മകള്‍ക്കെതിരെ, അതും തിരുനബി(സ്വ)യുടെ ഭാര്യക്കെതിരെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ദുരാരോപണം നൊന്തുപെറ്റ ആ മാതാവിനെ സങ്കടക്കടലിലാക്കി. അത് വീട്ടിലെ പരിചാരികയില്‍ നിന്നറിഞ്ഞ അവര്‍ക്ക് ബോധക്ഷയമുണ്ടായി. പക്ഷേ, വീട്ടില്‍ രോഗിയായി കിടക്കുന്ന മകളെ അവരത് അറിയിച്ചില്ല.
എന്നാല്‍ വൈകാതെ, ആഇശ(റ) തനിക്കെതിരായ അപവാദ വിവരമറിഞ്ഞു. മകളുടെ കണ്ണീര്‍ ഉമ്മയുടെ മനസ്സിലെ മുറിവായി മാറി. ''മകളേ, ഇത് സാരമാക്കരുത്. ഭര്‍ത്താവിന്റെ സ്‌നേഹത്തില്‍ ജീവിക്കുന്ന സുന്ദരിയായ സഹപത്‌നിയെപ്പറ്റി ആളുകള്‍ പലതും പറയും.'' ആ മാതാവ് പ്രിയ മകളുടെ കവിളിലെ കണ്ണീര് തുടച്ച് സമാധാനിപ്പിച്ചു.
വേദനകള്‍ക്ക് വിരാമമായി താമസിയാതെ ദൈവവചനങ്ങളിറങ്ങി. തിരുനബി ആഇശ(റ)യെ കാണാനെത്തി. മകളേക്കാള്‍ കൂടുതല്‍ ആശ്വസിച്ചത് ഉമ്മയായിരുന്നു. എന്നാല്‍ അതുണ്ടാ ക്കിയ ഹൃദയവ്യഥയില്‍ നിന്ന് അവര്‍ മോചിതയായില്ല. വര്‍ഷം ഒന്നു തികയും മുമ്പ് അവര്‍ യാത്രയായി.
ഭാര്യാമാതാവിന്റെ മയ്യിത്ത് ഇറക്കിവെക്കാന്‍ തിരുനബി തന്നെ ഖബറിലേക്കിറങ്ങി. അടക്കം കഴിഞ്ഞ് ദൂതര്‍ കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു. ''നാഥാ, നിനക്കും നിന്റെ ദൂതര്‍ക്കും വേണ്ടി ഉമ്മുറൂമാന്‍ സഹിച്ച ത്യാഗങ്ങള്‍ നിനക്കറിയുമല്ലോ...''
ഖുറൈശ് ഗോത്രത്തിലെ കിനാന കുലത്തില്‍ ആമിറുബ്‌നു ഫുഹൈറിന്റെ മകളായി മക്കയില്‍ നിന്ന് വളരെ അകലെയുള്ള സൂറത്തില്‍ ജനിച്ച ദഅ്ദാണ് പിന്നീട് ഉമ്മുറൂമാ നായത്. ഹാരിസുബ്‌നു സഖീറായിരുന്നു ഭര്‍ത്താവ്. ഇവര്‍ മക്കയിലേക്ക് കുടിയേറിപ്പാര്‍ത്തു. തുടര്‍ന്ന് അബൂബക്‌റിന്റെ സംരക്ഷണയിലായിരുന്നു താമസം. ഇവര്‍ക്ക് തുഫൈല്‍ എന്ന മകനും ജനിച്ചു.
എന്നാല്‍ ഹാരിസ് മരിച്ചതോടെ ഉമ്മുറൂമാന്‍ ഏകയായി. സംരക്ഷണയിലുള്ള കുടുംബത്തിലെ നാഥന്‍ മരിച്ചാല്‍ വിധവയെ വിവാഹം ചെയ്യാം എന്ന രീതിയനുസരിച്ച് അബൂബക്ര്‍ ഉമ്മുറൂമാനെ ഭാര്യയാക്കി. അന്ന് അബൂബക്‌റിന് ഖുതൈല എന്ന ഭാര്യയും അവരില്‍ അബ്ദുല്ല, അസ്മാഅ് എന്നീ മക്കളുമുണ്ടായിരുന്നു.
ഉമ്മുറൂമാനും പ്രസവിച്ചു രണ്ട് പേരെ. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യും അബ്ദു റഹ്മാനും(റ).