മറപറ്റി മറ്റൊരു പെണ്ണ്. സുന്ദരി, ഉന്നതകുലജാത. ''ആരാണിവള്‍?'' ''ഉഖ്ബയുടെ പുത്രി, ഉമ്മുകുല്‍സൂം''. ഉമ്മുസലമ(റ) പറഞ്ഞു. ആഗമനോദ്ദേശ്യം ആരാഞ്ഞ ദൂതരോട് ഉമ്മുകുല്‍സൂം തന്റെ കഥ പറഞ്ഞു.

മക്കയിലെ കഴുകക്കണ്ണുള്ള സഹോദരന്മാരെ വെട്ടിച്ച്, നൂറുക്കണക്കിന് കാതങ്ങള്‍ താണ്ടി ജീവന്‍ പണയെപ്പടുത്തി മദീനയിലെത്തിയ യാത്രയുടെ കഥ. മരുഭൂമിയുടെ വന്യതയിലും വെയിലിലും സുന്ദരിയായ ഒരു യുവതി അലഞ്ഞു തിരിഞ്ഞ് ഒടുവില്‍ ഹൃദയം തേടിയെത്തിയ കഥ... എല്ലാം വര്‍ഷങ്ങളായി മനസ്സില്‍ സൂക്ഷിച്ച വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച് വിശ്വാസിനിയായി ജീവിക്കാ നായിരുന്നു. ''ദൂതരേ, എന്നെ സംരക്ഷിക്കഠം.'' അവര്‍ കേണു.

എന്നാല്‍ തിരുമുഖം ദു:ഖസാന്ദ്രമായി. അവിടുന്ന് പറഞ്ഞു. ''മകളേ, ഞാന്‍ നിസ്സഹായനാണ്. ഹുദൈബിയ സന്ധി നിലനില്‍ക്കുന്നുണ്ട് വിശ്വാസിയായി മദീനയിലെത്തുന്നവരെ തിരിച്ചയക്കണ മെന്നാണ് വ്യവസ്ഥ. കാരാര്‍ ലംഘനം നമുക്ക് പാടില്ല.'' ഉമ്മുകുല്‍സൂം കരഞ്ഞു.

''ദൂതരേ, കരുത്തരായ പുരുഷന്മാരും, അബലകളായ സ്ത്രീകളും സമമാണോ?'' പുരുഷന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടും, ഞങ്ങള്‍ അബലകള്‍ക്ക് അതുമാത്രമാണോ നഷ്ടപ്പെടുക!''

നബി(സ്വ) വേദനയോടെ പിന്തിരിഞ്ഞു.

അടുത്ത ദിവസം, മദീനാ പള്ളിയിലിരിക്കെ, ദൂതരെ അന്വേഷിച്ച് രണ്ടുപേരെത്തി. ഉമ്മുകുല്‍സൂമിന്റെ, സഹോദരന്മാരായ വലീദും അമ്മാറയും. അവര്‍ക്ക് കരാര്‍ പ്രകാരം സഹോദരിയെ തിരിച്ചുവേണം. എന്നാല്‍ അപ്പോഴേക്കും സൂറ മുംതഹനയിലെ പത്താം വചനം അവതരിച്ചിരുന്നു. ''സത്യ വിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ പലായനം ചെയ്ത് നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവര്‍ സത്യവതികളാണോയെന്ന് പരീക്ഷിക്കുക. അവരുടെ വിശ്വാസത്തെക്കുറിച്ച് അല്ലാഹുവാണ് നന്നായറിയുന്നവന്‍, അവര്‍ വിശ്വാസികള്‍ തന്നെയെന്ന് ബോധ്യം വന്നാല്‍ അവിശ്വാസികളിലേക്ക് അവരെ നിങ്ങള്‍ മടക്കി അയക്കരുത്. സത്യവിശ്വാസികള്‍ നിഷേധികള്‍ക്ക് അനുവദനീയരല്ല, അവര്‍ ഇവര്‍ക്കും'' (6:10).

നബി(സ്വ)ക്ക് എന്തെന്നില്ലാത്ത സന്തോഷം നല്‍കിയ വചനമായിരുന്നു ഇത്. ഉമ്മുകുല്‍സൂം അത്രയേറെ വേദനയായിരുന്നു ദൂതര്‍ക്ക്,

''അല്ലാഹു തന്റെ അബലകളായ അടിമകളോട് കാരുണ്യം കാണിച്ചിരിക്കുന്നു. അതിനാല്‍ കരാര്‍ വ്യവസ്ഥ സ്ത്രീകള്‍ക്ക് ബാധകമല്ല''. വലീദിനെയും അമ്മാറയേയും നബി(സ്വ) അറിയിച്ചു. അവര്‍ നിരാശയോടെ മടങ്ങി. തന്റെ പ്രാര്‍ഥന കേട്ട ലോകരക്ഷിതാവിനെ സ്തുതിച്ച് ഉമ്മുകുല്‍സൂം മദീനയില്‍ തന്റെ ഇസ്‌ലാമിക ജീവിതം ആരംഭിച്ചു. കുടുംബത്തെ ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിക്കുകയും ഹിജ്‌റ പോവുകയും ചെയ്ത ഏക വനിതയാണ് ഇവര്‍.

ഖുറൈശ് ഗോത്രത്തിലെ ഉമയ്യ വംശത്തിലാണ് ഉമ്മുകുല്‍സൂം ജനിക്കുന്നത്. പിതാവ് തിരുനബിയുടെ കഠിനശത്രു. ദൂതരുടെ മുഖത്ത് തുപ്പുകയും കഴുത്തില്‍ തുണിയിട്ട് മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കുപ്രസിദ്ധനായ ഉഖ്ബത്തുബ്‌നു അബീമുഅയ്ത്വ്. മാതാവ് ഖലീഫ ഉസ്മാന്റെ ഉമ്മകൂടിയായ അര്‍വ. ഇസ്‌ലാമിന്റെ ബദ്ധവൈരികളായ വലീദും അമ്മാറയും  സഹോദരങ്ങള്‍.

നബി(സ്വ)യുടെ മക്ക ജീവിതകാലത്തുതന്നെ മനസ്സുകൊണ്ട് ഉമ്മുകുല്‍സൂം മുസ്‌ലിമായിരുന്നു. പിതാവിനെയും കുടുംബത്തെയും ഭയന്ന് മറച്ചുവെച്ചതാണ്. പിന്നീട് പിതാവ് ബദ്‌റില്‍ കൊല്ലപ്പെടു കയും സഹോദരങ്ങളുടെ സംരക്ഷണത്തില്‍ കഴിയുകയും ചെയ്യുന്നതിനിടെയാണ് മദീന ഹിജ്‌റ നടത്തിയത്. 

മുസ്‌ലിമായി മദീനയിലെത്തിയ ഉമ്മുകുല്‍സൂമി(റ)നെ സൈദുബ്‌നു ഹാരിസ വധുവാക്കി, മുഅ്ത യുദ്ധത്തില്‍ സൈദ് മരിച്ചപ്പോള്‍ വിധവയായ അവരെ സുബൈറുബ്‌നുല്‍ അവ്വാം(റ) വിവാഹം ചെയ്തു. വിവാഹമോചനം നടത്തി. അബ്ദുറഹ്മാനുബ്‌നു ഔഫാ(റ)ണ് പിന്നെ അവരെ പരിണയിച്ചത്. വീണ്ടും വിധവ. ഒടുവില്‍ അംറുബ്‌നുല്‍ ആസ്വി(റ)ന്റെ പത്‌നീപദത്തിലെത്തി. സൈനബ്, ഇബ്‌റാഹീം, ഹമീദ് എന്നീ മക്കള്‍ ജനിച്ചു.

ഹിജ്‌റ വര്‍ഷം 33ല്‍ ഉമ്മുകുല്‍സൂം വിടവാങ്ങി. 

Feedback