Skip to main content

ഫാത്വിമ ബിന്‍ത് ഉത്ബ(റ)

മക്ക മുസ്‌ലിംകള്‍ക്ക് സ്വന്തമായി. അബൂസുഫ്‌യാനും ഭാര്യ ഹിന്ദും മക്കളായ ഇക്‌രിമയടക്കമുള്ളവരും തിരുനബിയുടെ മുന്നിലെത്തി സത്യസാക്ഷ്യം ചൊല്ലി. ഹംസ(റ)യുടെ കരളെടുത്ത് കടിച്ചുതുപ്പിയ ഹിന്ദും ഇസ്‌ലാമിനെ വരിച്ച വിവരമറിഞ്ഞ സഹോദരി ഫാത്വിമയുടെ മനസ്സും മാറിത്തുടങ്ങി.

നബി(സ്വ)യെ കണ്ടതും സംസാരിച്ചതും മാന്യവും കുലീനവുമായി സ്വീകരിച്ചതും ഹിന്ദില്‍നിന്ന് കേട്ടറിഞ്ഞ ഫാത്വിമ നബി(സ്വ)യെ കാണാന്‍ ആഗ്രഹിച്ചു. ഹിന്ദ് അവളെയുംകൂട്ടി തിരുനബിയുടെ മുമ്പിലെത്തി, സംസാരിച്ചു. സത്യമതം സ്വീകരിച്ചു. തിരിച്ചിറങ്ങുമ്പോള്‍ അവള്‍ നബി(സ്വ)യോട് പറഞ്ഞു.

'പ്രവാചകരേ, താങ്കള്‍ നശിച്ചുകാണണമെന്ന് ഭൂമുഖത്ത് ഏറ്റവും കൊതിച്ചവളായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍, ലോകത്ത് മറ്റാരെക്കാളും കൂടുതല്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.'

ദൂതരുടെ മറുപടി ഇങ്ങനെയായിരുന്നു: 'സ്വന്തത്തെക്കാള്‍ ഞാന്‍ പ്രിയങ്കരനാകാതെ നിങ്ങള്‍ക്ക് വിശ്വാസിയാവാന്‍ കഴിയില്ലതന്നെ' (ഇസ്വാബ, ഇബ്‌നുഹജര്‍).

മക്കയില്‍ ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളായ ഉത്ബ, ശൈബ, അബൂസുഫ്‌യാന്‍, ഹിന്ദ്, വലീദ് തുടങ്ങിയവരുടെ നിരയിലാണ് ഉത്ബയുടെ മകളായ ഫാത്വിമയുമുണ്ടായിരുന്നത്. നബി(സ്വ)യുടെ കുടുംബമായ ബനൂഹാശിമിനോട് തീര്‍ത്താല്‍ തീരാത്ത പകയായിരുന്നു ഫാത്വിമയ്ക്ക്. അവര്‍ ഒരിക്കല്‍ പറഞ്ഞു. 

'ഹാശിം കുടുംബമേ, നിങ്ങളെന്റെ ഹൃദയത്തെ സ്‌നേഹിച്ചിട്ടേയില്ല. നോവിച്ചിട്ടേയുള്ളൂ. എന്റെ പിതാവ് ഉത്ബതുബ്‌നു റബീഅ എവിടെ? പിതൃവ്യന്‍ ശൈബ എവിടെ? സഹോദരന്‍ വലീദ് എവിടെ? (ഇവര്‍ മൂന്നുപേരും ബദ്‌റില്‍ ഹംസയുടെയും അലിയുടെയും വാളിന്നിരയായിരുന്നു.)

അലി(റ)യുടെ സഹോദരന്‍ ഉഖൈലുബ്‌നു അബീത്വാലിബ്, ഫാത്വിമയെ വിവാഹം ചെയ്തിരുന്നു. ബദ്ര്‍ ഉള്‍പ്പെടെയുള്ള യുദ്ധങ്ങളില്‍ നബി(സ്വ)യോടൊപ്പം ഇസ്‌ലാമിനുവേണ്ടി പൊരുതിയ അബൂഹുദൈഫതുബ്‌നു ഉത്ബ സഹോദരനുമാണ്.

പ്രഭാഷകയും സാഹിത്യകാരിയും കൂടിയായിരുന്നു ഫാത്വിമ.
 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446