നബി(സ്വ)യുടെയും ഇസ്‌ലാമിന്റെയും പ്രതിയോഗിയും വാഗ്മിയുമായിരുന്ന ഖുറൈശി മുഖ്യന്‍ വലീദുബ്‌നുല്‍ മുഗീറയുടെ മകളാണ് ഫാത്വിമ. മക്ക വിജയംവരെ ഇസ്‌ലാമിന്റെ എതിര്‍പക്ഷത്തായിരുന്നു അവര്‍. സഹോദരന്‍ ഖാലിദുബ്‌നുല്‍വലീദ് ഹിജ്‌റ വര്‍ഷം എട്ടില്‍ ഇസ്‌ലാം സ്വീകരിക്കുകയും മക്ക കീഴടക്കാനുള്ള മുസ്‌ലിം സൈനിക വ്യൂഹങ്ങളിലൊന്നിന്റെ നേതൃത്വം വഹിക്കുകയും ചെയ്തു. ഇത് ഫാത്വിമയുടെ മനസ്സിലും ഇളക്കമുണ്ടാക്കി.
മക്ക വിജയാനന്തരം പ്രവാചക(സ്വ)നു മുന്നിലെത്തി ഫാത്വിമയും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ഫാത്വിമയും ഖാലിദും(റ) തമ്മില്‍ അഗാധമായ സാഹോദര്യബന്ധമുണ്ടായിരുന്നു. യുദ്ധതന്ത്രജ്ഞനായ ഖാലിദ് നിര്‍ണായകവേളകളില്‍പോലും സഹോദരിയുടെ അഭിപ്രായം തേടി.
റോമക്കാരുമായി യര്‍മൂക്കില്‍ വെച്ച് നടന്ന യുദ്ധത്തിനിടെ സര്‍വസൈന്യാധിപനായ ഖാലിദ്(റ)നെ മാറ്റി ഖലീഫ ഉമറി(റ)ന്റെ നടപടി വന്നു. വിജയഘട്ടത്തിലുള്ള ഖലീഫയുടെ തീരുമാനം ഖാലിദി(റ)നെ സങ്കടത്തിലാക്കി. ഈ ഘട്ടത്തില്‍പോലും അദ്ദേഹം സഹോദരിയുടെ അഭിപ്രായം തേടിയതായി ചരിത്രകാരന്മാര്‍ പറയുന്നു.
നബി(സ്വ)യില്‍ നിന്ന് ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട് ഫാത്വിമ. ഭര്‍ത്താവ് ഹാരിസുബ്‌നു ഹിശാമിനോടൊപ്പം ശാമിലാണ് അവസാനകാലത്ത് ഇവര്‍ ജീവിച്ചത്.