അക്രമിയുടെ കുത്തേറ്റ് മരണം കാത്തുകിടക്കുന്ന ഉമര്‍(റ) തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനായി ആറംഗസമിതിയെ നിശ്ചയിച്ചു. ഈ സമിതിയോഗം ചേര്‍ന്ന വീടിന്റെ ഉടമ ഫാത്വിമ ബിന്‍ത് ഖൈസ് എന്ന മഹതിയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ഫാത്വിമ ബിന്‍ത് ഖൈസിന്റെ സ്ഥാനം ഇത് വിളിച്ചോതുന്നു.
ഖുറൈശി ഗോത്രത്തില്‍, ഖൈസുബ്‌നു ഖാലിദ് അല്‍ അക്ബറിന്റെ മകളായിപ്പിറന്ന ഫാത്വിമ, ബുദ്ധിയും സൗന്ദര്യവും സമന്വയിച്ചവളായിരുന്നു. ഹിജ്‌റയ്ക്കുള്ള പ്രവാചകന്റെ അനുമതി ലഭിച്ചപ്പോള്‍ തന്നെ മദീനയിലെത്തി വിശ്വാസജീവിതം നയിച്ചു ഈ മഹതി.
ഇസ്‌ലാമിക പ്രബോധനത്തില്‍ സജീവമായിരുന്നു ഇവര്‍. നബി(സ്വ)യില്‍നിന്ന് 34 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. ഇവയില്‍ ബുഖാരി-മുസ്‌ലിം ഏകോപിത നിവേദനങ്ങളുമുണ്ട്. മൂന്ന് ഹദീസുകള്‍ 'മുസ്‌ലിം' മാത്രം ഉദ്ധരിച്ചിട്ടുമുണ്ട്.
അബൂഅംറുബ്‌നു ഹഫ്‌സ്വാണ് ഫാത്വിമ ബിന്‍ത് ഖൈസിനെ ആദ്യം വിവാഹം ചെയ്തിരുന്നത്. അദ്ദേഹം വിവാഹമോചനം നടത്തിയപ്പോള്‍ രണ്ടുപേര്‍ വിവാഹാഭ്യര്‍ഥനയുമായി അവരെ സമീപിച്ചു. മുആവിയത്തുബ്‌നു അബീസുഫ്‌യാനും അബൂജഹ്മുബ്‌നു ഹുദൈഫയും.
ഇതോടെ ഫാത്തിമ ബിന്‍ത് ഖൈസ് തിരുനബിയുടെ മുന്നിലെത്തി. വിഷയമുന്നയിച്ചു. നബി(സ്വ) അവരോട് പറഞ്ഞു.
'മുആവിയ നിര്‍ധനനാണ്; അബൂജഹ്മ് വടി താഴെ വെക്കാത്തവനും. നീ, ഉസാമതുബ്‌നു സൈദിനെ ഭര്‍ത്താവായി സ്വീകരിക്കുക'. അങ്ങനെ അവര്‍ ഉസാമയുടെ വധുവായി (മുസ്‌ലിം).
ഹദീസ് ഗ്രന്ഥങ്ങളില്‍ വന്ന വിശദമായ വിവരങ്ങളിലൊന്നാണ് ഫാത്വിമ ബിന്‍ത് ഖൈസിന്റെ വിവാഹമോചനവും പുനര്‍വിവാഹവും.