Skip to main content

ഉമ്മുകുല്‍സൂം ബിന്‍ത് അലി(റ)

അലി(റ) മദീനയിലുണ്ടായിരുന്നില്ല. ഫാത്വിമ(റ)ക്ക് പ്രസവവേദന വന്നു. നബി(സ്വ)യെ ആളയച്ചുവരുത്തി. ദൂതരെത്തിയപ്പോഴേക്കും മകള്‍ പ്രസവിച്ചിരുന്നു. സുന്ദരിയായ ആ പെണ്‍കുഞ്ഞിനെ കൈയിലെടുത്ത് ദൂതര്‍ വിളിച്ചു, ഉമ്മുകുല്‍സൂം. ഫാത്വിമയുടെ മരിച്ചുപോയ സഹോദരിയുടെ അതേ പേര്. കുഞ്ഞിന് നന്മക്കായി പ്രാര്‍ഥിക്കുകയും ചെയ്തു പിതാമഹന്‍.

ബാല്യത്തില്‍ തന്നെ മാതാവ് ഫാത്വിമ മരിച്ചു. സ്‌നേഹം വഴിഞ്ഞ് നല്‍കിയിരുന്ന പിതാമഹന്‍ തിരുമേനി(സ്വ)യും ഓര്‍മയായി. എങ്കിലും അവരില്‍ നിന്ന് ലഭിച്ച വാത്സല്യവും പിതാവ് അലി(റ)യുടെ സംരക്ഷണവും ഉമ്മുകുല്‍സൂമിനെ ധന്യയാക്കി. പത്തു വയസ്സായപ്പോള്‍ തന്നെ അവര്‍ തന്റെ വ്യക്തിത്വത്തിന്റെ പ്രഭാവം കാണിച്ചുതുടങ്ങി. വിശ്വാസത്തിലും സാഹിത്യത്തിലും വ്യക്തിത്വത്തിലും ധൈര്യത്തിലും അവള്‍ പിതാവിനെപ്പോലെയായി.

ഖലീഫയായിരിക്കെ ഉമറുല്‍ഫാറൂഖാ(റ)ണ് ഉമ്മുകുല്‍സൂമി(റ)നെ വിവാഹം കഴിച്ചത്. ഇതില്‍ രണ്ട് മക്കള്‍ ജനിച്ചു. സൈദും റുഖിയ്യയും. ഉമറിന്റെ മരണശേഷം പിതൃവ്യന്‍ ജഅ്ഫറിന്റെ മകന്‍ ഔന്‍ അവരെ വിവാഹം ചെയ്തു. അലി(റ)യുടെ മരണാനന്തരവും ഏറെക്കാലം കഴിഞ്ഞാണ് ഉമ്മുകുല്‍സൂം മരിക്കുന്നത്.
 

Feedback